
സ്വന്തം ലേഖകൻ: യുകെയിൽ എസ്സെക്സിന് സമീപം ബാസില്‍ഡനിൽ അന്തരിച്ച മുതിര്‍ന്ന മലയാളി നഴ്സുമാരില്‍ ഒരാളായിരുന്ന ജോളി കുരുവിളക്ക് ഇന്നു പ്രാദേശിക മലയാളി സമൂഹം അന്തിമാഞ്ജലികൾ നൽകും. ബാസില്‍ഡനിലെ ആദ്യകാല മലയാളിയായ എബ്രഹാം കുരുവിളയുടെ ഭാര്യയും മലയാളി സമൂഹത്തിനു പ്രിയപ്പെട്ട ചേച്ചിയും ആയിരുന്ന ജോളി, എൻഎച്ച്എസിലെ മുതിര്‍ന്ന പദവിയുള്ള നഴ്‌സ് ആയിരുന്നു. സഹപ്രവര്‍ത്തകര്‍ക്കു പോലും അവിശ്വസനീയമായ ജോളിയുടെ മരണം കുടുംബത്തിനും പ്രാദേശിക മലയാളി സമൂഹത്തിനും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.
ഡിസംബര്‍ 13 ചൊവ്വാഴ്ചയാണ് ചികിത്സയ്ക്കിടയിൽ ജോളി അന്തരിച്ചത്. മൃതദേഹത്തിന്റ പൊതുദർശനം ഇന്ന് ബസില്‍ഡണ്‍ വിഖയിലെ ഹോളി ട്രിനിറ്റി പള്ളിയിൽ(Post Code: SS15 5AD) ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെ നടക്കും. പൊതു ദർശനത്തോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾ ഉച്ചയ്ക്ക് 12.15 ന് ആരംഭിക്കും. റിട്ടയര്‍മെന്റിനെ കുറിച്ചൊക്കെ സ്വപ്നം കണ്ടു നാട്ടില്‍ വിശ്രമ ജീവിതത്തിനായി വീടൊക്കെ പണിതു കാത്തിരിക്കുന്നതിനിടയിലാണു ജോളിയെ തേടി മരണമെത്തുന്നത്.
ഏക മകന്‍ കാനഡയില്‍ ജോലി തേടി പോയതിനാല്‍ അടുത്തെത്തിയ റിട്ടയര്‍മെന്റ് പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങാം എന്നതായിരുന്നു ജോളിയുടെയും ഭര്‍ത്താവ് എബ്രഹാം കുരുവിളയുടേയും സ്വപ്നം.
അവസാന യാത്രയ്ക്കു വേണ്ടി പുതുതായി പണികഴിപ്പിച്ച വീട്ടിലേക്കു എത്തുക എന്നതായിരുന്നു വിധി ജോളിക്കായി ഒരുക്കിയ നിയോഗം. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
ബുധനാഴ്ച രാവിലെ എട്ടുമണിക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ മൃതദേഹം കൊച്ചിയിലെത്തും. തുടര്‍ന്ന് സ്വദേശമായ ആലപ്പുഴയിലേക്കു കൊണ്ടുപോകുന്ന മൃതദേഹം അന്നു തന്നെ നാലുമണിയോടെ ചാത്തനാട് ഹോളി ഫാമിലി ദേവാലയത്തിലെ കല്ലറയില്‍ സംസ്‌കരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല