
സ്വന്തം ലേഖകൻ: കെയര്‍ ഹോമുകള്‍ക്കു സമാനമായി ഇംഗ്ലണ്ടില്‍ യുകെയിൽ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. സർക്കാരിൻ്റെ “വാക്‌സിനില്ലെങ്കില്‍ ജോലിയില്ല“ നയം അനുസരിച്ച് ഏപ്രില്‍ 1നകം കോവിഡിന് എതിരെ എല്ലാ ഫ്രണ്ട്‌ലൈന്‍ എന്‍എച്ച്എസ് ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനേഷന്‍ നേടണമെന്നും, അല്ലാത്തവരെ പുറത്താക്കുമെന്നും ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പ്രഖ്യാപിച്ചു.
മെഡിക്കുകള്‍, ക്ലീനര്‍മാര്‍, പോര്‍ട്ടര്‍മാര്‍, റിസപ്ഷനിസ്റ്റുകള്‍ എന്നീ വിഭാഗങ്ങളില്‍ 103,000 ജീവനക്കാരാണ് വാക്‌സിനെടുക്കാനുള്ളത്. എന്നാല്‍ സമയപരിധി അവസാനിക്കുമ്പോള്‍ ഇതില്‍ കേവലം 22,000 പേരാകും വാക്‌സിനെടുക്കാന്‍ മുന്നോട്ട് വരികയെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ സമ്മതിക്കുന്നത്. 73,000 പേര്‍ വാക്‌സിനെടുക്കാന്‍ സന്നദ്ധരാകാതെ ജോലി നഷ്ടപ്പെടുത്തുമെന്നും കരുതുന്നു. ബാക്കിയുള്ളവര്‍ക്ക് മെഡിക്കല്‍ ഇളവുകളുണ്ട്. നയത്തിന്റെ പ്രത്യാഘാതം വ്യക്തമാക്കുന്ന ധവളപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.
നിര്‍ബന്ധിത വാക്‌സിന് അനുകൂലമാണ് കാര്യങ്ങളെന്ന് ഹെല്‍ത്ത് സെക്രട്ടറി അവകാശപ്പെടുമ്പോള്‍ ഇത് അനാവശ്യമാണെന്ന് വിമര്‍ശകര്‍ പ്രതികരിക്കുന്നു. 90 ശതമാനം ജീവനക്കാര്‍ ഇപ്പോള്‍ തന്നെ ഡബിള്‍ ഡോസ് വാക്‌സിനേഷനും, 93 ശതമാനം പേര്‍ ആദ്യ ഡോസും സ്വീകരിച്ചിട്ടുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്‍എച്ച്എസിലെ ജീവനക്കാരുടെ ക്ഷാമം കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് നയം ഉപകരിക്കുകയെന്ന് ട്രേഡ് യൂണിയന്‍ ജിഎംബി കുറ്റപ്പെടുത്തി.
35,000 നഴ്‌സുമാരും, 10000 ഡോക്ടര്‍മാരും ഉള്‍പ്പെടെ 1 ലക്ഷം വേക്കന്‍സികളാണ് ഹെല്‍ത്ത് സര്‍വ്വീസില്‍ കോവിഡിന് മുന്‍പുണ്ടായിരുന്നത്. അതേസമയം വാക്‌സിനെടുക്കാത്ത നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ രാജിവെയ്ക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. നിയമം നടപ്പാക്കിയതോടെ കെയര്‍ ഹോം ജീവനക്കാര്‍ക്ക് സമാനമായ രീതിയില്‍ എന്‍എച്ച്എസിലും ജോലിയില്‍ തുടരാന്‍ വാക്‌സിനേഷന്‍ നിബന്ധന പാലിക്കണം.
ഇതിനു തയാറാകാത്തവരുടെ ജോലി പോകും. അത് എന്‍എച്ച്എസിലെ ഒഴിവുകള്‍ പെരുകാന്‍ വീണ്ടും ഇടയാക്കും. ഇംഗ്ലണ്ടിലെ കെയര്‍ മേഖലയില്‍ വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്കു ജോലിചെയ്യാനുള്ള സമയ പരിധി വ്യാഴാഴ്ച കഴിയാനിരിക്കെ പ്രധാനമന്ത്രിയോട് അപേക്ഷയുമായി കെയര്‍ മേധാവികള്‍ ‘വാക്‌സിനെടുക്കാത്തവര്‍ക്ക്, ജോലിയില്ലെന്ന’ നയം വ്യാഴാഴ്ച മുതല്‍ പ്രാവര്‍ത്തികമായാല്‍ രാജ്യത്തെ കെയര്‍ മേഖല വലിയ തകര്‍ച്ച നേരിടും. കാരണം അവര്‍ക്ക് നഷ്ടപ്പെടുന്നത് 60,000 ജോലിക്കാരെയാണ്.
വ്യാഴാഴ്ച മുതല്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത കെയര്‍ ഹോം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നതാണ് അവസ്ഥ. 10 ശതമാനം ജീവനക്കാരാണ് മേഖലയില്‍ നിന്നും പോകേണ്ടിവരുക. ഇതോടെ ആവശ്യത്തിന് ജീവനക്കാരില്ലാതെ നിരവധി കെയര്‍ ഹോമുകള്‍ അടച്ച് പൂട്ടേണ്ടി വരുമെന്ന് യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ മേഖലയില്‍ ഈ നയം നടപ്പാക്കുന്നതിന് മുന്‍പ് തന്നെ 100,000 വേക്കന്‍സികള്‍ ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ നയം മൂലം 500 കെയര്‍ ഹോമുകളെങ്കിലും അടയ്‌ക്കേണ്ടി വരുമെന്നാണ് മേഖലയിലെ മേധാവികളുടെ മുന്നറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല