
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ രണ്ടാമത്തെ ദേശീയ ലോക്ക്ഡൌൺ ഡിസംബർ 2 ന് അവസാനിക്കാനിരിക്കെ അടുത്ത ഘട്ടത്തിലെ നിയന്ത്രണങ്ങളെക്കുറിച്ച് സർക്കാർ തലത്തിൽ തിരിക്കിട്ട ചർച്ചകൾ തുടങ്ങി. ക്രിസ്മസിന് എന്തെല്ലാം ഇളവുകൾ ലഭിക്കുമെന്ന കാര്യത്തിൽ “അടുത്ത ദിവസങ്ങളിൽ“ വ്യക്തത വരുമെന്ന് ഒരു കാബിനറ്റ് മന്ത്രി സ്കൈ ന്യൂസിനോട് പറഞ്ഞു.
പ്രാദേശിക തലത്തിൽ കൊവിഡ് വ്യാപന നിരക്ക് അനുസരിച്ച് പുതിയ ഒരു ടിയർ സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാർ നേരത്തെ സൂചന നൽകിയിരുന്നു. ക്രിസ്മസ് ആഘോഷ വേളയിൽ കൊവിഡ് നിയന്ത്രണങ്ങൾ എന്തായിരിക്കണം എന്നതിനെക്കുറിച്ച് യുകെ സർക്കാരും സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ഭരണകൂടങ്ങളും തിരിക്കിട്ട ചർച്ചകൾ നടത്തിവരികയാണ് എന്നാണ് റിപ്പോർട്ടുകൾ.
കുടുംബങ്ങൾ ധാരാളമായി ഒത്തുചേരുന്ന ഉത്സവ കാലത്ത് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
ക്രിസ്മസ് ഡിന്നർ ടേബിളിന് ചുറ്റും എത്ര കുടുംബാംഗങ്ങൾക്ക് ഒത്തുചേരാൻ കഴിയുമെന്ന ചോദ്യത്തോട് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പ്രതികരിച്ചത് ഇങ്ങനെ, “എനിക്കും ഒരു കുടുംബമുണ്ട്, അതിനാൽ ഇക്കാര്യങ്ങളിൽ വ്യക്തത വേണമെന്ന് നിങ്ങളെപ്പോലെ ഞാനും ആഗ്രഹിക്കുന്നു. അടുത്ത ദിവസങ്ങളിൽ സർക്കാർ വിശദാംശങ്ങൾ വ്യക്തമാക്കും.”
എന്തായാലും കൊവിഡ് കാലത്തെ ക്രിസ്മസ് ആഘോഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ബ്രിട്ടീഷുകാർക്ക് നിലവിലെ ലോക്ക്ഡൌൺ അവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്നും മന്ത്രി സൂചന നൽകുന്നു.
അതിനിടെ കൊറോണ വൈറസിനെതിരെ ഫലപ്രദമായ സംരക്ഷണം നൽകാൻ കഴിയുന്ന ഒരു നോസ് സ്പ്രേ ബർമിംഗ്ഹാം സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തതായി റിപ്പോർട്ട്. യൂണിവേഴ്സിറ്റി, ഹെൽത്ത് കെയർ ടെക്നോളജീസ് ഇൻസ്റ്റിറ്റ്യൂട്ട് യുകെ, യൂറോപ്പ്, യുഎസ് റെഗുലേറ്ററി ബോഡികൾ എന്നിവ ഇതിനകം വ്യാപകമായി അംഗീകരിച്ച സംയുക്തങ്ങൾ ഉപയോഗിച്ചാണ് സ്പ്രേയുടെ നിർമ്മാണം.
മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയിൽ ഇതിനകം തന്നെ ഈ സംയുക്തങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ സാധാരണ നിലയിൽ അതീവ സങ്കീർണ്ണമായ അംഗീകാരം ലഭിക്കുന്ന പ്രക്രിയ നോസ് സ്പ്രേയുടെ കാര്യത്തിൽ വളരെ ലളിതമായിരിക്കുമെന്ന് വിദഗ്ദർ പ്രതീക്ഷ പ്രകടിപ്പിച്ചു. അതിനാൽ സ്പ്രേ വളരെ വേഗത്തിൽ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല