1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2022

സ്വന്തം ലേഖകൻ: ബ്രെക്സിറ്റിൻ്റെ പ്രധാന അനന്തര ഫലമായിരുന്നു പല ബ്രിട്ടൻ്റെ പല മേഖലകളിലും അനുഭവപ്പെട്ട തൊഴിലാളി ക്ഷാമം. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായിരുന്നപ്പോള്‍, മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും, പ്രത്യേകിച്ചും പോളണ്ട് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ധാരാളമായി ഇവിടെയെത്തി പല മേഖലകളിലായി ജോലി ചെയ്തിരുന്നു.

ബ്രെക്‌സിറ്റിനു ശേഷം കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമായപ്പോള്‍ അവരില്‍ പലരും തിരിച്ചു പോവുകയായിരുന്നു. മാത്രമല്ല, കോവിഡ് പ്രതിസന്ധികാലത്ത് സ്വന്തം നാട്ടിലേക്ക് പോയവരില്‍ പലരും കര്‍ശനമായ കുടിയേറ്റ നിയമങ്ങളെ തുടര്‍ന്ന് തിരിച്ചു വരാന്‍ കഴിയാത്ത സാഹചര്യത്തിലുമായി. ഇത് കടുത്ത തൊഴിലാളിക്ഷാമത്തിന് വഴിതെളിച്ചു.

ഇത് പരിഹരിക്കുന്നതിനായി ഇപ്പോള്‍ ബ്രിട്ടന്റെ വീസ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സ്. തൊഴിലാളി ക്ഷാമം രൂക്ഷമായ മേഖലകളിലേക്ക് സുപ്രധാനമായ തസ്തികകളിലുള്ള തൊഴിലാളികള്‍ക്കായി വീസ ചട്ടങ്ങളില്‍ ഇളവുകള്‍ വരുത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നത് എന്ന് ഫിനാന്‍ഷ്യന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടിയേറ്റത്തെ നിരുത്സാഹപ്പെടുത്തണം എന്ന് അഭിപ്രായമുള്ള ചില സഹ മന്ത്രിമാരുടെ ആഗ്രഹത്തിനു വിരുദ്ധമായി ചില മേഖലകളിലെങ്കിലും കുടിയേറ്റ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുവാനാണ് ഇപ്പോള്‍ ലിസ് ട്രസ്സ് പരിശ്രമിക്കുന്നത്. ബ്രോഡ്ബാന്‍ഡ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രിട്ടനിലേക്ക് നൈപുണ്യമുള്ള തൊഴിലാളികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഇളവുകള്‍ വരുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. അതുപോലെ തൊഴിലാളി ക്ഷാമം ഗുരുതരമായ നിലയിലുള്ള മേഖലകളെ പരാമര്‍ശിക്കുന്ന ഷോര്‍ട്ടേജ് ഒക്കുപന്റ് ലിസ്റ്റ് വിപുലീകരിക്കുന്നതും പരിഗണനയിലുണ്ടെന്ന് അറിയുന്നു. ഇത് ചെയ്താല്‍ കൂടുതല്‍ മേഖലകള്‍ക്ക് വിസചട്ടത്തിലെ ഇളവുകളോടെ കൂടുതല്‍ വിദേശ തൊഴിലാളികളെ കൊണ്ടു വരാന്‍ കഴിയും എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ചുകൊണ്ട് മറ്റൊരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടിയേറ്റ നിയമങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ഞായറാഴ്ച്ച ബി ബി സിയില്‍ നടന്ന ഒരു പരിപാടിയില്‍ ചോദിച്ചപ്പോള്‍, ഇളവുകളല്ല, യു കെ യ്ക്ക് ഉപകാര പ്രദമാകുന്ന രീതിയില്‍ കുടിയേറ്റം മാറ്റുവാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്നായിരുന്നു ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് പറഞ്ഞത്. ഷോര്‍ട്ടേജ് ഒക്കുപേഷന്‍ ലിസ്റ്റില്‍ കൂടുതല്‍ വിഭാഗങ്ങള്‍കൂട്ടിച്ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വരുന്ന ആഴ്ച്ചകളിലിന്റീരിയര്‍ മിനിസ്റ്റര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വ്യവസ്ഥയില്‍ വളര്‍ച്ച ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. അതിന് തൊഴിലാളികളുടെ ക്ഷാമം ഒരു വന്‍ പ്രതിബന്ധം തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയാണ് ഇപ്പോള്‍ പ്രധാനമായും തൊഴിലാളി ക്ഷാമത്തില്‍ കഷ്ടപ്പെടുന്നത്. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, പബ്ബുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വിദേശ തൊഴിലാളികള്‍ക്ക് ധാരാളം അവസരങ്ങള്‍ തുറന്നു കിട്ടിയേക്കും. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിലുള്ള നിബന്ധനയില്‍ ഉള്‍പ്പടെവീസ ചട്ടങ്ങളില്‍ അയവു വരുത്തുകയാണെങ്കില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യാക്കാര്‍ക്ക് മുന്‍പില്‍ ധാരാളം അവസരങ്ങളായിരിക്കും തുറക്കപ്പെടുക.

അടുത്തയിടെ ഈ മേഖലയിലേക്ക് വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുവാനായി ചില ഇളവുകള്‍ വീസ നിയന്ത്രണങ്ങളില്‍ വരുത്തിയിരുന്നു.ഇനിയും കൂടുതല്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കാര്‍ഷിക മേഖലയാണ് തൊഴിലാളി ക്ഷാമം നേരിടുന്ന മറ്റൊരു മേഖല. വലിയ വിദ്യാഭ്യാസ യോഗ്യതകള്‍ ഒന്നും ആവശ്യമില്ലാത്ത ഫ്രൂട്ട് പ്ലക്കര്‍ തുടങ്ങിയ ജോലികള്‍ക്കും നിരവധി സാധ്യതകള്‍ യൂറോപ്പ് ഒഴിച്ചുള്ള രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് മുന്‍പില്‍ വരികയാണ്.

ഐ. ടി, ചില്ലറ വില്പന മേഖല, ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളിലും തൊഴില്‍ ക്ഷാമം രൂക്ഷമാണ്. പല സൂപ്പര്‍മാര്‍ക്കറ്റുകളും വര്‍ഷത്തില്‍ രണ്ടു തവണ വരെ ശമ്പള വര്‍ദ്ധനവ് നല്‍കിയും പ്രത്യേക ബോണസ്സുകള്‍ നല്‍കിയും നിലവിലുള്ള തൊഴിലാളികളെ പിടിച്ചു നിര്‍ത്തുന്നതിനൊപ്പം പുതിയ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനും ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

അത്തരമൊരു സാഹചര്യത്തില്‍ ഈ മേഖലകളിലും ഇന്ത്യാക്കാര്‍ക്ക് ധാരാളം അവസരങ്ങള്‍ പ്രതീക്ഷിക്കാം. മറ്റൊന്ന് ഹെല്‍ത്ത് കെയര്‍ മേഖലയാണ്. ഇതിനോടകം തന്നെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം സംബന്ധിച്ച നിബന്ധനകള്‍ ഉള്‍പ്പടെയുള്ളവയില്‍ ധാരാളം ഇളവുകള്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ഇതുടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രെക്‌സിറ്റിനു ശേഷം വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉണ്ടാക്കുവാനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍. അതില്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് ഇന്ത്യയ്ക്കാണു താനും. ഇന്ത്യയുമായുള്ള വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഫോറിന്‍ ട്രേഡ് സെക്രട്ടറിയായിരിക്കെ ലിസ് ട്രസ്സ് കൂടി മുന്‍കൈ എടുത്തിട്ടായിരുന്നു ഇത്തരമൊരു കരാര്‍ നിലവില്‍ വന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്കുള്ള പ്രാധാന്യം ഇനിയും തുടരും എന്ന് ഉറപ്പാക്കാം.അതുകൊണ്ടു തന്നെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും പ്രത്യേക പരിഗണന ലഭിക്കും എന്നുള്ളത് ഉറപ്പാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.