
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ റെഡ്ഡിങ്ങിൽ ക്യാൻസർ ബാധിച്ച് മലയാളി യുവതി മരിച്ചു. ഇടുക്കി കട്ടപ്പന സ്വദേശിനി റെയ്ച്ചൽ സുനിലാണ് മരിച്ചത്. 33 വയസായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ബ്രിട്ടനിൽ ക്യാൻസർ മൂലം മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് റെയ്ച്ചൽ. രണ്ടാഴ്ച മുമ്പാണ് റെയ്ച്ചലിനെ കടുത്ത വയറുവേദനയെത്തുടർന്ന് കേംബ്രിഡ്ജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് ക്യാൻസർ സ്ഥിരീകരിച്ചത്. ഏതാനും ദിവസം മുമ്പ് ആശുപത്രിയിൽനിന്നും വീട്ടിലെത്തി വിശ്രമത്തിൽ കഴിയവേയാണ് ചൊവ്വാഴ്ച രാത്രി മരണം സംഭവിച്ചത്. തിരുവനന്തപുരം സ്വദേശിയായ സുനിലാണ് ഭർത്താവ്.
ഇടുക്കി കട്ടപ്പന സ്വദേശി തുണ്ടത്തിലേട്ട് ടി.എസ്. ബേബിയുടെയും മണി ടീച്ചറുടെയും മകളാണ്. റെയ്ച്ചലിനെയും ഭർത്താവിനെയും സന്ദർശിക്കാൻ കഴിഞ്ഞവർഷം ഇതേസമയം മാതാപിതാക്കൾ ബ്രിട്ടനിൽ എത്തിയിരുന്നു. റെയ്ച്ചലിന്റെ സഹോദരിമാർ ഇരുവരും അമേരിക്കയിലാണ്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
റെയ്ച്ചലിന്റെ അകാല വിയോഗത്തിൽ യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അുശോചിച്ചു.
ഇറ്റലിയിൽ ത്രിതല സോൺ സംവിധാനവും രാത്രി കർഫ്യൂവും
ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നിങ്ങനെ ത്രിതല സോൺ സംവിധാനം ഏർപ്പെടുത്തി കൊറോണ വൈറസ് വ്യാപനം പിടിച്ചുകെട്ടാൻ ഇറ്റലി. പുതിയ അടിയന്തര ഉത്തരവിന്റെ ഭാഗമായി രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തി. പ്രധാനമന്ത്രി ജൂസപ്പെ കോൺതെ ഒപ്പിട്ട ഉത്തരവ് പ്രകാരം നവംബർ അഞ്ച് ഡിസംബർ മൂന്നു വരെ കർഫ്യൂ പ്രാബല്യത്തിലുണ്ടാവും.
പുതിയ ഉത്തരവനുസരിച്ച് രാജ്യത്തെ, ചുവപ്പ് (ഉയർന്ന അപകടസാധ്യത), ഓറഞ്ച് (ഇടത്തരം അപകട സാധ്യത), മഞ്ഞ (സുരക്ഷിതമായത്) എന്നിങ്ങനെ മൂന്ന് മേഖലകളായി വിഭജിക്കും. ഓരോ സോണിലും രോഗവ്യാപനത്തിൻ്റെ ഗൗരവമനുസരിച്ച് നടപടിക്രമങ്ങളിൽ വ്യത്യാസമുണ്ടായിരിക്കും. റെഡ് സോണുകൾക്കായി പ്രാദേശിക ലോക്ക്ഡൗണുകൾ ഏർപ്പെടുത്തും. അവിടെനിന്ന് പുറത്തേയ്ക്കും അകത്തേയ്ക്കും പ്രവേശനത്തിന് വിലക്കുണ്ടാകും.
ജോലി, ആരോഗ്യ സംബന്ധമായ യാത്ര, കുട്ടികളെ സ്കൂളിൽ കൊണ്ടുപോവുക എന്നിവയ്ക്കല്ലാതെയുള്ള എല്ലാ യാത്രകളും റെഡ് സോണിൽ നിരോധിക്കും. ഈ മേഖലയിൽ ബാറുകൾ, പബ്ബുകൾ, റസ്റ്ററന്റുകൾ എന്നിവയടക്കം ഒട്ടുമിക്ക കടകളും അടച്ചുപൂട്ടും. ഫുഡ് ഷോപ്പുകൾ, ഫാർമസികൾ, ഹെയർഡ്രസിങ് സെന്ററുകൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും.
ജോലി, പഠനം, ആരോഗ്യം, അത്യാവശ്യ കാരണങ്ങൾ എന്നിവയൊഴികെ പകൽ സമയത്ത് പൊതു – സ്വകാര്യ ഗതാഗതം ഒഴിവാക്കണമെന്നും നിർദേശമുണ്ട്. രാത്രി 10 നും പുലർച്ചെ അഞ്ചിനും ഇടയിൽ വീടിനു പുറത്തിറങ്ങണമെങ്കിൽ, എന്ത് ആവശ്യത്തിനായിട്ടാണ് പോകുന്നതെന്ന് രേഖപ്പെടുത്തിയ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കൈവശം കരുതണം.
നിലവിൽ ലോംബാർഡിയ (മിലാൻ), പിയമോൺതെ (ടൂറിൻ), കാലാബ്രിയ എന്നിവിടങ്ങൾ റെഡ് സോണിനു കീഴിലാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം മൂലം ഇതിനകം ദുർബലമായ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തകർക്കുന്ന നിലയിൽ പുതിയ ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല