1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2022

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ധനമന്ത്രി ക്വാസി ക്വാർടെങ് പുറത്ത്. പകരം മുൻവിദേശകാര്യമന്ത്രി ജെറമി ഹണ്ടിനെ ധനമന്ത്രിയായി പ്രധാനമന്ത്രി ലിസ് ട്രസ് നിയമിച്ചു. മിനിബജറ്റിലെ നികുതി ഇളവുകളുടെ പ്രഖ്യാപനം സാമ്പത്തികരംഗത്തുണ്ടാക്കിയ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണു ആറാഴ്ച തികയും മുൻപ് ക്വാർട്ടെങ്ങിനു സ്ഥാനം നഷ്ടമായത്.

വാഷിങ്ടനിൽ ഐഎംഎഫ് യോഗത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട ധനമന്ത്രിയെ തിരിച്ചുവിളിച്ചു പ്രധാനമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. ധനസഹമന്ത്രി ക്രിസ് ഫിലിപ്പും പുറത്തായി. പകരം എഡ്വേഡ് ആർഗർ നിയമിതനായി. ആരോഗ്യവകുപ്പും കൈകാര്യം ചെയ്തിട്ടുള്ള ഹണ്ട്, പാർട്ടി നേതൃമത്സരത്തിൽ ട്രസിന്റെ എതിരാളി ഋഷി സുനകിനെയായിരുന്നു പിന്തുണച്ചത്.

നികുതിഇളവുകൾക്കെതിരെ കൺസർവേറ്റീവ് പാർട്ടിയിൽ തന്നെ വലിയ വിമർശനം ഉയർന്നതോടെ പ്രഖ്യാപനങ്ങളിലേറെയും പിൻവലിക്കുമെന്നും ട്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഇളവു ചെയ്ത കോർപറേറ്റ് നികുതി ഉയർത്തുമെന്നും പറഞ്ഞു. ആഗോള വിപണിയിലും പ്രത്യാഘാതമുണ്ടാക്കിയ ധനനയത്തിൽനിന്നു സർക്കാർ പിന്നാക്കം പോകുന്നതിനിടെ, ട്രസിനെ നീക്കം ചെയ്തു ഋഷി സുനകിനെ നേതാവായി കൊണ്ടുവരാൻ വിമതർ നീക്കം തുടങ്ങിയതായി റിപ്പോർട്ടുണ്ട്.

ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയായി ലിസിന്റെ റേറ്റിംഗ് കുത്തനെ ഇടിഞ്ഞു. ജനപ്രിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ ലിസ് ട്രസ്സ് സിദ്ധാന്തങ്ങള്‍ക്കും പ്രായോഗികതയ്ക്കും ഇടയില്‍ പെട്ട് വലയുകയാണ്. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ പ്രധാന എതിരാളിയായിരുന്ന ഋഷി സുനാകിന്റെ വാക്കുകള്‍ സത്യമായി ഭവിക്കുന്നു എന്ന് ഞെട്ടലോടെ തിരിച്ചറിയുകയാണ് ഋഷി സുനാകിന്റെ എതിരാളികള്‍ പോലും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.