1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2023

സ്വന്തം ലേഖകൻ: ശമ്പള വർധന ആവശ്യപ്പെട്ട് ബ്രിട്ടനിലെ എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് തിങ്കളാഴ്ച മുതൽ ആരംഭിക്കും. പണിമുടക്കിനെ തുടര്‍ന്ന് സര്‍വീസുകളില്‍ ഗുരുതരമായ തടസങ്ങളുണ്ടാകുമെന്നും ആയിരക്കണക്കിന് രോഗികള്‍ക്ക് തങ്ങളുടെ പതിവ് പരിശോധനകള്‍ മുടങ്ങുമെന്നുമുള്ള മുന്നറിയിപ്പുയര്‍ന്നിട്ടുണ്ട്.

ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ, ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്‌ ആൻഡ് സോഷ്യൽ കെയർ തുടങ്ങിയ സംഘടനകളുടെ ഭാഗമായ ബ്രിട്ടനിലുടനീളമുള്ള ജൂനിയര്‍ ഡോക്ടര്‍മാരാണ് മാര്‍ച്ച്13 മുതല്‍ 72 മണിക്കൂര്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബ്രിട്ടനിലെ മെഡിക്കൽ സ്‌കൂളിൽ നിന്ന് യോഗ്യത നേടി പുറത്തുവരുന്ന ജൂനിയർ ഡോക്ടർമാർക്ക് ലഭിക്കുന്ന ശമ്പളം മണിക്കൂറിന് 14 പൗണ്ടിൽ നിന്ന് 19 പൗണ്ടായി ഉയർത്തണമെന്നാണ് ആവശ്യം.

സമീപ മാസങ്ങളിലുണ്ടായിരിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്കാണിത്. പണിമുടക്ക് സമയത്ത് എമര്‍ജന്‍സി കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, മെറ്റേര്‍ണിറ്റി കെയര്‍ എന്നിവയക്ക് മുന്‍ഗണന നല്‍കിയായിരിക്കും എന്‍എച്ച്എസ് പ്രവര്‍ത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ ഇലക്ടീവ് കെയര്‍, കാന്‍സര്‍ സര്‍ജറി എന്നിവയ്ക്കായി ദീര്‍ഘകാലമായി കാത്തിരിക്കുന്നവര്‍ക്കും സാധ്യമായ രീതിയില്‍ മുന്‍ഗണന നല്‍കുന്നതായിരിക്കും.

മെഡിക്കല്‍ വര്‍ക്ക് ഫോഴ്സിന്റെ പകുതിയോളം വരുന്ന ഏതാണ്ട് 61,000 ജൂനിയര്‍ ഡോക്ടര്‍മാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാനായി എമര്‍ജന്‍സി കെയര്‍ അര്‍ജന്റ് കെയര്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കാന്‍ ഈ അവസരത്തില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കും.

അത്യാവശ്യ ഘട്ടത്തില്‍ അര്‍ഹരായവര്‍ക്ക് 999, എ ആന്‍ഡ് ഇ തുടങ്ങിയവയെ പ്രയോജനപ്പെടുത്താമെന്ന് നിര്‍ദേശിച്ച് എന്‍എച്ച്എസ് മെഡിക്കല്‍ ഡയറക്ടറായ പ്രഫ. സര്‍ സ്റ്റീഫന്‍ പോവിസ് രംഗത്തെത്തിയിട്ടുണ്ട്. സമരത്തിന്റെ ആഘാതം കുറയ്ക്കാന്‍ എന്‍എച്ച്എസ് ആത്മാർഥമായി പരിശ്രമിക്കുന്നുണ്ടെന്ന് സ്റ്റീഫന്‍ പോവിസ് പറഞ്ഞു. അത്യാവശ്യക്കാര്‍ക്ക് എന്‍എച്ച്എസിന്റെ 111 എന്ന നമ്പർ ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.