
സ്വന്തം ലേഖകൻ: 35 ശതമാനം എന്ന വമ്പന്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടു ഏപ്രിലില്‍ തുടര്‍ച്ചയായി നാല് ദിവസം സമരം പ്രഖ്യാപിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍. ശമ്പളപ്രശ്‌നത്തില്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ അടുത്ത മാസം 96 മണിക്കൂര്‍ സമരം പ്രഖ്യാപിച്ച് രോഗികളെ വെല്ലുവിളിക്കുന്നത് . ഏപ്രില്‍ 11 രാവിലെ 7 മുതല്‍ ഏപ്രില്‍ 15 രാവിലെ 7 വരെയാണ് പണിമുടക്ക് അരങ്ങേറുകയെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ മേധാവികള്‍ വ്യക്തമാക്കി.
ബാങ്ക് ഹോളിഡേ വീക്കെന്‍ഡിന് തൊട്ടുപിന്നാലെയാണ് സമരനടപടികള്‍ ആരംഭിക്കുക. ഈ ഘട്ടത്തില്‍ ക്രിസ്മസ് ദിനത്തിലെ സേവനങ്ങള്‍ മാത്രമാണ് എന്‍എച്ച്എസിന് നല്‍കാന്‍ കഴിയുക. മെച്ചപ്പെട്ട ഓഫര്‍ ലഭിക്കാതെ വന്നതോടെ സമരത്തിന് ഇറങ്ങാന്‍ നിര്‍ബന്ധിതമായതെന്ന് യൂണിയന്‍ അധികൃതര്‍ വാദിക്കുന്നു. പണപ്പെരുപ്പം മറികടക്കുന്ന 35 ശതമാനം വര്‍ദ്ധനയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.
നിരാശയോടെയും, രോഷത്തോടെയുമാണ് പുതിയ സമരനടപടികള്‍ പ്രഖ്യാപിക്കുന്നതെന്ന് ബിഎംഎ ജൂനിയര്‍ ഡോക്ടര്‍ കമ്മിറ്റി കോ-ചെയറുമാരായ ഡോ. വിവേക് ത്രിവേദിയും, ഡോ. റോബര്‍ട്ട് ലോറെന്‍സനും പറഞ്ഞു. ഗവണ്‍മെന്റിന്റെ തലയിലാണ് പുതിയ സമരനടപടികളുടെ ഉത്തരവാദിത്വം ബിഎംഎ ചാര്‍ത്തുന്നത്.
35 ശതമാനത്തില്‍ കുറഞ്ഞതൊന്നും സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് ബിഎംഎ പ്രതിനിധികള്‍ വ്യക്തമാക്കിയതോടെയാണ് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയുമായുള്ള ചര്‍ച്ചകള്‍ തകര്‍ന്നത്. സൗജന്യ കാര്‍ പാര്‍ക്കിംഗ്, എക്‌സാം ഫീസ് നിരോധനം, ഭാവി ശമ്പളവര്‍ദ്ധനവുകള്‍ പണപ്പെരുപ്പത്തിന് ആനുപാതികമാകും തുടങ്ങിയ വിഷയങ്ങളില്‍ ഉറപ്പുകളും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ച മൂന്ന് ദിവസത്തെ സമരത്തില്‍ 175,000-ലേറെ എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകളും, പ്രൊസീജ്യറുകളുമാണ് റദ്ദാക്കേണ്ടി വന്നത്. തുടര്‍ച്ചയായി നാല് ദിവസം സമരം നീണ്ടാല്‍ പ്രത്യാഘാതവും ഇതിലും വലുതാവും. ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അന്യായമാണെന്നും, ഇപ്പോള്‍ രാഷ്ട്രീയം കളിച്ച് ഒരു പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്നും വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.
നഴ്‌സുമാരും, പാരാമെഡിക്കുകളും, മിഡ്‌വൈഫുമാരും, ഫിസിയോതെറാപ്പിസ്റ്റുകളും കഴിഞ്ഞ ആഴ്ച മെച്ചപ്പെട്ട 5 ശതമാനം ശമ്പളവര്‍ദ്ധന അംഗീകരിച്ചിരുന്നു. 3789 പൗണ്ട് വരെയുള്ള ഒറ്റത്തവണ ബോണസും ഇതില്‍ ഉള്‍പ്പെടും. ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കാനും ഈ യൂണിയനുകള്‍ തയ്യാറായിരുന്നു. എന്നാല്‍ ഇത്തരം നിബന്ധനകള്‍ അംഗീകരിക്കില്ലെന്നാണ് ബിഎംഎയുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല