1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2023

സ്വന്തം ലേഖകൻ: ശമ്പള വർധന ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബ്രിട്ടനിൽ ആരംഭിച്ച നഴ്സുമാരുടെ മൂന്നാംഘട്ട പണിമുടക്കിലും ആംബുലൻസ് ജീവനക്കാരുടെ പണിമുടക്കിലും പതിനായിരങ്ങൾ പങ്കെടുത്തു. നഴ്സുമാരുടെ പണിമുടക്ക് ഇന്നും തുടരും. നഴ്സിങ് ജീവനക്കാരുടെ യൂണിയനായ റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ നേതൃത്വത്തിലും ആംബുലൻസ് ജീവനക്കാരുടെ സംഘടനകളായ ജിഎംബി, യുണൈറ്റ് എന്നിവയുടെ നേതൃത്വത്തിലുമാണ് പണിമുടക്കുകൾ നടക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന പണിമുടക്കിൽ എൻഎച്ച്എസ് ഇതുവരെയില്ലാത്ത പ്രതിസന്ധി വിവിധ ആശുപത്രികളിൽ നേരിട്ടു. നഴ്സുമാരും ആംബുലൻസ് ജീവനക്കാരും ഒരേ ദിവസം പണിമുടക്കിയതിനാലാണ് പ്രതിസന്ധി ഉണ്ടായത്. കൂടാതെ പണിമുടക്കിൽ ഇത്തവണ കൂടുതൽ എൻഎച്ച്എസ് ട്രസ്റ്റുകളിൽ നിന്നുള്ള ജീവനക്കാർ പങ്കെടുക്കുകയും ചെയ്തു. നഴ്സുമാരുടെ പണിമുടക്കിൽ പങ്കെടുത്ത് ശമ്പളം നഷ്ടപ്പെടുന്നവർക്ക് 50 പൗണ്ട് വീതം ആർസിഎൻ നൽകുന്നുണ്ട്.

നഴ്സുമാരുടെ പണിമുടക്ക് അവസാനിപ്പിക്കാനുള്ള ആർസിഎൻ യൂണിയന്റെ സന്നദ്ധത ആവർത്തിച്ച് അവഗണിക്കാനാണ് പ്രധാനമന്ത്രി ഋഷി സുനകിന്റെ തീരുമാനമെന്ന് കരുതുന്നതായി ആർസിഎൻ ജനറൽ സെക്രട്ടറി പാറ്റ്‌ കുള്ളൻ പറഞ്ഞു. ഇങ്ങനെ പോയാൽ നഴ്സുമാരുടെ പണിമുടക്കുകൾ ശക്തമായി തുടരുക തന്നെ ചെയ്യുമെന്ന് പാറ്റ് കുള്ളൻ മുന്നറിയിപ്പ് നൽകി. 19 % ശമ്പള വർധന ആണ് നഴ്സുമാരുടെ ഔദ്യോഗിക ആവശ്യമെങ്കിലും ഏറ്റവും കുറഞ്ഞത് 7 % വർധനയിൽ പണിമുടക്ക് അവസാനിപ്പിക്കാനും ആർസിഎൻ സന്നദ്ധമാണെന്ന സൂചനകൾ പുറത്തു വന്നിരുന്നു.

ബ്രിട്ടനിലെ ആംബുലൻസ് ജീവനക്കാരെ രണ്ടാംതരം പൗരന്മാരായി ഗവണ്മെന്റ് കാണരുതെന്ന് ജിഎംബി യൂണിയൻ ജനറൽ സെക്രട്ടറി ഗ്രേ സ്മിത്ത് ആരോപിച്ചു. ടോറി ഗവൺമെന്റ് അലസത അവസാനിപ്പിച്ച് ഉണർന്നെഴുന്നേൽക്കണമെന്നും ശമ്പള വർധന നടപ്പിലാക്കണമെന്നും ഗ്രേ സ്മിത്ത് ആവശ്യപ്പെട്ടു. ആംബുലൻസ് ജീവനക്കാർ ഫെബ്രുവരി 17, 20, 22 തീയതികളിലും മാർച്ച് 6, 20 തീയതികളിലും പണിമുടക്ക് നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.