1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2024

സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും ദുരിതജീവിതം നിറഞ്ഞ രാജ്യങ്ങളിലൊന്ന് യുകെയാണെന്ന് റിപ്പോര്‍ട്ട്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പഠനങ്ങളിലാണ് യുകെ ഏറ്റവും പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഉസ്‌ബെകിസ്താന്‍ മാത്രമാണ് ഈ റിപ്പോര്‍ട്ടില്‍ ബ്രിട്ടന്റെ പിറകിലുള്ളത്. അമേരിക്ക ആസ്ഥാനമായുള്ള സാപിയന്‍ ലാബ് എന്ന സ്ഥാപനമാണ് ഈ മാനസികാരോഗ്യ പഠനം നടത്തിയത്.

കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളും ഉയര്‍ന്ന ജീവിതച്ചെലവുമെല്ലാമാണ് യുകെയിലെ ജീവിതം ദുരിതപൂര്‍ണമാക്കി മാറ്റുന്നതെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. പഠനത്തില്‍ മെച്ചപ്പെട്ട മാനസിക ആരോഗ്യമുള്ള 71 രാജ്യങ്ങളുടെ പട്ടികയില്‍ 70ാം സ്ഥാനത്താണ് യുകെയുള്ളത്. 71 രാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് ലക്ഷത്തോളം വ്യക്തികളില്‍ നിന്നുള്ള വിവരങ്ങളില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

യുകെയില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം പേരും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ നേരിടുന്നവരാണ്. യുവാക്കളും സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നവരുമാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത്. 2020 ന് ശേഷം 18-20 വയസ്സിലുള്ളവര്‍ കൂടുതല്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതായും പഠനത്തില്‍ സൂചിപ്പിക്കുന്നു. കോവിഡാനന്തരമുണ്ടായ ആരോഗ്യ, സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രധാനമന്ത്രിമാര്‍ നിരന്തരം മാറുന്നതിലൂടെയുള്ള രാഷ്ട്രീയ അസ്ഥിരതയും വാട്ടര്‍ഗേറ്റ് പോലുള്ള വിവാദങ്ങളും യുകെയിലെ പൗരന്‍മാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായും പഠനത്തില്‍ സൂചനയുണ്ട്. അള്‍ട്രാ പ്രൊസസിംഗ് നടത്തിയ, അതായത് സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ അമിതമായ ഉപയോഗവും ഇതിന് കാരണമാണ്. ഡയറ്റും മാനസികാരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ മാനസികാരോഗ്യം താരതമ്യേന സ്ഥിരതയുള്ളതാണെന്നതാണ് മറ്റൊരു കണ്ടെത്തല്‍.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ മാനസികാരോഗ്യം താരതമ്യേന മെച്ചപ്പെട്ടതാണെന്നതാണ് മറ്റൊരു കണ്ടത്തല്‍. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ യുകെ ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങള്‍ പുറകോട്ട് പോയപ്പോള്‍ ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും ദരിദ്ര രാജ്യങ്ങള്‍ മെച്ചപ്പെട്ട സ്ഥാനം കരസ്ഥമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.