1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2023

സ്വന്തം ലേഖകൻ: മലയാളി നഴ്സുമാരെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനായി യു കെയില്‍ പുതിയ സംഘടന. അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്‌സസ് (എ എസ് കെഇ എന്‍ ) എന്ന പേരില്‍ ആണ് ഒരു പുതിയ ഗ്രൂപ്പ് ജൂണില്‍ ആരംഭിക്കുന്നത്. നഴ്സുമാരെ പ്രമോഷനുകള്‍ക്കായി അപേക്ഷിക്കുന്നതിനും, കേരളത്തില്‍ നിന്നും പുതുതായി വരുന്നവര്‍ക്ക് മെന്ററിംഗും മറ്റ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും, നേതൃസ്ഥാനങ്ങളില്‍ ഇതിനകം ഉള്ളവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനും ഈ സംഘടന സഹായിക്കും.

എന്‍എച്ച്എസ് ജീവനക്കാരുടെ വലിയൊരു ഭാഗം മലയാളി നഴ്സുമാര്‍ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും, തീരുമാനമെടുക്കുന്ന തലങ്ങളില്‍ അവര്‍ക്കു വേണ്ടത്ര പ്രാതിനിധ്യം ഇല്ലെന്ന പരാതിയുണ്ട്. ഇത് പരിഹരിക്കാന്‍ കൂടിയാണ് പുതിയ സംഘടന ലക്ഷ്യമിടുന്നത്.

യുകെ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ നഴ്‌സുമാരെ ഇതിനകം പ്രതിനിധീകരിക്കുന്ന നിലവിലുള്ള സംഘടനകളുമായി പൂര്‍ണ്ണമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് എ എസ് കെഇ എന്‍ വ്യക്തമാക്കി. ജൂണ്‍ 8 ന് ഹൗസ് ഓഫ് കോമണ്‍സില്‍ വെച്ച് ഈ സംഘടന ഔദ്യോഗികമായി ആരംഭിക്കും.

ഉദ്ഘാടന ചടങ്ങില്‍ ഇംഗ്ലണ്ടിലെ ചീഫ് നഴ്സിംഗ് ഓഫീസറായ ഡേമ് രൂത്ത്, ഡെപ്യൂട്ടി ചീഫ് ഓഫീസറായ ഡങ്കന്‍ ബര്‍ട്ടന്‍, എന്‍ എം സി അസിസ്റ്റന്റ് ഡയറക്ടര്‍ സാമന്ത ഡോണോഹ്യു, ഫ്ലോറന്‍സ് നൈറ്റിംഗില്‍ ഫൗണ്ടേഷന്‍ ആഗോള മേധാവി ജെന്നിഫര്‍ ക്യാഗുവ തുടങ്ങിയവര്‍ പങ്കെടുക്കും. പുതിയ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി 12 വര്‍ഷങ്ങളായി യുകെയില്‍ നഴ്സ് ആയി പ്രവര്‍ത്തിക്കുന്ന മലയാളി ബിജോയ് സെബാസ്റ്റ്യനാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

എന്‍എച്ച്എസിലെ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സീനിയര്‍ മാനേജ്‌മെന്റിലുള്ള നഴ്സുമാരുടെ എണ്ണം വളരെ കുറവാണെന്ന് ബിജോയ്‌ വ്യക്തമാക്കി. എന്നാല്‍ ഉര്‍ന്ന പദവിയില്‍ എത്തിയിരിക്കുന്നവര്‍ക്ക് ആവശ്യമായ പിന്തുണയും ലഭ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ ഇത്തരം ഒരു സംഘടന മലയാളി നഴ്സുമാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറയുന്നു.

കേരളത്തില്‍ നിന്ന് പുതുതായി വരുന്നവര്‍ക്ക് ഗ്രൂപ്പില്‍ അംഗത്വം നല്‍കുവാന്‍ പരമാവധി ശ്രമിക്കും എന്നും അവരെ ആവശ്യമായ എല്ലാ ഘട്ടങ്ങളിലും സഹായിക്കുമെന്നും സംഘടന അധികൃതര്‍ വ്യക്തമാക്കി. കേരളത്തിലെ നഴ്‌സുമാര്‍ക്ക് ‘ദേശീയവും തന്ത്രപരവുമായ’ ശബ്ദം നല്‍കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും എന്‍എച്ച്എസ് ഇംഗ്ലണ്ടിനൊപ്പം സുഗമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എ എസ് കെഇ എന്‍ കോ-ചെയര്‍ ലീന വിനോദ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.