1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2023

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അടുത്ത ഏപ്രിൽ മുതൽ മിനിമം വേതനം മണിക്കൂറിന് 11.44 പൗണ്ടായി ഉയത്തും. നിലവിൽ 10.42 പൗണ്ടാണ് മിനിമം വേതനം. മിനിമം വേതനത്തിന് അർഹത നേടാനുള്ള പ്രായം നിലവിലെ 23 വയസ്സിൽനിന്നും 21 ആയി കുറയ്ക്കാനും തീരുമാനമുണ്ട്. അടുത്ത ദിവസം പാർലമെന്റിൽ അവതരിപ്പിക്കുന്ന ശരത്കാല സാമ്പത്തിക നയത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.

ആദ്യമായാണ് 21 വയസ്സ് പൂർത്തിയാകുന്നവർക്ക് ദേശീയ മിനിമം വേതനത്തിന് അർഹത ലഭിക്കുന്നത്. രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണ ആർജിക്കുന്ന തീരുമാനമാകും ഇത്. നിലവിൽ 21നും 23നും ഇടയിൽ പ്രായമുള്ളവരുടെ മിനിമം വേതനം മണിക്കൂറിന് 10.18 പൗണ്ട് ആണ്.

പുതിയ തീരുമാനപ്രകാരം ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യുന്ന 23 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പ്രതിവർഷം ശരാശരി 1800 പൗണ്ടിന്റെയും 21 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ശരാശരി 2300 പൗണ്ടിന്റെയും ശമ്പള വർധന ഈ തീരുമാനത്തോടെ ലഭിക്കും. രാജ്യത്തെ മിനിമം വേതനം 11 പൗണ്ടിന് മുകളിലാക്കുമെന്ന് ഒക്ടോബറിൽ നടന്ന കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിൽ ചാൻസിലർ ജെറമി ഹണ്ട് പ്രഖ്യാപിച്ചിരുന്നു.

ഈ വാഗ്ദാനം പാലിച്ചാണ് ശരത്കാല സാമ്പത്തിക നയത്തിൽ ഇത്തരമൊരു തീരുമാനം ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ശമ്പള വർധന പ്രാബല്യത്തിലാകുമ്പോൾ 18നും 20നും മധ്യേ പ്രായമുള്ളവർക്ക് നിലവിൽ ലഭിക്കുന്ന 7.49 പൗണ്ട് മണിക്കൂറിന് 8.60 പൗണ്ടായി ഉയരും. അപ്രന്റീസുമാരുടെ വേതനം മണിക്കൂറിന് 5.28 പൌണ്ട് എന്നത് 6.40 പൗണ്ടായും വർധിക്കും.

രാജ്യത്ത് നിലനിൽക്കുന്ന പണപ്പെരുപ്പത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ ശമ്പള വർധന സംബന്ധിച്ച പേ-കമ്മിഷന്റെ ശുപാർശകൾ ചാൻസിലർ അതേപടി അംഗീകരിക്കുകയായിരുന്നു. സാമ്പത്തിക അസ്ഥിരതയ്ക്ക് പരിഹാരം കാണാൻ സഹായിക്കുക എന്നുദ്ദേശിച്ചാണ് ഇത്തരത്തിലൊരു ശുപാർശ സർക്കാരിന് നൽകിയതെന്ന് പേ – കമ്മിഷൻ ചെയർമാൻ ബ്രയാൻ സാൻഡേഴ്സൺ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.