സ്വന്തം ലേഖകൻ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയകളിലും കേരളത്തിലെ പ്രമുഖ മലയാളം പത്രത്തിലും നിറഞ്ഞു നില്‍ക്കുകയാണ് യുകെയില്‍ ജോലിക്കെത്തി, ഓഫര്‍ ചെയ്ത ജോലിയോ ശമ്പളമോ ലഭിക്കാതെ; ഭക്ഷണം പോലും കഴിക്കാന്‍ പണമില്ലാതെ നരകിക്കുന്ന 400 ഓളം മലയാളി യുവാക്കളുടെ ദുരിത വാര്‍ത്ത. കെയറര്‍ വീസയ്ക്കായി 14 ലക്ഷത്തോളം രൂപ നല്‍കി, വഞ്ചിതനായ മലയാളി മെയില്‍ നഴ്‌സിന്റെ പരാതിയില്‍ കേരള പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
അതിനിടെ വിഷയത്തില്‍ ഏജന്‍സികള്‍ക്കെതിരെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസ് അടിന്തര നടപടി ഉറപ്പു നല്‍കി. പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ പ്രതിനിധികള്‍, യുകെ മലയാളി അസോസിയേഷന്‍ എന്നിവരുമായി യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ കോഓര്‍ഡിനേഷന്‍ മിനിസ്റ്റര്‍ ദീപക് ചൗധരി, സെക്കന്‍ഡ് സെക്രട്ടറി കോഓര്‍ഡിനേഷന്‍ സഞ്ചയ് കുമാര്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ്.
പരാതികളിലെ വഞ്ചനാ കുറ്റം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കൂടിക്കാഴ്ചയിലൂടെ സാധിച്ചതായി പ്രവാസി ലീഗല്‍ സെല്‍ യുകെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ സോണിയ സണ്ണിപറഞ്ഞു. വീസ തട്ടിപ്പിനെതിരെ സമൂഹത്തില്‍ ബോധവല്‍ക്കരണം ഉള്‍പ്പടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ അനിവാര്യതയിലേയ്കാണ് നിലവിലുള്ള സാഹചര്യം വിരല്‍ ചൂണ്ടുന്നതെന്ന് ചര്‍ച്ചയില്‍ ദീപക് ചൗധരി വ്യക്തമാക്കി.
യുകെയില്‍ വീസ തട്ടിപ്പിന് ഇരകളായി 400ല്‍ അധികം മലയാളികള്‍ വിവിധ സ്ഥലങ്ങളില്‍ ദുരിതത്തിലാണെന്നു ചൂണ്ടിക്കാട്ടി പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോസ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ കേന്ദ്ര വിദേശകാര്യ വകുപ്പിന് ഉള്‍പ്പടെ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയം ശ്രദ്ധയില്‍ പെട്ട ഹൈക്കമ്മിഷന്‍ ഓഫിസ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികളെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചത്. യോഗത്തില്‍ പ്രവാസി ലീഗല്‍ സെല്ലിനു വേണ്ടി സോണിയ സണ്ണി, ശ്രീജിത്ത് മോഹന്‍, പ്രവീണ്‍ കുര്യന്‍ ജോര്‍ജ്, മലയാളി അസോസിയേഷന്‍ യുകെ പ്രതിനിധി ശ്രീജിത്ത് ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല