1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2024

സ്വന്തം ലേഖകൻ: സൗജന്യ ചൈല്‍ഡ് കെയര്‍ സ്‌കീം ലഭിക്കാത്തത് മൂലം ആയിരക്കണക്കിന് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും മിഡ് വൈഫ്, അദ്ധ്യാപക പരിശീലനം തേടുന്നവര്‍ക്കും അവരുടെ പഠനവും പരിശീലനവും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നതായി ഇന്‍ഡിപെന്‍ഡന്റ് പത്രം. സര്‍ക്കാരിന്റെ സൗജന്യ ചൈല്‍ഡ് കെയര്‍ പദ്ധതി ഇവര്‍ക്ക് ലഭ്യമല്ലാത്തതാണ് പ്രധാന പ്രശ്നം. ഇപ്പോള്‍ തന്നെ ജീവനക്കാരുടെ ക്ഷാമം ഏറെ പ്രതിസന്ധികള്‍ തീര്‍ത്ത് ആരോഗ്യ – വിദ്യാഭ്യാസ മെഖലകളിലെ പ്രശ്നം ഇത് കൂടുതല്‍ രൂക്ഷമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പലരും ഈ മേഖലകള്‍ ഉപേക്ഷിച്ച് മറ്റു തൊഴിലുകള്‍ തേടുകയാണ്.

യു കെയിലെ നഴ്സിംഗ് കോഴ്സുകള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കുറവ് ദൃശ്യമായതായി യുകാസ് കണക്കുകള്‍ പുറത്തു വന്നിരുന്നു. 2024- ല്‍ നഴ്സിംഗ് കോഴ്സുകള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത് വെറും 31,100 പേര്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 33,570 ആയിരുന്നെങ്കില്‍ 2022, 2021 വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 41,220 ഉം 46,040 ഉം ആയിരുന്നു.

എന്‍ എച്ച് എസ്സിലെ കുറഞ്ഞ ശമ്പളം, ജോലി ആധിക്യം അതുപോലെ, തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന ചിന്ത എന്നിവയെല്ലാം കൂടി എന്‍ എച്ച് എസ്സില്‍ നിന്നും യു കെയില്‍ പരിശീലനം ലഭിച്ച നഴ്സുമാര്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകാന്‍ കാരണമായിട്ടുണ്ട്. ഇംഗ്ലണ്ടില്‍ മാത്രം 42,000 ഒഴിവുകളാണ് നഴ്സുമാരുടേത് ആയിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് മംസ്നെറ്റ്, സേവ് ദി ചില്‍ഡ്രന്‍ എന്നിവയുള്‍പ്പടെയുള്ള നിരവധി കാമ്പെയ്ന്‍ ഗ്രൂപ്പുകള്‍ സര്‍ക്കാരിന്റെ സൗജന്യ ചൈല്‍ഡ് കെയര്‍ സകര്യം പരിശീലനം നേടുന്ന രക്ഷകര്‍ത്താക്കള്‍ക്ക് കൂടി ലഭ്യമാക്കണം എന്ന് ആവശ്യപ്പെടുന്നത്.

നേരത്തെ കഴിഞ്ഞ വസന്തകാലത്ത് ചൈല്‍ഡ് കെയര്‍ ആനുകൂല്യം കൂടുതല്‍ പേരിലേക്ക് ചാന്‍സലര്‍ ജെറെമി ഹണ്ട് വ്യാപിപ്പിച്ചിരുന്നു. 2025 സെപ്റ്റംബര്‍ മുതല്‍ ജോലി ചെയ്യുന്ന രക്ഷകര്‍ത്താക്കള്‍ക്ക്, അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ പ്രതിവര്‍ഷം 38 ആഴ്ച്ചക്കാലത്തേക്ക് 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍, ഇത് വേതനം ലഭിക്കുന്ന തൊഴിലുകള്‍ ചെയ്യുന്ന രക്ഷകര്‍ത്താക്കള്‍ക്ക് മാത്രമെ ലഭിക്കുകയുള്ളു.

പരിശീലനത്തിലുള്ള അദ്ധ്യാപകര്‍, നഴ്സുമാര്‍, മിഡ്വൈഫുമാര്‍ തുടങ്ങിയവര്‍ മിക്കപ്പോഴും അധിക സമയം ജോലി ചെയ്യുന്നവരാണ്. എന്നാല്‍, അവര്‍ പഠനത്തിന്റെ ഭാഗമായിട്ടാണ് ജോലി ചെയ്യുന്നത് എന്ന സാങ്കേതിക കാരണം കൊണ്ടു മാത്രം അവര്‍ക്ക് ഈ ആനുകൂല്യം നിഷേധിക്കപ്പെടുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇംഗ്ലണ്ടില്‍ മാത്രം ഇപ്പോള്‍ ഏതാണ്ട് 1,90,214 പേര്‍ നഴ്സിംഗ്, അദ്ധ്യാപനം, മിഡ്വൈഫറി മേഖലകളില്‍ പരിശീലനം തേടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.