1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2023

സ്വന്തം ലേഖകൻ: ലോകത്തെ മികച്ച പൊതു ആരോഗ്യ സേവന കേന്ദ്രങ്ങളിൽ ഒന്നായ യുകെയിലെ നാഷണൽ ഹെൽത്ത്‌ സർവീസ് (എൻഎച്ച്എസ്) 75ന്‍റെ നിറവിൽ. ഇതോട് അനുബന്ധിച്ച് യുകെയിലെ എൻഎച്ച്എസ് ആശുപത്രികൾ കേന്ദ്രീകരിച്ചു നിരവധി ആഘോഷങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. പ്രതിദിനം ഒരു ദശലക്ഷത്തിലധികം ആളുകളെ ചികിത്സിക്കുന്ന എൻഎച്ച്എസ് 1948 ജൂലൈ അ​​​ഞ്ചിനാണ് ആരംഭിച്ചത്. യുകെയിൽ എല്ലാവർക്കും സൗജന്യമായി ലഭ്യമായ ആദ്യത്തെ സാർവത്രിക ആരോഗ്യ സംവിധാനമായിരുന്നു എൻഎച്ച്എസ്.

ബ്രിട്ടനിൽ ലേബർ പാർട്ടി നേതാവ് ക്ലമന്റ് അറ്റ്ലീ പ്രധാനമന്ത്രി ആയിരിക്കെയാണ് അന്നത്തെ ആരോഗ്യ സെക്രട്ടറി അനൂറിൻ ബെവൻ മാഞ്ചസ്റ്ററിൽ എൻഎച്ച്എസിന്റെ ആദ്യ ഹോസ്പിറ്റൽ ആരംഭിച്ചത്. പാർക്ക് ഹോസ്പിറ്റൽ എന്ന പേരിൽ ആരംഭിച്ച സ്ഥാപനം ഇന്ന് ട്രാഫോർഡ് ജനറൽ ഹോസ്പിറ്റൽ എന്നറിയപ്പെടുന്നു. ഇന്ന് പതിനായിരകണക്കിന് മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാരാണ് യുകെയിലെ വിവിധ എൻഎച്ച്എസ് ആശുപത്രികളിൽ ജോലി ചെയ്യുന്നത്.

യുകെയിലുള്ള 80% മലയാളി കുടുംബങ്ങളിൽ നിന്നുള്ളവരിൽ ഒരാളെങ്കിലും എൻഎച്ച്എസിൽ ജോലി ചെയ്യുന്നവരിൽ ഉൾപ്പെടുന്നുണ്ട്.എൻഎച്ച്എസിൽ ആകെ ജോലി ചെയ്യുന്നവരുടെ എണ്ണം ഏകദേശം 1.27 ദശലക്ഷത്തോളം വരും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ധാരാളം ആളുകൾ എൻഎച്ച്എസ് ആശുപത്രികളിൽ ജോലി ചെയ്യുന്നുണ്ട്.

എൻഎച്ച്എസ് ആരംഭിക്കുമ്പോൾ പരുക്കുകൾക്കും അണുബാധയ്ക്കുമുള്ള ചെറിയ ചികിത്സകളായിരുന്നു പ്രധാന സേവനം. എന്നാൽ ഇന്ന് മിക്ക രോഗങ്ങൾക്കും ചികിത്സകൾ ലഭ്യമാണ്. കഴിഞ്ഞ 75 വർഷങ്ങളായി യുകെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും എൻഎച്ച്എസ് സേവനങ്ങൾ പ്രധാന ഘടകമായി തന്നെ നില നിൽക്കുന്നു എന്നതാണ് യാഥാർഥ്യം. ചാൾസ് രാജാവ്, പ്രധാനമന്ത്രി ഋഷി സുനാക് എന്നിവർ ഉൾപ്പടെയുള്ള പ്രമുഖർ എൻഎച്ച്എസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ ചടങ്ങുകളിൽ പങ്കെടുത്തു.

കിരീടധാരണത്തിന് ശേഷം ആദ്യമായി യുകെയുടെ അംഗ രാജ്യമായ സ്കോട്ട്​ലണ്ടി‌ലെത്തിയ ചാൾസ് മൂന്നാമൻ രാജാവ് എഡിൻബർഗിലെ റോയൽ ഇൻഫർമറി ഹോസ്പിറ്റൽ സന്ദർശിച്ച്‌ ജീവനക്കാരെയും രോഗികളെയും കണ്ടു. കുടുംബമായി കേക്ക് മുറിച്ചും മധുരം പങ്കു വെച്ചും എൻഎച്ച്എസ് ആഘോഷങ്ങളിൽ പങ്കുചേർന്നു. എൻഎച്ച്എസിന്റെ ജന്മദിന കേക്ക് മുറിക്കാൻ ഭാര്യ കാമില രാജ്ഞിയുമായി നിക്കുമ്പോൾ എൻഎച്ച്എസിന് തന്റെ പ്രായമായെന്നും കാര്യങ്ങൾ പഴയത് പോലെ പ്രവർത്തിക്കുന്നില്ലന്നും തമാശ രൂപേണ പറഞ്ഞത് ജീവനക്കാർക്കും രോഗികൾക്കും ഇടയിൽ ചിരിപടർത്തി.

എൻഎച്ച്എസ് ജീവനക്കാരുള്ള ഒരു കുടുംബത്തിൽ ജനിച്ചു വളർന്ന തനിക്ക് രോഗികൾക്ക് ആവശ്യമായ മുഴുവൻ സമയ പരിചരണവും നൽകാനുള്ള അർപ്പണബോധമുള്ള ജീവനക്കാരുടെ സേവനത്തെ അടുത്തറിയുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഋഷി സുനാക് പറഞ്ഞു. അതിനാൽ തന്റെ പ്രധാന മുൻ‌ഗണനകളിലൊന്ന് ഇപ്പോഴത്തെ രോഗികളുടെ നീണ്ട കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കുക എന്നതാണെന്ന് ഋഷി സുനാക് പറഞ്ഞു.

ഇതിനായി കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ച ചരിത്രപരമായ ദീർഘകാല സ്റ്റാഫിംഗ് പ്ലാൻ പ്രകാരം കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കും. എല്ലാവർക്കും മികച്ച തൊഴിൽ സാഹചര്യവും പരിശീലനങ്ങളും ഒരുക്കുമെന്നും ഋഷി സുനാക് കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.