
സ്വന്തം ലേഖകൻ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി നഴ്സിന്റെ മരണം. യുകെ വെസ്റ്റ് മിഡ്ലാൻഡ്സിലെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സ് ആയ തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി എം.എസ് അരുൺ (33) ആണു വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് എത്തേണ്ട അരുൺ ഹോസ്പിറ്റലിൽ എത്താതായതോടെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ പൊലീസിനെ ബന്ധപ്പെടുക ആയിരുന്നു.
ഇതേതുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞു പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് അരുണ്‍ മരിച്ചതായി കണ്ടെത്തുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ ചെവിയിൽ ഹെഡ്സെറ്റ് വച്ചു പാട്ട് കേൾക്കുന്ന നിലയിലായിരുന്നു. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാകാം മരണ കാരണമെന്നാണു പ്രാഥമിക നിഗമനം.
അരുണ്‍ ഒന്നര വര്‍ഷം മുന്‍പാണു കവന്ററിയിൽ എത്തിയത്. നഴ്സായ ഭാര്യ ആര്യക്കും അരുൺ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ഈ അടുത്ത് ജോലി കിട്ടിയിരുന്നു. ഇതേ തുടർന്ന് ആര്യയും മൂന്ന് വയസുള്ള കുഞ്ഞും കവന്ററിയിൽ എത്താനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്റെ വീസ നടപടികൾ പുരോഗമിക്കവേയാണ് അരുണിന്റെ മരണം. കവന്ററി ഹോസ്പിറ്റലിൽ ഐടിയു വിഭാഗത്തിൽ നഴ്സ് ആയിരുന്നു അരുൺ.
തിരുവനന്തപുരം അമരവിള ഉദിയൻകുളങ്ങര ഇളങ്കം ലെയിൻ അരുണിമയിൽ മുരളീധരൻ നായർ, കുമാരി ശാന്തി എന്നിവരാണ് മാതാപിതാക്കൾ. എം.എസ് ആതിര സഹോദരിയും. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. മൃതദേഹം നാട്ടിൽ എത്തിക്കുന്നത് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി കവന്ററി കേരള കമ്മ്യൂണിറ്റി പ്രവർത്തകരും സുഹൃത്തുക്കളും ക്രമീകരണങ്ങൾ നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല