
സ്വന്തം ലേഖകൻ: വേതന വർധന, രോഗികളുടെ സുരക്ഷ വർധിപ്പിക്കൽ തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇംഗ്ലണ്ടിലുടനീളമുള്ള 55 എൻഎച്ച്എസ് ട്രസ്റ്റുകളിലെ നഴ്സിങ് ജീവനക്കാർ ആരംഭിച്ച രണ്ടാംഘട്ട പണിമുടക്ക് ഇന്നും തുടരും. ഡിസംബറിൽ ഇംഗ്ലണ്ടിലെ 44 എൻഎച്ച്എസ് ട്രസ്റ്റുകളിലെ ഒരു ലക്ഷത്തോളം ആർസിഎൻ അംഗങ്ങൾ ആണ് പണിമുടക്കിൽ പങ്കെടുത്തത്.
ഇത്തവണ പണിമുടക്കുന്ന ജീവനക്കാരുടെ എണ്ണം പുറത്തു വന്നിട്ടില്ലെങ്കിലും ഡിസംബറിലെ പണിമുടക്കിൽ പങ്കെടുത്തത്തിലും അധികം ജീവനക്കാർ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നഴ്സുമാരുടെ ആവശ്യങ്ങളിൽ ക്രിയാത്മക ഇടപെടലുകളും ഔപചാരിക ചർച്ചകളും ആരംഭിക്കാൻ ഇപ്പോൾ നടക്കുന്ന പണിമുടക്കുകൾ യുകെ ഗവൺമെന്റിനെ നിർബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആർസിഎൻ പറഞ്ഞു.
എന്നാൽ മന്ത്രിമാർ ഇതുവരെ ഗൗരവമായ ചർച്ചകളിൽ പങ്കെടുക്കാൻ സമ്മതിക്കുന്നതിന് പകരം പണിമുടക്കുകൾ തുടരട്ടെയെന്ന സമീപനവുമായി മുന്നോട്ടുപോവുകയാണ്. ജനുവരി അവസാനത്തോടെ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ, ഇംഗ്ലണ്ടിലെ 73 എൻഎച്ച്എസ് ട്രസ്റ്റുകളിലെയും വെയിൽസിലെയും കൂടുതൽ നഴ്സുമാരെ ഉൾപ്പെടുത്തി ഫെബ്രുവരി 6, 7 തീയതികളിൽ മൂന്നാംഘട്ട പണിമുടക്ക് ആരംഭിക്കുമെന്ന് ആർസിഎൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നഴ്സിങ് ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഋഷി സുനക് മുൻകൈ എടുക്കണമെന്നും ഇന്നത്തെ പണിമുടക്ക് അവസാനിക്കുമ്പോൾ മൂന്നാഴ്ച കൂടി സുനകിന് സമയം കിട്ടുമെന്നും ആർസിഎൻ പറഞ്ഞു. എൻഎച്ച്‌എസിലെ കാര്യങ്ങൾ അത്രത്തോളം ഗുരുതരമാണെന്നും ഭാവിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകണമെന്നും ആർസിഎൻ ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ പറഞ്ഞു.
ഇന്നലെ നടന്ന പണിമുടക്കിൽ കീമോതെറാപ്പി, കിഡ്നി ഡയാലിസിസ്, തീവ്രപരിചരണം തുടങ്ങിയ സേവനങ്ങൾ അടിയന്തര പരിരക്ഷയുടെ ഭാഗമായി പ്രവർത്തിച്ചു. മറ്റ് വിഭാഗങ്ങളിൽ പണിമുടക്ക് കാര്യമായി ബാധിച്ചു. ശമ്പളവര്‍ധനയെ ചൊല്ലി മന്ത്രിസഭയ്ക്കുള്ളില്‍ കടുത്ത അഭിപ്രായ ഭിന്നത ഉള്ളതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇനിയുള്ള പണിമുടക്കുകൾ ഒഴിവാക്കാന്‍ ഹെല്‍ത്ത് സെക്രട്ട്രി സ്റ്റീവ് ബാര്‍ക്ലേ നടത്തുന്ന ശ്രമങ്ങള്‍ക്ക് ചന്‍സലര്‍ ജെറെമി ഹണ്ട് തടയിടുന്നു എന്നാണ് ആക്ഷേപം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല