1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2022

സ്വന്തം ലേഖകൻ: ഡിസംബർ 15 ന് ബ്രിട്ടനിൽ നടന്ന നഴ്സുമാരുടെ സമരത്തിന് വ്യാപക പിന്തുണ. സമരം ഒന്നാം ദിവസം പിന്നിട്ടപ്പോൾ നഴ്സുമാരുടെ നിലവിലെ ശമ്പളം പുനഃപരിശോധിച്ച് കൂടുതൽ ശമ്പളം നൽകണമെന്ന് ബ്രിട്ടനിലെ ഭരണപക്ഷമായ കൺസർവേറ്റിവ് പാർട്ടിയിലെ അംഗങ്ങളിൽ ഒരു വിഭാഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നേരത്തെ പ്രതിപക്ഷമായ ലേബർ പാർട്ടിയും നഴ്സുമാരുടെ സമരത്തിന് അനുകൂലമായാണ് സംസാരിച്ചത്.

റോയൽ കോളജ് ഓഫ് നഴ്സിങ് യൂണിയൻ ഉൾപ്പടെയുള്ള നഴ്സസ് സംഘടനകളുടെ ആവശ്യങ്ങൾ അംഗീകരിച്ച് എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് അധികം പണം നല്‍കാന്‍ തയാറാകണമെന്നാണ് കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുള്ളവരും ആവശ്യപ്പെടുന്നത്. എന്നാല്‍, സ്വതന്ത്ര പേ റിവ്യൂ ബോഡി നിര്‍ദ്ദേശിച്ച നാലു ശതമാനം വര്‍ധന മാത്രം അംഗീകരിക്കുകയെന്ന പിടിവാശിയിലാണ് പ്രധാനമന്ത്രി ഋഷി സുനകും ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയും.

നഴ്‌സുമാര്‍ എന്‍എച്ച്എസില്‍ തുടര്‍ന്നും ജോലി ചെയ്യാന്‍ പണപ്പെരുപ്പം മറികടന്നുള്ള 19.2 ശതമാനം വർധന നല്‍കണമെന്ന ആവശ്യത്തിൽ നിന്നും പിറകോട്ടു പോകില്ല എന്ന നിലപാടിലാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്‌. ഗവണ്‍മെന്റും യൂണിയനും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലപ്രദമാകാതെ വന്നതോടെയാണ് ഒന്നര ലക്ഷം നഴ്‌സുമാര്‍ ആദ്യ ദിനമായ ഡിസംബർ 15 ന് ചരിത്രത്തില്‍ ആദ്യമായി പണിമുടക്ക് നടത്തിയത്.

പണിമുടക്ക് നിരവധി ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. ജീതച്ചെലവ് കൂടിയതിനാല്‍ യുകെയിൽ വിവിധ മേഖലകളിലെ ജീവനക്കാര്‍ മാസങ്ങളായി വ്യാപകമായ അതൃപ്തിയിലാണ്. തങ്ങള്‍ക്ക് മടുത്തെന്നും ജീവിക്കാന്‍ ശമ്പളവര്‍ധന ആവശ്യമാണെന്നും ജീവനക്കാരിൽ ഭൂരിഭാഗവും പറയുന്നു.

നഴ്സുമാരുടെ ശമ്പളം പലതവണയായി 20 ശതമാനം വെട്ടിക്കുറച്ചിരുന്നു. സെപ്റ്റംബര്‍ ആയതോടെ നിത്യച്ചെലവിന് ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട നിലയായിരുന്നു. കഴിഞ്ഞവര്‍ഷം 25,000 നഴ്സുമാരാണ് ജോലിവിട്ടത്. പണപ്പെരുപ്പം വേതന വര്‍ധനയെ മറികടക്കുന്നതിനാല്‍ യുകെയില്‍ ജീവിതച്ചെലവ് ഏറെയാണ്. ഒക്ടോബറില്‍ 41 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 11.1 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്ന പണപ്പെരുപ്പം കഴിഞ്ഞ മാസം 10.7 ശതമാനമായി കുറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.