സ്വന്തം ലേഖകൻ: കെട്ടിട ലൈസന്‍സിനായി കോട്ടയത്ത് റോഡില്‍ കിടന്ന് സമരം ചെയ്ത പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജിനെതിരെ കേസ്. പഞ്ചായത്ത് വളപ്പില്‍ അതിക്രമിച്ചുകയറി സമരം ചെയ്തതിനാണ് കേസ്. അദ്ദേഹം യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കി.
ഗതാഗത തടസവും പൊതുജനങ്ങള്‍ക്ക് സഞ്ചാരതടസവും സൃഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആർ. സമരം നടന്ന ഏഴാം തീയതി തന്നെ പോലീസ് കേസെടുത്തിരുന്നു. എന്നാൽ, വെള്ളിയാഴ്ചയാണ് (17-11-2023) സ്റ്റേഷനിൽ ഹാജരാകണമെന്ന് വാട്സാപ്പ് സന്ദേശം ലഭിക്കുന്നത്. യുകെയിലായതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും വിഷയത്തിൽ ഷാജിമോൻ പ്രതികരിച്ചു.
അതേസമയം, സ്വാഭാവികമായ നടപടിക്രമം മാത്രമാണ് നിലവിൽ എടുത്തിരിക്കുന്ന കേസെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. കെട്ടിട നമ്പര്‍ നിഷേധിക്കുന്നെവെന്ന് ആരോപിച്ച് ഷാജിമോന്‍ ആഴ്ചകൾക്ക് മുമ്പ് പഞ്ചായത്തിന് മുന്നിൽ സത്യഗ്രഹം നടത്തിയിരുന്നു. കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലന്‍സിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ കെട്ടിട നമ്പര്‍ നിഷേധിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
നിര്‍മാണ അനുമതി നല്‍കാന്‍ കൈക്കൂലിയായി 20,000 രൂപയും വിദേശമദ്യവും ആവശ്യപ്പെട്ട മാഞ്ഞൂര്‍ പഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയറെ ഇക്കഴിഞ്ഞ ജനുവരിയിലാണ് ഷാജിമോന്‍ വിജിലന്‍സിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്.
സ്വന്തം നാട്ടില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും ഉദ്യോഗസ്ഥര്‍ വഴിമുടക്കി നില്‍ക്കുകയാണ്. വ്യവസായ മന്ത്രിയുടെ ഓഫീസിനെ പോലും തെറ്റിദ്ധരിപ്പിച്ചാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ ബുദ്ധിമുട്ടിക്കുന്നതെന്നും ഷാജിമോന്‍ ആരോപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല