സ്വന്തം ലേഖകൻ: ഡെവണിലെ സീറ്റണില്‍ മലയാളി യുവാവിനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ ടോണി സക്കറിയയെ (39) ആണ് ഇന്ന രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുപ്രായത്തില്‍ ഉള്ള കുട്ടികള്‍ രണ്ടും വീട്ടില്‍ ഉണ്ടായിരുന്നതിനാലാണ് മരണ വിവരം നിമിഷ വേഗത്തില്‍ നാട്ടിലെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക് അറിയാനായതും.
കുട്ടികള്‍ നാട്ടിലേക്ക് വീഡിയോ കോള്‍ വിളിച്ചപ്പോളാണ് ബന്ധുക്കള്‍ ടോണിയുടെ മരണ വിവരം അറിഞ്ഞത് എന്നാണ് പ്രാഥമിക വിവരം. ഭാര്യ ജിയ കെയര്‍ ഹോമില്‍ ജോലിക്ക് പോയ സമയത്താണ് സംഭവം. വെറും മൂന്നു മാസം മാത്രമേ ആയിട്ടുള്ളൂ ടോണി യുകെയില്‍ എത്തിയിട്ട്. എന്നാല്‍ ജിയ യുകെയില്‍ എത്തിയിട്ട് ആറുമാസത്തില്‍ അധികം ആയെന്നും പ്രദേശ വാസികള്‍ പറയുന്നു. നാട്ടില്‍ ഒറ്റയ്ക്കായി പോയ കുട്ടികളെ കൊണ്ടുവരാന്‍ പോയി ടോണി മടങ്ങി എത്തിയതും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്.
ടോണിയുടെ സഹോദരിമാരും സഹോദരനും ഒക്കെ യുകെയില്‍ തന്നെ ആണെന്നാണ് ലഭ്യമാകുന്ന വിവരം. ഇവരൊക്കെ ഇപ്പോള്‍ സീറ്റണില്‍ എത്തിയിട്ടുണ്ട്. പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയാണ്. വിവരം അറിഞ്ഞു പാരാമെഡിക്കല്‍ സംഘം എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം എക്സിറ്റര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
സഹോദരിമാര്‍ അടക്കം ഉള്ള ബന്ധുക്കളെ മൃതദേഹം കാണിച്ചു തിരിച്ചറിയല്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ക്നാനായ യാക്കോബായ കമ്മ്യൂണിറ്റിയിലാണ് ടോണിയും കുടുംബവും ഉള്‍പ്പെട്ടിരുന്നത്. ടോണി യുകെയില്‍ എത്തിയിട്ട് അധിക നാള്‍ ആയില്ലെങ്കിലും സൗമ്യ സ്വഭാവക്കാരന്‍ എന്ന നിലയില്‍ വേഗത്തില്‍ പ്രദേശത്തുള്ള ഒട്ടേറെ മലയാളികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. വിദേശതും സ്വദേശത്തും കഠിന പരിശ്രമിയും കുടുംബ സ്നേഹിയുമായ യുവാവ് എന്ന നിലയിലാണ് പ്രദേശത്തുള്ളവര്‍ ടോണിയെ കണ്ടിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല