1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2022

സ്വന്തം ലേഖകൻ: കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കെയര്‍ ഹോമുകളില്‍ ജോലി നിരോധിച്ച ‘നോ ജാബ്, നോ ജോബ്’ നിയമം റദ്ദാക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ നിയമം പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിയമം പ്രാബല്യത്തില്‍ വന്ന നവംബറില്‍ വാക്‌സിനേഷന്‍ എടുക്കാത്ത ഏകദേശം 40,000ത്തോളം കെയര്‍ ഹോം ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇവര്‍ക്കൊക്കെ ഇനി ജോലിയില്‍ തിരികെ പ്രവേശിക്കാം. മാത്രമല്ല, കെയര്‍ ഹോമുകളുടെ പ്രവര്‍ത്തനവും മെച്ചപ്പെടും

നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് എത്രയും വേഗം ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള അവസരം ഒരുക്കണമെന്നും കെയര്‍ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നും ടോറി എംപിമാര്‍ ആവശ്യപ്പെട്ടു. ഒമിക്രോണ്‍ വ്യാപനം ശക്തമായതോടെയാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നതെന്നും എന്നാല്‍ ഈ വകഭേദം വളരെ തീവ്രത കുറഞ്ഞതായിരുന്നുവെന്നും ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചയില്‍ 90 ശതമാനം പേരും ഈ നിയമം അസാധുവാക്കുന്നതിനെ പിന്തുണച്ചിരുന്നു. ഇതോടെ മാര്‍ച്ച് 15ന് കെയര്‍ ഹോമുകളില്‍ ഈ നിയമം ഒഴിവാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തീരുമാനം പുനഃപരിശോധിക്കണമെന്നും അടിയന്തിര തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് നിരവധി പരാതികളാണ് ലഭിച്ചത്. തുടര്‍ന്ന് ഫെബ്രുവരി 9 മുതല്‍ 16 വരെ 90,000 ആരോഗ്യ-സാമൂഹ്യ പരിചരണ വിദഗ്ധരെയും പൊതുജനങ്ങളെയും സര്‍വേ ചെയ്തു. പ്രതികരിച്ചവരില്‍ 87 ശതമാനം പേരും നയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടു. മൂന്നു ശതമാനം പേര്‍ ഈ നിയമം റദ്ദാക്കുവാനും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നിയമം പുനഃപരിശോധിച്ച് പുതിയ തീരുമാനം കൈക്കൊണ്ടത്. തൊഴിലുടമകള്‍ക്കും അവരുടെ ജീവനക്കാര്‍ക്കും രോഗികള്‍ക്കും പരിചരണവും പിന്തുണയും ഉറപ്പ് നല്‍കുന്നതിനായി മാര്‍ച്ച് 15 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

വാക്‌സിന്‍ എടുക്കാത്തവരെ പിരിച്ചുവിടുന്നു നിയമം എന്‍എച്ച്എസിലും കൊണ്ടുവരാനായിരുന്നു പദ്ധതി. എന്നാല്‍ പൊതുവെ ജാവനക്കാരുടെ കുറവ് മൂലം വീര്‍പ്പുമുട്ടുന്ന എന്‍എച്ച്എസില്‍ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്ന് മുന്നറിയിപ്പുണ്ടായിരുന്നു. അതോടെയാണ് കെയര്‍ഹോമുകള്‍ക്കു മാത്രമായുള്ള നിയമം ചോദ്യം ചെയ്യപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.