സ്വന്തം ലേഖകൻ: രാജ്യത്തെ മോര്‍ട്ട്‌ഗേജുകളില്‍ വന്‍ വര്‍ധന. ഫിക്‌സഡ് ടേം മോര്‍ട്ട്‌ഗേജുകളിലെ ശരാശരി പലിശ തിരിച്ചടവുകള്‍ ഈ വര്‍ഷം 55 ശതമാനം ഉയരുമെന്ന് ആണ് മുന്നറിയിപ്പ്. ഇതോടെ പ്രതിമാസം 500 പൗണ്ടിലേക്ക് പലിശ നിരക്കുകള്‍ മാത്രം വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജീവിതച്ചെലവ് പ്രതിസന്ധിയില്‍ ഉഴലുന്ന ഭവനഉടമകള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഈ വാര്‍ത്ത.
കഴിഞ്ഞ വര്‍ഷം അവസാനം ഫിക്‌സഡ് ടേമുകാര്‍ക്ക് ശരാശരി ചെലവ് 322 പൗണ്ടില്‍ നിന്നിരുന്നത് 2027 ആകുന്നതോടെ പ്രതിമാസം 701 പൗണ്ട് എന്ന നിലയിലേക്ക് ഉയരുമെന്നും ഇന്ററാക്ടീവ് ഇന്‍വെസ്റ്റര്‍ നടത്തിയ പരിശോധനയില്‍ പറയുന്നു. കൈവിട്ട് കുതിക്കുന്ന പണപ്പെരുപ്പം നിയന്ത്രിച്ച് നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തിയത്. തുടര്‍ച്ചയായുള്ള ഈ വര്‍ദ്ധനവുകളാണ് ഭവനഉടമകള്‍ക്ക് തിരിച്ചടി സമ്മാനിക്കുന്നത്.
അതേസമയം ട്രാക്കര്‍ മോര്‍ട്ട്‌ഗേജിലുള്ള ചെറിയൊരു ശതമാനം ആളുകള്‍ക്ക് പ്രതിമാസ പലിശ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകാരേക്കാള്‍ ഉയര്‍ന്നതായി മാറും. അടുത്ത അഞ്ച് വര്‍ഷത്തില്‍ ശരാശരി പ്രതിമാസ തിരിച്ചടവ് 436 പൗണ്ടില്‍ നിന്നും 950 പൗണ്ടിലേറെയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.
രാജ്യത്തെ മോര്‍ട്ട്‌ഗേജുകളില്‍ 80 ശതമാനം, ഏകദേശം 6.9 മില്ല്യണ്‍ എണ്ണവും ഫിക്‌സഡ് ടേമാണ്. 639,000 ട്രാക്കേഴ്‌സും, 773,000 ഭവനങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റിലുമാണ്. ഈ വര്‍ഷം ഏകദേശം 1.5 മില്ല്യണ്‍ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് കരാറുകളുടെ കാലാവധി കഴിയുമെന്നാണ് കണക്ക്. ഇവര്‍ക്ക് കൂടുതല്‍ ഉയര്‍ന്ന നിരക്കുകളിലേക്ക് മാറേണ്ടതായി വരും.
നിലവിലെ പ്രവണതകള്‍ പ്രകാരം ഒരു വീട് വാടകക്കെടുക്കുന്നതിനേക്കാള്‍ ലാഭകരം വീട് സ്വന്തമായി വാങ്ങുന്നതാണെന്ന വിലയിരുത്തലുകളും പുറത്തുവന്നു. ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്ക് അതിന് മുകളില്‍ വരുന്ന ചെലവും അതുപോലെയുള്ള ഒരു മൂന്ന് ബെഡ്‌റൂം വീടിന് മാസത്തില്‍ വരുന്ന ശരാശരി വാടകയും തമ്മില്‍ താരതമ്യപ്പെടുത്തിയാണ് ഹാലിഫാക്‌സ് പുതിയ റിവ്യൂ പുറത്തിറക്കിയിരിക്കുന്നത്.
ഇത് പ്രകാരം വീട് വാങ്ങുന്നവര്‍ക്ക് പ്രസ്തുത വീടിന് മേല്‍ മോര്‍ട്ട്‌ഗേജ് അടവ്, ഡിപ്പോസിറ്റിനുള്ള ഫണ്ടിംഗ്, വീടിനുള്ള അറ്റകുറ്റപ്പണികള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവക്കായി പ്രതിമാസം 971 പൗണ്ട് വേണ്ടി വരുമ്പോള്‍ വീട് വാടകക്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1013 പൗണ്ട് വേണ്ടി വരുന്നുവെന്നാണ് ഹാലിഫാക്‌സ് റിവ്യൂ വെളിപ്പെടുത്തുന്നത്. അതായത് വീട് വാടകക്കെടുക്കുന്നവര്‍ക്ക് അധികമായി 42 പൗണ്ട് കണ്ടെത്തേണ്ടി വരുന്നുവെന്ന് ചുരുക്കം.
ഇത് പ്രകാരം 12 മാസക്കാലയളവില്‍ വീട്ടുടമകള്‍ക്ക് ഏതാണ്ട് 500 പൗണ്ട് ലാഭിക്കാന്‍ സാധിക്കുന്നു. ഇവ തമ്മിലുള്ള വ്യതാസം 2016ല്‍ മൂര്‍ധന്യത്തിലെത്തിയപ്പോള്‍ വര്‍ഷത്തില്‍ 1500 പൗണ്ടിലധികം വ്യത്യാസമുണ്ടായിരുന്നു. തുടര്‍ന്ന് ഇത് കുറഞ്ഞ് വരുകയായിരുന്നു.യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഈ വ്യത്യാസത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും വലിയ വിടവ് സ്‌കോട്ട്‌ലന്‍ഡിലാണ്. ഇവിടെ വീട്ടുടമകള്‍ക്ക് ഈ വകയില്‍ മാസത്തില്‍ 727 പൗണ്ടേ ചെലവാക്കേണ്ടി വരുന്നുള്ളൂ.
എന്നാല്‍ ഇവിടെ വാടക്കാര്‍ക്ക് മാസത്തില്‍ 918 പൗണ്ട് വേണ്ടി വരുന്നു. ഇത് പ്രകാരം വീട് സ്വന്തമായുള്ളവര്‍ക്ക് 21 ശതമാനം തുക സമ്പാദിക്കാന്‍ സാധിക്കുന്നു. ലണ്ടനില്‍ വാടകക്കാര്‍ മാസത്തില്‍ 2074 പൗണ്ട് ചെലവഴിക്കേണ്ടി വരുന്നു. എന്നാല്‍ ഇവിടെ വീട്ടുടമകള്‍ക്ക് 1828 പൗണ്ട് മാത്രമേ മാസത്തില്‍ വേണ്ടി വരുന്നുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല