1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2022

സ്വന്തം ലേഖകൻ: യുകെയില്‍ മങ്കിപോക്‌സ് വ്യാപനം ഇരട്ടിയായതായി ആരോഗ്യവകുപ്പ് അധികൃതരുടെ പ്രഖ്യാപനം. ഇതോടെ രാജ്യം ആയിരക്കണക്കിന് മങ്കിപോക്‌സ് വാക്‌സിനുകളും, ചികിത്സകളും സ്വരൂപിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ കേസുകള്‍ യഥാര്‍ത്ഥ അവസ്ഥയുടെ ചെറിയൊരു അംശം മാത്രമാണെന്നാണ് മുന്നറിയിപ്പ്.

നേരത്തെ സ്ഥിരീകരിച്ച 9 രോഗികള്‍ക്ക് പുറമെ മറ്റ് 11 പേര്‍ക്ക് കൂടി രോഗം പിടിപെട്ടതായാണ് ടൈംസ് റിപ്പോര്‍ട്ട്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭൂരിപക്ഷം കേസുകള്‍ക്കും പരസ്പര ബന്ധമില്ല. ഇത് വൈറസ് കൂടുതല്‍ വ്യാപകമായി പടരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാര്‍ക്കായി പൊതുജനാരോഗ്യ പ്രചരണം ആരംഭിക്കാന്‍ മന്ത്രിമാര്‍ ആലോചിക്കുന്നുണ്ട്.

ലൈംഗികബന്ധത്തില്‍ പകരുന്ന രോഗമായി മങ്കിപോക്‌സിനെ പരിഗണിക്കുന്നില്ലെങ്കിലും യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ അധികവും പുരുഷന്‍മാര്‍ തമ്മില്‍ സെക്‌സില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് പടര്‍ന്നിട്ടുള്ളത്. യുകെയിലെ നിലവിലെ അവസ്ഥ നിരീക്ഷിക്കുന്ന ഡ്രഗ് വാച്ച്‌ഡോഗ് ആവശ്യമായ ചികിത്സകളുമായി മുന്നോട്ട് വരാന്‍ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്.

കൂടാതെ ആയിരക്കണക്കിന് ഡോസ് വാക്‌സിനും രാജ്യം ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. സ്‌മോള്‍പോക്‌സിന് എതിരായി ഉപയോഗിക്കുന്ന ആന്റിവൈറല്‍ മരുന്നുകളും, വാക്‌സിനുമാണ് മങ്കിപോക്‌സിന് എതിരെയും പ്രയോഗിക്കുന്നത്.

യുകെയില്‍ ഇപ്രകാരം കേസുകള്‍ ഉയരുന്നത് അപൂര്‍വമായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മങ്കിപോക്‌സ് വ്യക്തികളില്‍ പടരുന്നത് അപൂര്‍വമായ കാര്യമാണ്. അതുകൊണ്ടുതന്നെ പ്രതിരോധവും മുന്നൊരുക്കങ്ങളും കൂടുതല്‍ വേണ്ടിവരും

രോഗബാധിതരാകാന്‍ സാധ്യതയുണ്ടെന്ന് ആശങ്കയുള്ള ആര്‍ക്കും ഒരു ആരോഗ്യ പ്രൊഫഷണലിനെ കാണാമെന്നും എന്നാല്‍ സന്ദര്‍ശനത്തിന് മുമ്പ് ക്ലിനിക്കുമായോ ശസ്ത്രക്രിയയുമായോ ബന്ധപ്പെടണമെന്നും യുകെഎച്ച്എസ്എ പറയുന്നു.

മങ്കിപോക്‌സ് ബാധിച്ചാല്‍, ആദ്യത്തെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധാരണയായി അഞ്ച് മുതല്‍ 21 ദിവസം വരെ എടുക്കും. പനി, തലവേദന, പേശിവേദന, നടുവേദന, ലിംഫ് നോഡുകള്‍ വീര്‍ക്കുക, വിറയല്‍, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍.

അപൂര്‍വ്വമായ വൈറല്‍ ഇന്‍ഫെക്ഷനാണ് മങ്കിപോക്‌സ്. ബാധിക്കപ്പെടുന്ന പത്തിലൊരാളുടെ ജീവനെടുക്കുമെങ്കിലും മനുഷ്യര്‍ക്കിടയില്‍ അത്ര വേഗത്തില്‍ പടര്‍ന്നുപിടിക്കാറില്ല. 2018ലാണ് യുകെയില്‍ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. നൈജീരിയയില്‍ നിന്നും യാത്ര കഴിഞ്ഞെത്തിയ യാത്രക്കാരനാണ് വൈറസുമായി മടങ്ങിയെത്തിയത്. ഇത് ഒരു എന്‍എച്ച്എസ് നഴ്‌സ് ഉള്‍പ്പടെ മറ്റ് രണ്ട് പേരിലേക്ക് പടരുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.