
സ്വന്തം ലേഖകൻ: യുകെ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ ഈ വര്‍ഷം ജൂണില്‍ 504,000 എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നു. ഇതോടെ ഇമിഗ്രേഷന്‍ കുറയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി റിഷി സുനാക്. സ്റ്റുഡന്റ് വീസയില്‍ ഇനി കടുപ്പമേറിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന സൂചനയും പ്രധാനമന്ത്രി നല്‍കി.
ലിവര്‍പൂളിലെ ജനസംഖ്യക്ക് ആനുപാതികമാണ് ഈ കുത്തനെ ഉയര്‍ന്ന നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ . മുന്‍പത്തെ 12 മാസ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിരട്ടി അധികമാണിത്. അഫ്ഗാനിസ്ഥാന്‍, ഹോങ്കോംഗ്, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമെത്തിയ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് യുകെയില്‍ താമസിക്കാന്‍ അവകാശം നല്‍കിയതാണ് വര്‍ദ്ധനവിന് കാരണമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.
കോവിഡ് യാത്രാ വിലക്കുകള്‍ അവസാനിച്ചതും, വിദ്യാര്‍ത്ഥികളുടെ എണ്ണം ഉയര്‍ന്നതും മറ്റ് കാരണങ്ങളായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി നിലവിലെ കണക്കുകള്‍ നേരിട്ട് താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ഇവര്‍ വ്യക്തമാക്കി.
ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്ക് മുന്‍പുള്ള നിലയിലേക്കാണ് നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ ഉയര്‍ന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റം വര്‍ഷത്തില്‍ നെഗറ്റീവായി തുടര്‍ന്നപ്പോള്‍, ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഇത് ഉയരുകയായിരുന്നു.
നെറ്റ് വാര്‍ഷിക മൈഗ്രേഷന്‍ ആയിരങ്ങളായി ചുരുക്കാനുള്ള ടോറി ലക്ഷ്യം നേടുമെന്ന് ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ സൂചന നല്‍കി. അതിര്‍ത്തി നിയന്ത്രിക്കുമെന്ന് പൊതുജനങ്ങള്‍ പ്രതീക്ഷിക്കുന്നതായി അവര്‍ ചൂണ്ടിക്കാണിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല