1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2022

സ്വന്തം ലേഖകൻ: അധികാരമേറ്റയുടനെയുള്ള ലിസ് ട്രസ്സിന്റെ ആദ്യ വിദേശയാത്ര അത്ര സുഖകരമായ ഒരു അനുഭവമാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തന്റെ ഐറിഷ് പാരമ്പര്യത്തെ കുറിച്ച് അഭിമാനിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ ഗുഡ് ഫ്രൈഡേ കരാര്‍ സംരക്ഷിക്കണമെന്നതില്‍ ഉറച്ചു നില്‍ക്കുവാനാണ് സാദ്ധ്യത. നേരത്തേ ബ്രെക്‌സിറ്റിനെ അതി ശക്തമായി എതിര്‍ത്തിരുന്ന ബൈഡന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ഭാവിയെ കുറിച്ചും 1998 ല്‍ ഒപ്പുവച്ച വ്യാപാര കരാറുകളെ കുറുച്ചും ഉള്ള തന്റെ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സമാധാനത്തിന്റെയും സ്ഥിരതയുടെയും ആണിക്കല്ലായ ഗുഡ് ഫ്രൈഡെ കരാര്‍ നിലനിര്‍ത്തണമെന്ന് ബൈഡന്‍ ശക്തമായി ആവശ്യപ്പെട്ടേക്കും. മൂന്ന് പതിറ്റാണ്ടോളം നീണ്ട അക്രമാസക്തമായ വിഘടനവാദത്തിന്‍ ഒടുവില്‍ അയര്‍ലന്‍ഡില്‍ സമാധാനം കൊണ്ടുവന്ന കരാറാണിത്. പതിറ്റാണ്ടുകളോളം നീണ്ട സംഘര്‍ഷം വീണ്ടും ഉയരാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ തമ്മില്‍ കൂടിയാലോചനകള്‍ നടത്തി തീരുമാനത്തിലെത്തണ കാര്യം ബൈഡന്‍ ഊന്നിപ്പറയും. യു എന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തിനിടയില്‍ ബൈഡനും ട്രസ്സും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയിലെ പ്രധാന വിഷയം നോര്‍ത്തേണ്‍ അയര്‍ലന്‍ഡായിരിക്കും.

സാമ്പത്തിക നയത്തിന്റെ കാര്യത്തിലും ഇരു നേതാക്കള്‍ക്കിടയിലും അസ്വാരസ്യം നിലനില്‍ക്കുന്നുണ്ട്. യു എസ് – യുകെ വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരാന്‍ ഇനിയും ഏറെ വര്‍ഷങ്ങള്‍ എടുക്കുമെന്ന് നേരത്തേ ട്രസ്സ് സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു. യുക്രെയിന്‍ യുദ്ധവും സംസാരവിഷയമാകും. യുക്രെയിന്‍ യുദ്ധത്തെ തുടര്ന്നുണ്ടായ ഊര്‍ജ്ജ പ്രതിസന്ധിയും പ്രധാന വിഷയമായിരിക്കും. നേരത്തേ ഇരു നേതാക്കളും എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ കണ്ടിരുന്നെങ്കിലും അവര്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നോ എന്ന കാര്യം വ്യക്തമല്ല.

നേരത്തേ ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്നപ്പോള്‍ ലിസ് ട്രസ്സ് ബോറിസിനൊപ്പം വൈറ്റ്ഹൗസ് സന്ദര്‍ശിച്ചിരുന്നു. അന്ന് ബൈഡനുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ ഒക്‌ടോബറില്‍ സ്‌കോട്ട്‌ലാന്‍ഡില്‍ നടന്ന കോപ്പ് 26 ഉച്ചകോടിയിലും ഇരുവരും തമ്മില്‍ കണ്ടുമുട്ടിയിരുന്നു.

അതേസമയം, വെള്ളിയാഴ്ച അവതരിപ്പിക്കാന്‍ ഇരിക്കുന്ന മിനി ബജറ്റില്‍ നിരവധി ഇളവുകള്‍ പ്രതീക്ഷിക്കാന്‍ ആകുമെന്ന സൂചനകളും ലിസ് ട്രസ്സ് നല്‍കി. മുന്‍ മന്ത്രിസഭയുടെ കാലത്ത് എടുത്ത ജനഹിതകരമല്ലാത്ത പല നയങ്ങളും തിരുത്തുമെന്ന സൂചനയാണ് അവര്‍ നല്‍കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യുഷനില്‍ നടപ്പിലാക്കിയ 1.25 ശതമാനത്തിന്റെ വര്‍ദ്ധനവ് പൂര്‍ണ്ണമായും ക്വാസി ക്വാര്‍ട്ടെംഗ് പിന്‍വലിക്കുമെന്ന് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിലിരുന്ന അവര്‍ പറഞ്ഞു.

എന്‍ എച്ച് എസിനും അഡള്‍ട്ട് സോഷ്യല്‍ കെയറിനും കൂടുതല്‍ ധനസമാഹരണം നടത്തുന്നതിനായിട്ടായിരുന്നു ഈ വര്‍ദ്ധനവ് നടപ്പിലാക്കിയത്. അന്നേ ഇതിനെതിരെ കടുത്ത ജനരോഷം ഉയര്‍ന്നിരുന്നു. അതുപോലെ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ കോര്‍പ്പറേഷന്‍ ടാക്‌സ് വര്‍ദ്ധനവും ഇല്ലാതെയാക്കും.

അതേസമയം, ധനപരമായി സ്ഥിരതയുള്ള ഒരു വിഭാഗത്തിനെ സഹായിക്കുവാനുള്ള നയമാണ് ലിസ് ട്രസ്സിന്റെതെന്ന് എതിരാളികളുടെ വിമര്‍ശനത്തെ അവര്‍ തള്ളിക്കളഞ്ഞു. തത്പരകക്ഷികളുടെ പ്രചാരണം മാത്രമാണതെന്നും, എല്ലാ വിഭാഗക്കാരേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള നയരൂപീകരണമായിരിക്കും തന്റെ മന്ത്രി സഭയുടേതെന്നും അവര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല