1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2022

സ്വന്തം ലേഖകൻ: മുതിര്‍ന്ന പാര്‍ട്ടി നേതാക്കളില്‍ നിന്നു വരെ കടുത്ത സമ്മര്‍ദ്ദം ഉണ്ടായതോടെ മിനി ബജറ്റിലെ പല പ്രഖ്യാപനങ്ങളില്‍ നിന്നും മലക്കം മറിയുകയാണ് ലിസ് ട്രസ്സ്. ഇന്‍കം ടാക്‌സ് പരിധിസംബന്ധിച്ച് എടുത്ത തീരുമനത്തില്‍ നിന്നും പുറകോട്ട് പോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നു. മുന്‍ കൂട്ടി പ്രഖ്യപിച്ച പദ്ധതിയില്‍ നിന്നും പിന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തയ്യാറായതോടെ മൈക്കന്‍ ഗോവ് ഉള്‍പ്പടെയുള്ള നേതാക്കള്‍ പ്രധാനമന്ത്രിയുടെ മറ്റ് പദ്ധതികളെയും ഉന്നം വച്ച് രംഗത്തെത്തിയിരിക്കുകയണ്. ബെനെഫിറ്റ് പേയ്‌മെന്റുകളുടെ വര്‍ദ്ധനവില്‍ പരിധി നിശ്ചയിക്കുന്നത് ഉള്‍പ്പടെയുള്ളവയിലും പ്രതിഷേധം കനക്കുകയാണ്.

ഇനിയൊരിക്കല്‍ കൂടി ഒരു തെറ്റ് സംഭവിക്കുന്നത് ലിസ് ട്രസ്സിന്റെ നിലനില്‍പിനെ ബാധിക്കും എന്നായിരുന്നു പ്രസിഡണ്ട് സ്ഥാനത്തേക്ക് അവരെ പിന്താങ്ങിയ ഒരു മുന്‍മന്ത്രി പറഞ്ഞത്. ഓരോ തവണ നിങ്ങള്‍ തീരുമാനങ്ങള്‍ മറ്റുമ്പോഴും നിങ്ങള്‍ കൂടുതല്‍ ദുര്‍ബലയവുകയാണെന്ന് മറ്റൊരു മന്ത്രിയും പ്രതികരിച്ചു. ബോറിസിന് ഒരുപാട് തവണ ഇത്തരത്തില്‍ ഒരിക്കലെടുത്ത തീരുമാനങ്ങളില്‍ നിന്നും മലക്കം മറിയേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോള്‍ ലിസ്സിനും വന്നിരിക്കുന്നു എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് 24 മണിക്കൂര്‍ തികയും മുന്‍പ് തന്നെ വന്‍ നികുതിയിളവുകള്‍ നല്‍കുന്ന് തീരുമാനം ഔദ്യോഗികമായി ഉപേക്ഷിക്കുന്നതായി ക്വാസി ക്വാര്‍ട്ടെംഗിന് പ്രഖ്യാപിക്കേണ്ടതായി വന്നു. ഈ ദിശാ മാറ്റത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും ചാന്‍സലര്‍ ഏറ്റെടുത്തിരിക്കുകയാണ്. മന്ത്രി സഭയ്-ക്ക് അകത്തുള്ള വിയോജിപ്പുകള്‍ കാരണം ഈ പദ്ധതിയുമായി മുന്‍പോട്ട് പോകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

ബ്രിട്ടനെ മുന്‍പോട്ട് ചലിപ്പിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് ഈ പ്രശ്‌നം ഒരു തടസ്സമാവുകയാണെന്ന് ലിസ് ട്രസ്സ് നേരത്തേ പറഞ്ഞിരുന്നു. ഇനിയും പല തീരുമാനങ്ങളും മാറ്റേണ്ടി വരുമോ എന്ന ചോദ്യത്തിന് പലതവണ ചോദിച്ചിട്ടും അവര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല, വളര്‍ച്ചക്കും വികസനത്തിനുമായുള്ള പദ്ധതികളുമായി മുന്‍പോട്ട് പോകും എന്നു മാത്രമായിരുന്നു അവര്‍ പ്രതികരിച്ചത്.

നികുതിയിളവുകളെ പിന്താങ്ങിയിരുന്ന ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് എക്കണോമിക് അഫയേഴ്‌സിലെ മാര്‍ക്ക് ലിറ്റില്‍വുഡ് പറയുന്നത് ഈ പ്രശ്‌നം ഇപ്പോള്‍ ഒരു തികഞ്ഞ രാഷ്ട്രീയ പ്രശ്‌നമായി മാറിയിരിക്കുന്നു എന്നാണ്. അടുത്ത തവണ, ഗ്രാന്റ് ഷാപ്‌സിനോ, മൈക്കല്‍ ഗോവിനോ ഇഷ്ടപ്പെടാത്ത ഒരു പ്രഖ്യാപനം ക്വസി ക്വാര്‍ട്ടെംഗ് നടത്തുമ്പോള്‍, അദ്ദേഹം ആ പ്രഖ്യപനത്തില്‍ ഉറച്ചു നില്‍ക്കുമോ എന്ന സംശയവും ഉയരും എന്നായിരുന്നു ലിറ്റില്‍വുഡ് പറയുന്നത്.

പല ഭരണകക്ഷി എം പിമാരും പരസ്യമായി തന്നെ മിനി ബജറ്റിനെതിരെ വന്നതാണ് ലിസ് ട്രസ്സിനെ പല പദ്ധതികളില്‍ നിന്നും പുറകോട്ട് പോകാന്‍ നിര്‍ബന്ധിതയാക്കിയത്. ഇന്ന് ബിര്‍മ്മിംഗ്ഹാമില്‍ ണ്ടക്കുന്ന, ലിസ് ട്രസ്സിന്റെ പ്രധാന പ്രസംഗത്തില്‍ തന്റെ നയം ലിസ് ട്രസ്സ് കൂടുതല്‍ വ്യക്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, മിനി ബജറ്റിലെ, ഹീറ്റിംഗ് ബില്ലുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍, ചില നികുതിയിളവുകള്‍, വളര്‍ച്ചയെ ത്വരിതപ്പെടുത്താനുള്ള പദ്ധ്തികള്‍ എന്നിവയ്ക്ക് വേണ്ട പരിഗണന ചര്‍ച്ചകളില്‍ ലഭിക്കുന്നില്ല എന്ന് പ്രധാനമന്ത്രിയും ചാന്‍സലറും ഞായറാഴ്ച്ച വൈകിട്ട് തന്നെ തിരിച്ചറിഞ്ഞിരുന്നു.

45 ശതമാനം നികുതി ഇളവിന്റെ പുറകെ വിവാദം ഉയര്‍ന്നതോടെ മിനി ബജറ്റിലെ മറ്റ് ഇനങ്ങളൊക്കെ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. വര്‍ഷത്തില്‍ 1,50 ലക്ഷം പൗണ്ടിലധികം വരുമാനമുള്ളവരില്‍ നിന്നും നികുതി പിരിക്കുന്നത് കുറയ്ക്കുവനുള്ള തീരുമാനം തെറ്റായ മൂല്യങ്ങളുടെ പ്രകടനമാണെന്നായിരുന്നു മൈക്കല്‍ ഗോവ് ചൂണ്ടിക്കാട്ടിയത്.

ഈ പദ്ധതിമൂലം സര്‍ക്കാരിന് പ്ര്തിവര്‍ഷം 2 ബില്യണ്‍ പൗണ്ടിന്റെ നഷ്ടമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പിന്നെയും 43 ബില്യണ്‍ പൗണ്ടിന്റെ നഷ്ടം വരുത്തുന്ന നികുതിയിളവുകള്‍ നിലനില്‌ക്കേ, ചാന്‍സലര്‍ ഇനിയും ധാരാളം ഗൃഹപാഠം ചെയ്യേണ്ടതുണ്ട് എന്നായിരുന്നു ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസിലെ പോള്‍ ജോണ്‍സണ്‍ പറയുന്നത്.

മിനി ബജറ്റിലെ പല പ്രഖ്യാപനങ്ങളില്‍ നിന്നും ഇനിയും പുറകോട്ട് പോകാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ചുരുങ്ങിയത്, നികുതിയിളവുകള്‍ സംബന്ധിച്ച പദ്ധതികളില്‍ ചിലതെങ്കിലും വേണ്ടെന്ന് വയ്‌ക്കേണ്ടി വരുമെന്ന് പോള്‍ ജോണ്‍സനും പറയുന്നു. അതല്ലെങ്കില്‍, സോഷ്യല്‍ സെക്യുരിറ്റി, പദ്ധതികളിലെ നിക്ഷേപം, പൊതുസേവനങ്ങള്‍ എന്നിവയില്‍ ചെലവാക്കുന്ന തുക വെട്ടിച്ചുരുക്കേണ്ടതായി വരും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

പാര്‍ട്ടിക്കകത്ത് എതിര്‍പ്പ് ശക്തമായതോടെ നവംബര്‍ 23 ന് പ്രഖ്യാപിക്കും എന്ന് പറഞ്ഞിരുന്ന സാമ്പത്തിക നയം ഈ മാസം തന്നെ പ്രഖ്യാപിച്ചേക്കും എന്ന സൂചനകളും പുറത്തു വരുന്നുണ്ട്. 45 ശതമനം നികുതിയുടെ കാര്യത്തില്‍ മുന്‍ തീരുമാനത്തില്‍ നിന്നും പിന്തിരിയേണ്ടി വന്ന ക്വാസി ക്വാര്‍ട്ടെംഗിന് പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയില്ല എന്ന് വ്യക്തമായിരിക്കുന്നു. വിപണിയില്‍ സ്ഥിരത ഉറപ്പു വരുത്തുന്നതിനായി സമ്പത്തിക നയം എത്രയും പെട്ടെന്ന് പ്രഖ്യാപിക്കണം എന്നായിരുന്നു ഭൂരിപക്ഷം സമ്മേളന പ്രതിനിധികളും ആവശ്യപ്പെട്ടത്.

നേരത്തേ പ്രതിവര്‍ഷം 1.5 ലക്ഷം പൗണ്ടിലധികം വരുമാനമുള്ളവര്‍ക്കുള്ള 45 ശതമനം വരുമാന നികുതി നിരക്ക് ഇല്ലാതെയാക്കാനുള്ള തീരുമാനത്തിനെതിരെ എം പിമാര്‍ക്കിടയില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനപ്രതിനിധി സഭയില്‍ വോട്ടിനിട്ടാല്‍ ഒരുപക്ഷെ അത് പാസാക്കാനുള്ള വോട്ട് ലഭിച്ചേക്കില്ല എന്ന ആശങ്ക ഉയര്‍ന്നതോടെയായിരുന്നു ഈ തീരുമാനത്തില്‍ നിന്നും പ്രധാനമന്ത്രി പിന്മാറിയത്.

കഴിഞ്ഞ 50 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും വലിയ നികിതിയിളവുകള്‍ പ്രഖ്യാപിച്ച മിനി ബജറ്റിനു ശേഷം പൗണ്ടിന്റെ മൂല്യം കുത്തനെയിടിഞ്ഞത് ബ്രിട്ടന്റെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചു. ദുരിതങ്ങള്‍ വര്‍ദ്ധിച്ചതോടെ ജനക്കൂട്ടം സര്‍ക്കാരിന് എതിരെ തിരിയുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്. കൂടുതല്‍ അഭിപ്രായ സര്‍വ്വേകള്‍ പറയുന്നത്ഇന്നൊരു തെരഞ്ഞെടുപ്പ് നടന്നാല്‍, ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിധപക്ഷത്തോടെ അധികാരത്തിലേറും എന്നു തന്നെയാണ്.

റെഡ്ഫീല്‍ഡ് ആന്‍ഡ് വില്‍ടണ്‍ നടത്തിയ സര്‍വ്വേയില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത് 28 പോയിന്റിന്റെ മുന്‍തൂക്കമാണ്. 52 ശതമാനം ജനങ്ങളുടെ പിന്തുണയാണ് അവര്‍ക്ക് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞയാഴ്ച്ചയിലേതിനേക്കാള്‍ 6 പോയിന്റ് മുന്‍പിലാണ് ലേബര്‍പാര്‍ട്ടി ഇപ്പോള്‍. അതേസമയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത് 24 ശതമാനം പേരുടെ പിന്തുണ മാത്രവും. സവന്ത നടത്തിയ മറ്റൊരു അഭിപ്രായ വോട്ടെടുപ്പില്‍ ലേബര്‍ പാര്‍ട്ടി ടോറികളേക്കാള്‍ 25 പോയിന്റുകള്‍ക്ക് മുന്നിലെത്തിയിരുന്നു. മറ്റൊരു അഭിപ്രായ വോട്ടെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് 33 ശതമാനം വരെ മുന്‍തൂക്കം ലഭിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.