1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2022

സ്വന്തം ലേഖകൻ: യുകെയിൽ പുതുക്കിയ ഹൈവേ കോഡ് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ. ഹൈവേ കോഡിന്റെ ആമുഖത്തില്‍ തന്നെ പുതിയ മൂന്ന് മറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. റോഡ് ഉപയോക്താക്കളുടെ പുതുക്കിയ മുന്‍ഗണനാ ക്രമം സംബന്ധിച്ചുള്ളതാണിത്. ഇതനുസരിച്ച്, ഒരു അപകടമുണ്ടായാല്‍ ഏറ്റവും അധികം പരിക്ക് പറ്റുവാന്‍ ഇടയുള്ള വിഭാഗം റോഡ് ഉപയോക്താക്കള്‍ക്കായിരിക്കും. അവര്‍ക്കാണ് പ്രഥമ പരിഗണന.

ഇതു പ്രകാരം എല്ലാ റോഡ് ഉപയോക്താക്കളും ഹൈവേ കോഡിനെ കുറിച്ച് അവബോധം ഉള്ളവരായിരിക്കണം, മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് പരിഗണന നല്‍കണം അതുപോലെ മറ്റുള്ളവരുടെ സുരക്ഷയ്ക്കായി സ്വന്തം ഉത്തരവാദിത്തം എന്തെന്ന് മനസിലാക്കണം. പുതുക്കിയ കോഡ് അനുസരിച്ച് ആളുകള്‍ റോഡ് ക്രോസ് ചെയ്യുമ്പോഴോ അല്ലെങ്കില്‍ ഒരു ജംഗഷനില്‍ റോഡ് ക്രോസ് ചെയ്യുവാനായി കാത്തുനില്‍ക്കുമ്പോഴോ മറ്റ് ഗതാഗത സംവിധാനങ്ങള്‍ അവര്‍ക്ക് വഴിമാറി കൊടുക്കണം.

കാല്‍നടക്കാര്‍ റോഡ് മറികടക്കുന്ന സമയത്ത് വാഹനങ്ങള്‍ വരുന്നുണ്ടെങ്കില്‍, അവ നിര്‍ത്തി കാല്‍നടക്കാര്‍ക്ക് റോഡ് മറികടക്കുന്നതിന് മുന്‍ഗണന നല്കണം. കാറോടിക്കുന്നവരും ബൈക്ക് ഓടിക്കുന്നവരും സീബ്രാ ക്രോസിംഗില്‍ റോഡ് മറികടക്കുന്നവര്‍ക്കായി വാഹനം നിര്‍ത്തണം. അതുപോലെ പാരലല്‍ ക്രോസിംഗില്‍ സൈക്കിള്‍ ഓടിക്കുന്നവര്‍ക്കായും കാല്‍നടയാത്രക്കാര്‍ക്കായും പരിഗണന നല്‍കണം. പാരലല്‍ ക്രോസിംഗ് എന്നാല്‍ സീബ്രാ ക്രോസിനോട് സാമ്യമുള്ളതാണ്. എന്നാല്‍ അതിന്സമാന്തരമായി ഒരു സൈക്കിള്‍ പാതകൂടി ഉണ്ടായിരിക്കും.

കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരും കുതിരസവാരിക്കാരും ഒരുപോലെ ഉപയോഗിക്കുന്ന ഷെയേര്‍ഡ് സ്‌പേസുകളിലെ നിയമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. സൈക്കിള്‍ യാത്രക്കാരും കുതിര സവാരിക്കാരും കാല്‍നടയാത്രക്കാരുടെ സുരക്ഷ ശ്രദ്ധിക്കണം. അതേസമയം, കാല്‍നടക്കാര്‍ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാതെ ശ്രദ്ധിക്കുകയും വേണം. സൈക്കിള്‍ യാത്രക്കാര്‍, കാല്‍നടയാത്രക്കാരുടേയോ കുതിര സവാരിക്കാരുടെയോ കുതിരവണ്ടികളില്‍ സഞ്ചരിക്കുന്നവരുടേയോ തൊട്ടടുത്തുകൂടി യാത്ര ചെയ്യരുത്.

അതുപോലെ അവരുടെ പുറകില്‍ നിന്നും അമിത വേഗത്തില്‍ വരികയും ചെയ്യരുത്. ആവശ്യമുള്ളപ്പോള്‍ സൈക്കിളിന്റെ വേഗതകുറയ്ക്കുകയും മുന്‍പില്‍ നടന്നു പോകുന്നവരെ പുറകില്‍ സൈക്കിള്‍ ഉണ്ടെന്ന് അറിയിക്കുകയും വേണം (ഉദാഹരണത്തിന് ബെല്ല് മുഴക്കി) മുന്‍പില്‍ നടക്കുന്നവരില്‍ കേള്‍വിശക്തിക്ക് പ്രശ്‌നമുള്ളവരും ഭാഗികമായി കാഴ്ച്ചയുള്ളവരുമൊക്കെ ഉണ്ടാകുമെന്ന് ഓര്‍ക്കുക. അതുപോലെ ഒരു കുതിരയെ അതിന്റെ ഇടതുവശത്തുകൂടി മറികടക്കരുത്.

സൈക്കിള്‍ യാത്രക്കാര്‍ക്ക് അവര്‍ നിരത്തുകളില്‍ പാലിക്കേണ്ട സ്ഥാനത്തെ കുറിച്ചും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്. ഇതനുസരിച്ച് പതുക്കെ പോകുന്ന ട്രാഫിക്കിലും തിരക്കില്ലാത്ത റോഡുകളിലും അതുപോലെ അപ്രോച്ച് ജംഗ്ഷനുകളിലും റോഡ് വീതി കുറയുന്നിടത്തും ലെയ്‌നിന്റെ മദ്ധ്യത്തിലൂടെ ഓടിക്കണം. തിരക്കുള്ള നിരത്തുകളിലും വേഗത്തില്‍ ട്രാഫിക്ക് ഉള്ള റോഡുകളിലും കെര്‍ബ് എഡ്ജില്‍നിന്നും 0.5 മീറ്റര്‍ മാറി ഓടിക്കണം.

സംഘം ചേര്‍ന്ന് സൈക്കിള്‍ സവാരി നടത്തുമ്പോള്‍ മറ്റ് യാത്രക്കാരുടെ സൗകര്യം കൂടി കണക്കിലെടുക്കണം. രണ്ടുപേര്‍ മാത്രമായിരിക്കും ഒരു നിരയില്‍ സൈക്കിള്‍ ഓടിക്കേണ്ടത്. അതുപോലെ പുറകില്‍ വരുന്ന വാഹനങ്ങള്‍ക്ക് മറികടക്കാനുള്ള സൗകര്യം നല്‍കുകയും വേണം. പാര്‍ക്കിംഗ് സ്ഥലത്തുകൂടി സൈക്കിള്‍ സവാരി നടത്തുമ്പോള്‍ കാറുകളുടേയും മറ്റും ഡോറുകള്‍ തുറക്കുന്നത് തട്ടി അപകടമുണ്ടാകാതിരിക്കാനുള്ള അകലം പാലിക്കണം. മാത്രമല്ല, കാല്‍നടക്കാരെ ശ്രദ്ധിക്കുകയും വേണം.

മണിക്കൂറില്‍ 30 മൈല്‍ വേഗതയില്‍ വരെ സൈക്കിളില്‍ യാത്രചെയ്യുന്നവരെ മറികടക്കുമ്പോള്‍ കുറഞ്ഞത് 1.5 മീറ്റര്‍ അകലം പാലിക്കണം അതുപോലെ 10 മൈല്‍ വേഗതയില്‍ കുതിരസ്സവാരി നടത്തുന്നവരെയും കുതിരവണ്ടിയേയും മറികടക്കുമ്പോള്‍ 2 മീറ്റര്‍ അകലം പാലിക്കണം. അതുപോലെ കാല്‍നടയാത്രക്കാരെ മറികടക്കുമ്പോള്‍ കുറഞ്ഞത് 2 മീറ്റര്‍ അകലം പാലിക്കണം. ഇത്രയും അകലം പാലിക്കാനുള്ള സൗകര്യമില്ലെങ്കില്‍ അവര്‍ക്ക് പുറകില്‍ തന്നെ വാഹനമോടിക്കുക. അതേസമയം സാവധാനം പോകുന്ന ട്രാഫിക് മറികടക്കുന്ന സമയത്ത് സൈക്കിള്‍ യാത്രക്കാര്‍ കൂടുതല്‍ ശ്രദ്ധപാലിക്കണംഎന്നും പുതിയ നിയമത്തില്‍ പറയുന്നു.

ക്രോസ് ചെയ്യുവാനായി കാത്തുനില്‍ക്കുന്ന കാല്‍നടക്കാര്‍ക്കായി സൈക്കിള്‍ യാത്രക്കാര്‍ വഴി മാറേണ്ടതുണ്ട്. ചില ജംഗ്ഷനുകളില്‍ ഇപ്പോള്‍ പുതിയ സൈക്കിളിംഗ് ട്രാഫിക് ലൈറ്റും വച്ചിട്ടുണ്ട്. അത്തരത്തിലുള്ള സൗകര്യം ഇല്ലാത്ത ജംഗ്ഷനുകളില്‍, തങ്ങളെ മറ്റുള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ദൃശ്യമാകുന്ന രീതിയില്‍ സൈക്കിള്‍ ഓടിക്കുക. മാത്രമല്ല, പുറകില്‍ വാഹനങ്ങള്‍ ഉണ്ടോ എന്ന് നോക്കി മാത്രം ക്രോസ് ചെയ്യുക.

സൈക്കിളില്‍ യാത്രചെയ്യുമ്പോള്‍ വലതു ഭാഗത്തേക്ക് തിരിയുവാനായി ജഗ്ഷനുകളില്‍ പ്രത്യേക സൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഘട്ടമായിട്ടാണ് വലത്തേക്ക് തിരിയേണ്ടത്. ട്രാഫിക് ലൈറ്റുകള്‍ പച്ചയാകുമ്പോള്‍ നേരേ മുന്‍പോട്ട് പോയി സൈക്കിള്‍ അടയാളം മാര്‍ക്ക് ചെയ്ത സ്ഥലത്തു ചെന്ന് അമ്പടയാളത്തിന്റെദിശയില്‍ തിരിഞ്ഞ് നില്‍ക്കുക. പിന്നീട് മറുഭാഗത്തെ ട്രാഫിക് ലൈറ്റ് പച്ചയാകുമ്പോള്‍ പൂര്‍ണ്ണമായും വലത്തോട്ട് തിരിയുക.

സൈക്കിള്‍ യാത്രക്കാര്‍ക്ക് മുന്‍ഗണന കൊടുക്കുന്നതാണ് റൗണ്ട് എബൗട്ടുകളിലെ നിയമവും. കാര്‍ ഓടിക്കുന്നവരോ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരോ ഒരു സൈക്കിള്‍ യാത്രക്കാരനെ ആ വ്യക്തിയുടെ ലെയ്‌നിനകത്ത് മറികടക്കാന്‍ പാടുള്ളതല്ല. സൈക്കിള്‍ യാത്രക്കാര്‍ റൗണ്ട് എബൗട്ടിന് ചുറ്റും സഞ്ചരിക്കുമ്പോള്‍ അവരെ സഞ്ചരിക്കാന്‍ അനുവദിക്കുക.

സൈക്കിള്‍ യാത്രക്കാരും കുതിരസ്സവാരിക്കാരും അതുപോലെ കുതിര വണ്ടിയില്‍ യാത്ര ചെയ്യുന്നവരും റൗണ്ട് എബൗട്ടിലൂടെ പോകുമ്പോള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകാനും പുതിയ നിയമം അനുശാസിക്കുന്നു. കാറില്‍ നിന്നും പുറത്തിറങ്ങുന്ന സമയത്ത് ഡ്രൈവറൊ യാത്രക്കാരോ ഡോറിന്റെ എതിര്‍ഭാഗത്ത് അവരുടേ കൈ ഉപയോഗിച്ച് തുറക്കുക. അതായത് വലതുഭാഗത്തെ ഡോര്‍ ആണ് തുറക്കേണ്ടതെങ്കില്‍ ഇടതുകൈ ഉപയോഗിക്കുക. അങ്ങനെയായാല്‍ അവര്‍ക്ക് തല തിരിച്ച് പുറകില്‍ ഉള്ളത് കാണാന്‍ കഴിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.