1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2022

സ്വന്തം ലേഖകൻ: എൻഎച്ച്എസിന്റെ ചരിത്രത്തിൽ നഴ്‌സുമാർ നടത്തുന്ന ഏറ്റവും വലിയ പണിമുടക്ക് യുകെ സമയം രാവിലെ 8 മണിക്ക് ആരംഭിക്കും. സമരം പിൻവലിപ്പിക്കാൻ കഴിയാതെ സർക്കാരിന് പ്രധാനമന്ത്രി ‘നാണക്കേടിന്റെ ബാഡ്ജ്’ നൽകിയിരിക്കുകയാണെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ പാർലമെന്റിൽ പറഞ്ഞു. ഋഷി സുനക് അധികാര മയക്കത്തിൽ ആണെന്നും ലേബർ നേതാവ് ആരോപിച്ചു.

ശമ്പള തർക്കം പരിഹരിക്കാൻ നഴ്സുമാരുമായി ചർച്ച നടത്തണമെന്ന് കീർ സ്റ്റാർമർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ നഴ്‌സുമാർക്ക് ന്യായമായ ശമ്പള വർധന ഓഫർ നൽകിയിട്ടുണ്ടെന്നും സർക്കാർ എല്ലാ യൂണിയനുകളുമായും ചർച്ചകൾ നടത്തുന്നുണ്ടെന്നും സുനക് വിശദീകരിച്ചു. റോയൽ കോളജ് ഓഫ് നഴ്‌സിങ് (ആർസിഎൻ) യൂണിയനിലെ നഴ്‌സുമാർ ഡിസംബർ 15, 20 തീയതികളിൽ ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലാണ് പണിമുടക്കുന്നത്. സ്കോട്ട്ലാൻഡിൽ 7.5% ശമ്പള വർധന അംഗീകരിച്ച് രണ്ട് യൂണിയനുകൾ പണിമുടക്കിൽ നിന്നും പിന്മാറി. എന്നാൽ ആർസിഎൻ അവിടെയും പണിമുടക്ക് നടത്തുന്നുണ്ട്.

വിലക്കയറ്റത്തിന് ആനുപാതികമായി ആർസിഎൻ യൂണിയൻ 19.2% ശമ്പള വർധനവാണ് ആവശ്യപ്പെടുന്നത്. എന്നാൽ ഇത് താങ്ങാനാവില്ലെന്ന് സർക്കാർ പറയുന്നു. ആർസിഎൻ യൂണിയൻ സെക്രട്ടറി പാറ്റ് കുള്ളനും ബ്രിട്ടനിലെ ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേയും തമ്മിലുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച പരാജയപ്പെട്ടിരുന്നു. സമര ദിവസവും നഴ്‌സുമാർ ആശുപത്രികളിൽ അടിയന്തര പരിചരണം നൽകുമെങ്കിലും പതിവ് സേവനങ്ങളെയും ആശുപത്രികളുടെ സാധാരണ പ്രവർത്തനങ്ങളെയും സമരം കാര്യമായി ബാധിക്കും.

പണിമുടക്ക് സംബന്ധിച്ച് ചർച്ചചെയ്യാൻ ബുധനാഴ്ച രാവിലെ സർക്കാരിന്റെ കോബ്ര കമ്മിറ്റി രണ്ടാമതും അടിയന്തര യോഗം ചേർന്നെങ്കിലും നഴ്‌സുമാരുടെ കാര്യത്തിൽ അനുകൂല തീരുമാനം ഒന്നുമുണ്ടായില്ല. റോയൽ കോളജ് ഓഫ് നഴ്സിങിന്റെ ഒരുനൂറ്റാണ്ടു കാലത്തെ ചരിത്രത്തിനിടയിൽ ഇതാദ്യമായാണ് ഇത്രയും നഴ്‌സുമാർ സമരം നടത്തുന്നുന്നത്. ആർസിഎൻ യൂണിയന്റെ ഒരു ലക്ഷം അംഗങ്ങൾ ഉൾപ്പടെ ഏകദേശം ഒന്നര ലക്ഷത്തിലധികം നഴ്സുമാരാണ് പണിമുടക്കിൽ ഏർപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.