1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2022

സ്വന്തം ലേഖകൻ: ഇത്തവണത്തെ വിന്ററില്‍ രാജ്യവും ജനങ്ങളും നേരിടേണ്ടിവരുന്നത് കടുത്ത പ്രതിസന്ധികളെന്ന് പ്രധാനമന്ത്രി റിഷി സുനാക്. പണപ്പെരുപ്പവും, സമരങ്ങളും, മോശം എന്‍എച്ച്എസ് സേവനങ്ങളും ചേര്‍ന്ന് രാജ്യത്തെ ദുരിതക്കയത്തിലേക്ക് തള്ളിവിടുമെന്ന് സുനാക് മുന്നറിയിപ്പ് നല്‍കി. വരുന്ന മാസങ്ങള്‍ ദുരിതങ്ങളുടേതാകുമെന്ന് സൂചിപ്പിച്ച സുനാക്, ഇതിന് പ്രധാന കാരണമായി മഹാമാരിയുടെ പ്രത്യാഘാതങ്ങളും, യുക്രൈനിലെ സംഘര്‍ഷവുമാണെന്നും ചൂണ്ടിക്കാണിച്ചു.

കാബിനറ്റ് യോഗത്തിലാണ് നിരാശാജനകമായ പ്രവചനങ്ങള്‍ നം.10 നല്‍കിയത്. ‘ശൈത്യകാലത്തിലേക്ക് നോക്കുമ്പോള്‍ രാജ്യത്തിന് വെല്ലുവിളി നിറഞ്ഞ സമയമാകുമെന്നാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചത്’, നം.10 വിശദമാക്കി.

എന്‍എച്ച്എസ് ബാക്ക്‌ലോഗിന് പുറമെ നഴ്‌സുമാരുടേത് ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ സമരങ്ങള്‍, റെയില്‍ സമരം, 11 ശതമാനം വിലക്കയറ്റം എന്നിവ നേരിടാനുള്ള പദ്ധതികളാണ് മന്ത്രിമാര്‍ അണിയറയില്‍ തയ്യാറാക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ സമ്പദ് വ്യവസ്ഥയായി യുകെ മാറുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് സമ്പദ് വ്യവസ്ഥ അടുത്ത അടുത്ത വര്‍ഷം 0.4% ചുരുങ്ങുമെന്നാണ് കണക്കുകൂട്ടല്‍.

ചാന്‍സലര്‍ ജെറമി ഹണ്ട് നടത്തിയ ബജറ്റ് പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുന്നതാണെങ്കിലും വിപണിയെ പിടിച്ചുനിര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇതിന്റെ അലകള്‍ വിപണിയെ ഉലയ്ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ലിസ് ട്രസും, ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗും ചേര്‍ന്ന് നികുതി വെട്ടിക്കുറച്ച് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പ്രത്യാഘാതം രാജ്യം സാക്ഷിയായിരുന്നു.

അതേസമയം, ഹണ്ടിന്റെ പദ്ധതികളെ ടോറി എംപിമാര്‍ എതിര്‍ക്കുന്ന സ്ഥിതിയുമുണ്ട്. ഈ പ്രതികൂല സാഹചര്യം ലേബര്‍ പാര്‍ട്ടി വോട്ടാക്കി മാറ്റുമെന്ന ആശങ്കയും ടോറികള്‍ക്കുണ്ട്. നഴ്‌സുമാരുടെ സമരപ്രഖ്യാപനം എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുമെന്നാണ് ആശങ്ക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.