
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ തങ്ങളുടെ 72 മണിക്കൂര്‍ പണിമുടക്ക് മുന്നോട്ട് പോകുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാരുടെ യൂണിയന്‍. വ്യാഴാഴ്ച സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണിത്. ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയുമായുള്ള ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നു ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) പ്രതിനിധികള്‍ പറഞ്ഞു.
ആംബുലന്‍സ് തൊഴിലാളികള്‍, നഴ്‌സുമാര്‍, ഫിസിയോകള്‍, ഏറ്റവും ഒടുവില്‍ ജൂനിയര്‍ ഡോക്ടര്‍മാരും ശമ്പളത്തിനുവേണ്ടി വാക്കൗട്ട് സംഘടിപ്പിക്കുകയാണ്. നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ ഒഴികെയുള്ള മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഈ വര്‍ഷം ശരാശരി 4.75% സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ നാണയപ്പെരുപ്പം മൂലം ജീവിതച്ചെലവ് ഉയരുന്നതിന് ഇതിനേക്കാള്‍ ഉയര്‍ന്ന ശമ്പളം ഉയര്‍ത്തണമെന്ന് യൂണിയനുകള്‍ പറയുന്നു.
മാര്‍ച്ച് 13ന് തുടര്‍ച്ചയായ മൂന്നു ദിവസം ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാരാണ് 72 മണിക്കൂര്‍ വാക്കൗട്ടില്‍ സമരം ചെയ്യുക. ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലാഴ്ത്തുന്ന നടപടിയായിരിക്കും ഇതെന്ന് യൂണിയന്‍ മേധാവികളും സ്ഥിരീകരിച്ചു.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ 47,000ത്തോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ വരെ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പണിമുടക്ക് ഏറ്റവും ദോഷകരമായി ബാധിക്കുമെന്നും 100,000 എന്‍എച്ച്എസ് ഓപ്ഷനുകള്‍ കൂടി റദ്ദാക്കപ്പെടുമെന്നും ആരോഗ്യ വിദഗ്ധര്‍ ഭയപ്പെടുന്നു.
പണിമുടക്ക് തീയതി പ്രഖ്യാപിച്ച ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) ജൂനിയര്‍ ഡോക്ടേഴ്‌സ് കമ്മിറ്റി കോ-ചെയര്‍മാരായ ഡോ. റോബ് ലോറന്‍സണും ഡോ. വിവേക് ത്രിവേദിയും വ്യാവസായിക നടപടിയില്‍ ജനങ്ങള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തണമെന്ന് പറഞ്ഞു.
കഴിഞ്ഞ വേനല്‍ക്കാലം മുതല്‍, ഓരോ ആരോഗ്യ സെക്രട്ടറിയുടെയും ശ്രദ്ധയില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളവര്‍ദ്ധനാ വിഷയം ചര്‍ച്ചയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. പലതവണ ഇക്കാര്യം ചൂണ്ടിക്കാട്ടി എഴുതിയിട്ടുണ്ട്. ഇന്നലെയും ഇതിനൊരു പരിഹാരം കണ്ടെത്താന്‍ സ്റ്റീവ് ബാര്‍ക്ലേ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ, അതുണ്ടായില്ല.
റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗുമായി (ആര്‍സിഎന്‍) ശമ്പള ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള സര്‍ക്കാരിന്റെ സമീപകാല തീരുമാനമാണ് പണിമുടക്ക് തീയതി പ്രഖ്യാപിക്കുന്നതിലേക്ക് ജൂനിയര്‍ ഡോക്ടര്‍മാരെയും നയിച്ചതെന്നാണ് വിലയിരുത്തല്‍.
ചര്‍ച്ച തുടങ്ങുകയും തങ്ങള്‍ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്ന ഒരു കരാര്‍ അംഗീകരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. 30 ശതമാനം വര്‍ദ്ധനവാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല