1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2024

സ്വന്തം ലേഖകൻ: ലക്ഷക്കണക്കിന് ജോലിക്കാര്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും നേട്ടമാകുന്ന രീതിയില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് 10 ശതമാനത്തില്‍ നിന്നും നാളെ മുതല്‍ 8 ശതമാനത്തിലേക്ക് കുറയും. നാഷണല്‍ ഇന്‍ഷുറന്‍സ് മെയിന്‍ റേറ്റ് 10 ശതമാനത്തില്‍ നിന്നും വീണ്ടും 8 ശതമാനത്തിലേക്കാണ് ശനിയാഴ്ച കുറയുന്നത്. 900 പൗണ്ടിന്റെ വരുമാന നേട്ടം ഇതുവഴി സാധ്യമാകുന്നു.

നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്റെ മെയിന്‍ റേറ്റില്‍ 2 പെന്‍സ് കുറയ്ക്കുമെന്ന് സ്പ്രിംഗ് ബജറ്റിലാണ് ചാന്‍സലര്‍ സ്ഥിരീകരിച്ചത്. ഈ മാറ്റം വരുന്നതോടെ ശരാശരി 35,000 പൗണ്ട് ശമ്പളം വാങ്ങുന്നവര്‍ക്ക് വര്‍ഷത്തില്‍ 448.60 പൗണ്ടിലേറെയാണ് ലാഭിക്കാന്‍ കഴിയുക.

ജനുവരിയില്‍ 12 ശതമാനത്തില്‍ നിന്നും രണ്ട് ശതമാനം പോയിന്റ് കുറച്ച് നാഷണല്‍ ഇന്‍ഷുറന്‍സ് 10 ശതമാനത്തിലേക്ക് എത്തിച്ചിരുന്നു. ജനുവരിയിലെ കുറവ് കൂടി കണക്കാക്കുമ്പോള്‍ 27 മില്ല്യണ്‍ ജോലിക്കാര്‍ക്ക് 2024-ല്‍ 900 പൗണ്ടിന്റെ ശരാശരി നികുതി കുറവാണ് കൈവരിക.

കൂടാതെ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് മെയിന്‍ റേറ്റ് കുറയ്ക്കുന്നതിന്റെ ഗുണം രണ്ട് മില്ല്യണിലേറെ പേര്‍ക്കും ലഭിക്കും. സ്വയംതൊഴിലുകാരുടെ ക്ലാസ് 4 നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ മെയിന്‍ റേറ്റ് 6 ശതമാനമായാണ് കുറയുന്നത്. ക്ലാസ് 2 അടവ് പൂര്‍ണ്ണമായി നിര്‍ത്തിയതോടെ 28,000 പൗണ്ട് വരുമാനമുള്ള സ്വയംതൊഴിലുകാര്‍ക്ക് വര്‍ഷത്തില്‍ 650 പൗണ്ട് വരെയാണ് ലാഭം.

ഉയര്‍ന്ന എനര്‍ജി ബില്ലുകളും, ജീവിതച്ചെലവുകളും നേരിടുന്നതിനിടെ ഈ നീക്കം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി മാറും. സ്റ്റേറ്റ് പെന്‍ഷന്‍ മുതല്‍ സ്റ്റാറ്റിയൂട്ടറി സിക്ക് പേ, മറ്റേണിറ്റി ലീവ്, തൊഴിലില്ലായ്മ ബെനഫിറ്റുകള്‍ എന്നിവയ്ക്കായാണ് നാഷണല്‍ ഇന്‍ഷുറന്‍സ് നികുതി ഈടാക്കുന്നത്. ഈ മാസം നാഷണല്‍ മിനിമം, നാഷണല്‍ ലിവിംഗ് വേജുകളും ഉയരുന്നത് ജനങ്ങള്‍ക്ക് അനുഗ്രഹമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.