
സ്വന്തം ലേഖകൻ: ശമ്പളവർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇംഗ്ലണ്ടിലെ 55 എന്‍എച്ച്എസ് ട്രസ്റ്റുകളിൽ നിന്നുള്ള നഴ്സുമാര്‍ നടത്തിയ രണ്ടാംഘട്ട പണിമുടക്ക് കഴിഞ്ഞ ദിവസം അവസാനിച്ചു. ശക്തമായ മഞ്ഞുവീഴ്ച അവഗണിച്ചും നഴ്സുമാരുടെ രണ്ടാംഘട്ട സമരത്തിൽ യുകെയിലുടനീളം പങ്കെടുത്തത് ഒരു ലക്ഷത്തിലേറെ നഴ്സുമാരാണ്. ഇനി ഫെബ്രുവരി 6, 7 തിയതികളിൽ കൂടുതൽ എൻഎച്ച്എസ് ട്രസ്റ്റുകളിലെ നഴ്സുമാരെ പങ്കെടുപ്പിച്ചു പണിമുടക്ക് ഉണ്ടാകും.
അതിനിടെ യൂണിയനുകള്‍ ഒത്തുതീർപ്പ് എന്ന നിലയിൽ മുന്നോട്ടു വെച്ച പത്തു ശതമാനം ശമ്പള വര്‍ധന എന്ന ആവശ്യം തള്ളികളയുന്നതായി ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. നോര്‍ത്ത് വിക്ക് പാര്‍ക്ക് ഹോസ്പിറ്റല്‍ സന്ദര്‍ശന വേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബാർക്ലേ.
19 ശതമാനം വർധനയ്ക്ക് പകരം 10 ശതമാനം മുന്നോട്ട് വെച്ച നഴ്സുമാരുടെ ആവശ്യം ന്യായമല്ലേ എന്ന ചോദ്യത്തിന് പത്തു ശതമാനം താങ്ങാവുന്നതല്ലെന്നും ഇതു പ്രതിവര്‍ഷം 3.6 ബില്യണ്‍ പൗണ്ട് അധിക ബാധ്യത വരുത്തുമെന്നും ബാർക്ലേ മറുപടി പറഞ്ഞു. ഇതിനായി ഫണ്ട് കണ്ടെത്തുന്നതിന് സര്‍ക്കാരിന് രോഗികളുടെ സേവനങ്ങളില്‍ നിന്നും അവശ്യ സേവനങ്ങളില്‍ നിന്നും പണം കണ്ടെത്തേണ്ടിവരുന്ന അവസ്ഥയുണ്ടാകുമെന്നും ബാർക്ലേ ചൂണ്ടിക്കാട്ടി.
ഗവണ്‍മെന്റ് ശമ്പളവര്‍ധന വിഷയത്തില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് റോയല്‍ കോളേജ് ഓഫ് നഴ്സിങ് ഫെബ്രുവരി മാസത്തെ മൂന്നാംഘട്ട പണിമുടക്ക് തിയതികൾ കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. മൂന്നാംഘട്ടത്തില്‍ 73 ലേറെ ട്രസ്റ്റുകളിലേക്ക് സമരം വ്യാപിപ്പിക്കുമെന്നാണ് ആർസിഎൻ മുന്നറിയിപ്പ്. ഫെബ്രുവരി 6, 7 തിയതികളിലാണ് പണിമുടക്ക്.
ഫെബ്രുവരി ആറിന് നഴ്സുമാർ പണിമുടക്ക് നടത്തുന്ന അതേ ദിവസം തന്നെ എൻഎച്ച്എസിലെ ആംബുലന്‍സ് ഡ്രൈവര്‍മാരും പണിമുടക്ക് നടത്തും. ഫെബ്രുവരി 6, 20 തീയതികളിലും മാര്‍ച്ച് 6, 20 എന്നീ തിയതികളിലുമാണ് ആംബുലന്‍സ് ഡ്രൈവര്‍മാർ പണിമുടക്കുന്നത്. അന്നേ ദിവസം പാരാമെഡിക്കുകള്‍, കോള്‍ ഹാന്‍ഡ്ലര്‍മാര്‍, സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ എന്നിവരും പണിമുടക്കും. അതുകൊണ്ട് തന്നെ ഇക്കഴിഞ്ഞ പണിമുടക്കുകളെ അപേക്ഷിച്ച് രൂക്ഷമായ പ്രതിസന്ധിയിലേക്ക് എന്‍എച്ച്എസ് നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ ബ്രിട്ടനിൽ ശക്തമായ മഞ്ഞുവീഴ്ച തുടരുന്നു. പല ഭാഗത്തും 10 ഇഞ്ച് വരെ ഉയരത്തിൽ മഞ്ഞു വീഴ്ചയുണ്ടായി. റോഡുകളിൽ മഞ്ഞു വീഴുന്നത് മൂലം ഗതാഗത തടസങ്ങൾ രൂക്ഷമാണ്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ സോമർസെറ്റ് ഉൾപ്പടെ ബ്രിട്ടന്റെ 52 സ്ഥലങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും 84 സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിനുള്ള ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. പലയിടത്തും വെള്ളം പമ്പ് ചെയ്തു മാറ്റുന്നുണ്ട്.
ആര്‍ട്ടിക് ബ്ലാസ്റ്റ് ആഞ്ഞടിക്കുന്നതിന്റെ ഭാഗമായി മഞ്ഞുവീഴ്ച ഉൾപ്പടെ പൂജ്യത്തിന് താഴെയുള്ള താപനിലയിലുമാണ് ബ്രിട്ടൻ. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വാഹനാപകടങ്ങളും റിപ്പോർട്ട് ചെയ്യുന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ബ്രിട്ടനിൽ ലെവല്‍ 3 തണുപ്പ് കാലാവസ്ഥ ജാഗ്രത നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തണുപ്പേറിയ സാഹചര്യത്തില്‍ രോഗസാധ്യതയുള്ള കുടുംബാംഗങ്ങളിലും അയല്‍ക്കാരിലും ശ്രദ്ധവേണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. സ്‌കോട്‍ലൻഡിൽ രാത്രിയോടെ 10 ഇഞ്ച് വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് പ്രവചനം.
കഴിഞ്ഞ ദിവസം രാത്രിയില്‍ 13 ഇഞ്ച് വരെ മഞ്ഞു വീണിരുന്നു. യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ യുകെയുടെ പടിഞ്ഞാറൻ ഭാഗങ്ങളില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ വെയില്‍സ്, നോര്‍ത്ത് സ്‌കോട്‍ലൻഡ് എന്നിവിടങ്ങളിലും വ്യാഴാഴ്ച ഉച്ച വരെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ബാധകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല