1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2023

സ്വന്തം ലേഖകൻ: ശമ്പള വർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു ഡിസംബറിൽ ആരംഭിച്ച പണിമുടക്കുകളുടെ തുടർച്ചയായി കൂടുതൽ സമര തീയതികൾ റോയൽ കോളജ് ഓഫ് നഴ്സിങ് പ്രഖ്യാപിച്ചു. ജനുവരി 18, 19 തീയതികളിൽ പ്രഖ്യാപിച്ച പണിമുടക്കുകൾ കൂടാതെ കഴിഞ്ഞ ദിവസം ഫെബ്രുവരി 6, 7 തീയതികളിൽ ഇംഗ്ലണ്ടിലും വെയിൽസിലും നഴ്‌സുമാരുടെ പണിമുടക്കുകൾ നടത്തുമെന്ന് ആർസിഎൻ പറഞ്ഞു. ശമ്പള വർധനയിൽ പുരോഗതി ഇല്ലെങ്കില്‍ യൂണിയന്റെ ഭാഗമായ മുഴുവന്‍ ജീവനക്കാരെയും അണിനിരത്തുമെന്ന് റോയല്‍ കോളജ് ഓഫ് നഴ്സിങ് ഭാരവാഹികൾ നേരത്തെ സൂചന നൽകിയിരുന്നു. പണിമുടക്കുകൾ തടയാൻ സർക്കാർ പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തിലായിരുന്നു ഇത്.

കീമോതെറാപ്പി, കിഡ്നി ഡയാലിസിസ്, തീവ്രപരിചരണം തുടങ്ങിയ സേവനങ്ങൾ അടിയന്തര പരിരക്ഷയുടെ ഭാഗമായി പ്രവർത്തിക്കുമെങ്കിലും മറ്റ് വിഭാഗങ്ങളിൽ പണിമുടക്ക് കാര്യമായി ബാധിക്കും. ഭാരിച്ച ഹൃദയ വേദനയോടെയാണു നഴ്‌സിങ് ജീവനക്കാർ നാളെയും മറ്റന്നാളും മൂന്നാഴ്‌ചയ്‌ക്കുള്ളിലും പണിമുടക്കുന്നതെന്നും പരിഹാരശ്രമങ്ങൾക്കു പകരം ഋഷി സുനക് വീണ്ടും സമര നടപടികൾ തിരഞ്ഞെടുത്തുവെന്നും ആർസിഎൻ ജനറൽ സെക്രട്ടറി പാറ്റ്‌ കുള്ളൻ പറഞ്ഞു.

ശമ്പളവര്‍ധനയെ ചൊല്ലി മന്ത്രിസഭയ്ക്കുള്ളില്‍ കടുത്ത അഭിപ്രായ ഭിന്നത ഉള്ളതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇനിയുള്ള പണിമുടക്കുകൾ ഒഴിവാക്കാന്‍ ഹെല്‍ത്ത് സെക്രട്ട്രി സ്റ്റീവ് ബാര്‍ക്ലേ നടത്തുന്ന ശ്രമങ്ങള്‍ക്ക് ചന്‍സലര്‍ ജെറെമി ഹണ്ട് തടയിടുന്നു എന്നാണ് ആക്ഷേപം. എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിനായി ധനകാര്യ വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് ബാര്‍ക്ലേ യൂണിയന്‍ നേതാക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അനുവദിക്കുന്ന ഏതൊരു ശമ്പള വർധനയും നിലവിലുള്ള ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്നാണ് ജെറമി ഹണ്ട് പറയുന്നത്. അതായത് ശമ്പള വർധന അനുവദിച്ചാൽ മറ്റു പലയിടങ്ങളിലും എന്‍എച്ച്എസിന് ചെലവ് ചുരുക്കേണ്ടി വരും.

ഇംഗ്ലണ്ടിലെ ഏകദേശം എഴുപതിലധികം എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ജോലി ചെയ്യുന്ന നഴ്സിങ് സ്റ്റാഫുകളില്‍ ബഹുഭൂരിപക്ഷവും പണിമുടക്കില്‍ പങ്കുചേരും. ഈ വര്‍ഷം നഴ്സുമാര്‍ക്ക് കുറഞ്ഞത് 5% ശമ്പള വര്‍ധന ലഭിക്കണമെന്നാണ് ആര്‍സിഎന്‍ പറയുന്നത്. പണപ്പെരുപ്പം അനുദിനം വര്‍ധിക്കുന്നതിനിടയില്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനം ലഭ്യമാകണമെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം യൂണിയന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ താങ്ങാനാകാത്തതാണെന്നും ശമ്പള വർധനവ് തീരുമാനിക്കുന്നത് സ്വതന്ത്രമായ ശമ്പളപരിശോധന സമിതികളാണെന്നുമാണു സര്‍ക്കാര്‍ പറയുന്നത്.

അതിനിടെ യുകെയിൽ ഫെബ്രുവരി ഒന്ന് മുതൽ വിവിധ ദിവസങ്ങളിൽ അധ്യാപകര്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു. മൂന്ന് ലക്ഷത്തോളം വരുന്ന അംഗങ്ങള്‍ക്കിടയില്‍ ബാലറ്റിങ് നടത്തിയാണ് അധ്യാപക യൂണിയനുകളിൽ ഒന്നായ നാഷനല്‍ എഡ്യൂക്കേഷൻ യൂണിയന്‍ സമര പ്രഖ്യാപനം നടത്തിയത്. 90 ശതമാനം അംഗങ്ങൾ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതായി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ഫെബ്രുവരി 1 ന് നടക്കുന്ന പണിമുടക്ക് ഇംഗ്ലണ്ടിലേയും വെയിൽസിലെയും 23,000 സ്‌കൂളുകളെ പ്രതികൂലമായി ബാധിക്കും. തുടര്‍ന്ന് ഫെബ്രുവരി 14, മാര്‍ച്ച് 15, മാര്‍ച്ച് 16 തീയതികളിലും അധ്യാപകര്‍ പണിമുടക്കും. ചില മേഖലകളിലെ അധ്യപകര്‍ ഫെബ്രുവരി 28, മാര്‍ച്ച് 1, 2 തീയതികളിലും പണിമുടക്കുന്നുണ്ട്. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഏഴു ദിവസങ്ങളിലായിട്ടായിരിക്കും സമരം നടക്കുക.

കോവിഡ് പ്രതിസന്ധികാലത്ത് വിദ്യാഭ്യാസ മേഖല അനുഭവിച്ച പ്രതികൂല ഘടകങ്ങളെ തരണം ചെയ്തു വരുന്ന അവസരത്തിൽ ഇത്തരമൊരു സമരം കുട്ടികളുടെ ഭാവി തുലയ്ക്കുമെന്നു ചില്‍ഡ്രന്‍സ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഇനിയും ഏറെ ക്ലാസ്സുകള്‍ നഷ്ടപ്പെടുന്നത് കുട്ടികള്‍ക്ക് ഗുണകരമാവില്ലെന്ന് കമ്മിഷന്‍ പറയുന്നു. വേതന വര്‍ധനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തില്‍ അധ്യാപകര്‍ക്കൊപ്പം അനധ്യാപക ജീവനക്കാരും പങ്കെടുക്കുന്നുണ്ട്. ഈ വിദ്യാഭ്യാസ വര്‍ഷത്തില്‍ മിക്ക അധ്യാപകര്‍ക്കും 5 ശതമാനം വേതന വര്‍ധന വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ട്. എന്നാൽ പണപ്പെരുപ്പ നിരക്കിനു മുകളിലുള്ള നിരക്കില്‍ വര്‍ധന വേണമെന്നാണ് അധ്യാപകര്‍ അവശ്യപ്പെടുന്നത്.

എഡ്യൂക്കേഷണൽ ഇന്‍സ്റ്റിറ്റുട്ട് ഓഫ് സ്‌കോട്ട്‌ലാന്‍ഡ് യൂണിയന്‍ 16 ദിവസത്തെ റിലേ പണിമുടക്ക് ഇന്നു മുതല്‍ ആരംഭിക്കുകയാണ്. സ്‌കോട്ട്‌ലാൻഡിലെ 32 ലോക്കല്‍ അതോറിറ്റികളില്‍ ഓരോ ദിവസവും രണ്ട് അധ്യാപകര്‍ വീതമാണ് പണിമുടക്കുക. ഫെബ്രുവരി 6 വരെ ഈ പണിമുടക്ക് നീണ്ടു നില്‍ക്കും. യുകെ യിലെ നിയമം അനുസരിച്ച് തൊഴിലാളി യൂണിയനുകളുടെ മൊത്തം അംഗങ്ങളില്‍ 50 ശതമാനം പേര്‍ ബാലറ്റിങിൽ പങ്കെടുത്താല്‍ അവർ എടുക്കുന്ന തീരുമാനവുമായി മുന്നോട്ടു പോകാൻ കഴിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.