
സ്വന്തം ലേഖകൻ: യുകെയിൽ കെയര്‍ ഹോം ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനു പിന്നാലെ എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു. ഏപ്രില്‍ മുതലാണ് പുതിയ നിബന്ധന പ്രാബല്യത്തിലാവുക. സർക്കാർ ശൈത്യകാലത്തിന് മുന്നോടിയായി കൊണ്ടുവരാൻ ലക്ഷ്യമിടുന്ന കോവിഡ് പദ്ധതികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. എന്നാല്‍ 92 ശതമാനം എന്‍എച്ച്എസ് ജീവനക്കാരും ഇതിനകം വാക്‌സിനേഷന്‍ നേടിയതിനാല്‍ വാക്‌സിന്‍ നിബന്ധന അത്യാവശ്യമല്ലെന്നാണ് വിമര്‍ശകരുടെ പക്ഷം.
ഇനിയും വാക്സിൻ എടുക്കാത്ത 150,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏപ്രില്‍ വരെ സമയം അനുവദിക്കും. അതേസമയം എന്‍എച്ച്എസ് ജീവനക്കാര്‍ക്കു വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദിന് ഭിന്നാഭിപ്രായങ്ങള്‍ ഉള്ളതായും റിപ്പോർട്ടുകളുണ്ട്. വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
കെയര്‍ ഹോം മേഖലയില്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കിയെങ്കിലും കാര്യമായ പ്രതികരണം ഉളവാക്കാന്‍ ഇതുവരെ സാധിച്ചില്ലെന്നാണ് കെയര്‍ മേധാവികള്‍ വ്യക്തമാക്കുന്നത്. വാക്‌സിന്‍ നിയമപരമായി നിര്‍ബന്ധമാക്കിയതോടെ 30,000 പേരാണ് കുത്തിവെയ്‌പ്പെടുക്കാന്‍ തയ്യാറായത്. കെയര്‍ ഹോമുകളിൽ ജീവനക്കാർ നവംബര്‍ 11നകം രണ്ട് ഡോസ് വാക്‌സിൻ എടുക്കണമെന്നാണ് നിലവിൽ സർക്കാർ തീരുമാനം.
എന്നാല്‍ ഏകദേശം 60,000 ജോലിക്കാര്‍ ഇപ്പോഴും വാക്‌സിന്‍ സ്വീകരിക്കാൻ വിമുഖരാണ്. വേണ്ടിവന്നാൽ ഹോമുകളിലെ ജോലി തന്നെ ഇവര്‍ ഇതിന്റെ പേരില്‍ ഉപേക്ഷിക്കുമെന്ന് യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. സമാനമായ അവസ്ഥ എന്‍എച്ച്എസില്‍ ഉണ്ടായാല്‍ ജീവനക്കാരുടെ കുറവ് മൂലം വീര്‍പ്പുമുട്ടുന്ന ആശുപത്രികള്‍ക്ക് അത് താങ്ങാനാവില്ല എന്നുറപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല