1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2021

സ്വന്തം ലേഖകൻ: ലണ്ടൻ ഉൾപ്പെടെയുള്ള 13 നഗരങ്ങളിലെ മേയർ സ്ഥാനങ്ങളിലേക്കും ഇംഗ്ലണ്ടിലെ പ്രാദേശിക കൗണ്ടി കൗൺസിലുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ ലേബർ കോട്ടകൾ വെട്ടിപ്പിടിച്ച് ടോറികൾ. ലണ്ടൻ മേയർ തിരഞ്ഞെടുപ്പിൽ ലേബർ സ്ഥാനാർഥിയും നിലവിലെ മേയറുമായ സാദിഖ് ഖാനും കൺസർവേറ്റീവ് സ്ഥാനാർഥി ഷോൺ ബെയ്‍ലിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഇന്ന് ഉച്ചയോടയേ അന്തിമ ഫലം പുറത്തു വരൂ.

ലണ്ടൻ മേയർ തിരഞ്ഞെടുപ്പിൽ അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ മേയർ സാദിഖ് ഖാൻ ടോറി സ്ഥാനാർഥി ഷോൺ ബെയ്ലിയിൽനിന്നും കനത്ത മൽസരമാണ് നേരിടുന്നത്. ബോറിസ് ജോൺസൺ മേയർ സ്ഥാനം ഒഴിഞ്ഞശേഷം നടന്ന തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ സാദിഖ് ഖാൻ തുടച്ചയായ മൂന്നാം വിജയം തേടിയാണ് ഗോദയിൽ ഇറങ്ങിയത്. എന്നാൽ ലേബറിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും സാദിഖിന് വോട്ടു കുറയുന്ന കാഴ്ചയായിരുന്നു വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ.

എസെക്സിലെ ലൗട്ടൺ സിറ്റി കൗൺസിലിലേക്ക് മലയാളിയായ ഫിലിപ്പ് ഏബ്രഹാം മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ലൗട്ടൺ സിറ്റി കൗൺസിലിൽ ഡെപ്യൂട്ടി മേയറായും മേയറായും പ്രവർത്തിച്ചിട്ടുള്ള ഫിലിപ്പ് ഏബ്രഹാം അൽഡേർട്ടണിൽ നിന്നു ലൗട്ടൺ റസിഡൻസ് അസോസിയേഷന്റെ പിന്തുണയോടെ സ്വതന്ത്രനായാണു മൂന്നാമതും വിജയിച്ചത്. 2012ലും 2016ലും സമാനമായ രീതിയിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017-18 കാലയളവിലായിരുന്നു മേയറായി സേവനം അനുഷ്ഠിച്ചത്.

പത്തനംതിട്ട വയലത്തല പള്ളിയ്ക്കൽ വീട്ടിൽ ഫിലിപ്പ് ഏബ്രഹാം യുകെ- കേരളാ ബിസിനസ് ഫോറത്തിന്റെ സ്ഥാപക അംഗവും കേരളാ ലിങ്ക് പത്രത്തിന്റെ എഡിറ്ററുമാണ്. മലയാളി കൂട്ടായ്മകളിലെല്ലാം സജീവ സാന്നിധ്യമായ ഫിലിപ്പ് ഏബ്രഹാമിന്റ വിജയം ലണ്ടൻ മലയാളികൾക്കും ആഘോഷമായി.

അതേസമയം സ്കോട്ടീഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലേബർ, ടോറി പാർട്ടികളെ ബഹുദൂരം പിന്നിലാക്കി സ്കോട്ടീഷ് നാഷണൽ പാർട്ടി മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. ആകെയുള്ള 129 സീറ്റിൽ ഇതുവരെ ഫലം പ്രഖ്യാപിച്ച 45ൽ 37ഉം നേടിയാണ് എസ്എൻപിയുടെ മുന്നേറ്റം. ടോറികൾക്ക് മൂന്നും ലേബറിന് ഒരു സീറ്റുമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്കു നാലു സീറ്റ് ലഭിച്ചിട്ടുണ്ട്.

വെയിൽസ് പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ലേബറിനാണു മുന്നേറ്റം. 60 സീറ്റിൽ ഇതുവരെ ഫലം പ്രഖ്യാപിച്ച 32 എണ്ണത്തിൽ 21 സീറ്റും ലേബറിനാണ്. കൺസർവേറ്റീവിന് ഏഴു സീറ്റേ ഉള്ളൂ. ഇവിടെയെല്ലാം ഇന്നു രാവിലെയോടെയേ വോട്ടെണ്ണൽ പൂർത്തിയാകൂ.

ഇംഗ്ലണ്ട് കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ ഇതുവരെ ഫലം പ്രഖ്യാപിച്ച 72 ഇടങ്ങളിൽ ലേബറും ടോറിയും 30 കൗൺസിലുകൾ വീതം സ്വന്തമാക്കിയിട്ടുണ്ട്. 12 ഇടങ്ങളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ടോറികൾക്ക് ഇതുവരെ ലഭിച്ചത് 1075 കൗൺസിലർമാരെയാണ്. ലേബറിന് 764ഉം. ലേബർ പാർട്ടിയുടെ നിറം മങ്ങിയ പ്രകടനം പ്രതിപക്ഷ നേതാവ് കീർ സ്റ്റാമറിനും കനത്ത തിരിച്ചടിയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.