1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2023

സ്വന്തം ലേഖകൻ: റോയല്‍ കോളേജ് ഓഫ് നഴ്സിങിന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന എൻഎച്ച്എസ് പണിമുടക്കിന് അന്ത്യം. ഇംഗ്ലണ്ടിലെ ആര്‍സിഎന്‍ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ബാലറ്റിങിൽ ആവശ്യത്തിന് വോട്ട് നേടാന്‍ കഴിയാതെ വന്നതോടെയാണ് നഴ്സുമാരുടെ പണിമുടക്കിന് അവസാനമാകുന്നത്.

വോട്ടെടുപ്പിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും പണിമുടക്കിനെ അനുകൂലിച്ചെങ്കിലും ട്രേഡ് യൂണിയന്‍ നിയമങ്ങള്‍ പ്രകാരമുള്ള പരിധിയായ 50% വോട്ട് നേടാന്‍ സാധിക്കാതെ വരികയായിരുന്നു. 43% അംഗങ്ങള്‍ മാത്രമാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ആറ് മാസത്തേക്ക് സമരം ചെയ്യാനുള്ള മുന്‍ ബാലറ്റിന്റെ കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും അഭിപ്രായം തേടിയത്.

സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഈ വര്‍ഷത്തെ 5% ശമ്പള വർധനവും ചുരുങ്ങിയത് 1655 പൗണ്ട് വരുന്ന ഒറ്റത്തവണ ബോണസും തള്ളിക്കളഞ്ഞ പ്രമുഖ എൻഎച്ച്എസ് യൂണിയനുകളിൽ ഒന്നാണ് ആര്‍സിഎന്‍. എൻഎച്ച്എസ് പണിമുടക്കിൽ പങ്കെടുത്ത മറ്റ് യൂണിയനുകളിൽ ഭൂരിപക്ഷവും കരാറിനെ പിന്തുണച്ചതോടെ ശമ്പള വർധന നല്‍കിത്തുടങ്ങിയിരുന്നു.

ബാലറ്റില്‍ തിരിച്ചടി നേരിട്ടെങ്കിലും മാന്യമായ ശമ്പളവും, സുരക്ഷിതമായ തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ടുള്ള പോരാട്ടം തുടരുമെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ വ്യക്തമാക്കി.

അതിനിടെ ഇംഗ്ലണ്ടിൽ എന്‍എച്ച്എസ് ചരിത്രത്തില്‍ സമാനതകളില്ലാത്ത തോതില്‍ പ്രതിസന്ധികൾ സൃഷ്ടിച്ച് സീനിയര്‍ ഡോക്ടര്‍മാരും സമരത്തിന് ഇറങ്ങുന്നു. ജൂനിയര്‍ ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി അഞ്ച് ദിവസം പണിമുടക്കുന്നതിന് പിന്നാലെയാണ് രോഗികള്‍ക്ക് ദുരിതം സമ്മാനിക്കുന്ന പണിമുടക്കുകൾ നടത്തുമെന്ന് സീനിയർ ഡോക്ടർമാർ പ്രഖ്യാപിച്ചത്. അടുത്ത മാസം സീനിയര്‍ ഡോക്ടര്‍മാര്‍ 48 മണിക്കൂര്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ (ബിഎംഎ) പ്രഖ്യാപനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.