സ്വന്തം ലേഖകൻ: വിന്റര്‍ സീസണ്‍ എന്‍എച്ച്എസിനെ സംബന്ധിച്ച് ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ്. എന്‍എച്ച്എസില്‍ വിന്റര്‍ പ്രതിസന്ധി ഒഴിവാക്കാനാണ് പ്രഥമ മുന്‍ഗണന നല്‍കുന്നതെന്ന് വിക്ടോറിയ ആറ്റ്കിന്‍സ് വ്യക്തമാക്കി. സീസണിന് ആവശ്യമായ പ്ലാനിംഗ് മുന്‍കൂട്ടി വളരെ നേരത്തെ തന്നെ ആരംഭിച്ചതും ഇതിന് വേണ്ടിയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി പറയുന്നു. നിലവിലുള്ളതിനേക്കാള്‍ 5000 അധികം ബെഡുകളും എന്‍എച്ച്എസ് രോഗികള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്.
ഈ വര്‍ഷം സെപ്റ്റംബറില്‍ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 7.77 ദശലക്ഷമായി ഉയര്‍ന്നത് കടുത്ത ഭീഷണിയാണ് ആരോഗ്യ മേഖലയില്‍ ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ എന്‍എച്ച്എസ് വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള റിഷി സുനക് സര്‍ക്കാരിന്റെ നീക്കങ്ങള്‍ പരാജയപ്പെട്ടതിന് പണിമുടക്കുകളെ പഴിചാരാനാണ് ഹെല്‍ത്ത് സെക്രട്ടറി ശ്രമിച്ചത്. ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും പണിമുടക്കുകള്‍ മൂലം 1.1 ദശലക്ഷം അപ്പോയിന്റ്മെന്റുകള്‍ പുന:ക്രമീകരിക്കേണ്ടതായി വന്നതായി അവര്‍ പറഞ്ഞു.
എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് വെയ്റ്റിംഗ് ലിസ്റ്റ് സെപ്റ്റംബര്‍ അവസാനത്തില്‍ 7.77 മില്ല്യണില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതില്‍ 6.5 മില്ല്യണ്‍ രോഗികളാണുള്ളത്. നാല് വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് ജിപിമാരുടെ എണ്ണത്തില്‍ 761 പേരുടെ കുറവും നേരിടുന്നു. ഹൃദയാഘാതവും, സ്ട്രോക്കും നേരിട്ട രോഗികളുടെ അരികിലെത്താന്‍ ആംബുലന്‍സുകള്‍ക്ക് 42 മിനിറ്റെങ്കിലും വേണ്ടിവരുന്നുണ്ട്. ഇത് ലക്ഷ്യമിട്ട സമയത്തിന്റെ ഇരട്ടിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല