
സ്വന്തം ലേഖകൻ: രാജ്യം പുതുവല്‍സരത്തെ വരവേല്‍ക്കാൻ ഒരുങ്ങുമ്പോഴും യുകെയിൽ കോവിഡ് വ്യാപനം രൂക്ഷം. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കുകൾ പ്രകാരം പുതുതായി 189,213 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും 58 ശതമാനമാണ് വര്‍ദ്ധന. വെയില്‍സില്‍ നിന്നുള്ള രണ്ട് ദിവസത്തെ കണക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു.
അതിനിടെ ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രംഗത്തെത്തി. കോവിഡ് ബൂസ്റ്റര്‍ സ്വീകരിക്കുമെന്ന് പുതുവല്‍സര പ്രതിജ്ഞ എടുക്കാന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നത്. പുതുവര്‍ഷത്തില്‍ ബൂസ്റ്റര്‍ വാക്സിന് സ്വീകരിച്ച് രാജ്യത്തെ മറ്റൊരു ലോക്ക്ഡൗണിലേക്ക് പോകാതെ സഹായിക്കാനാണ് ബോറിസ് ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 11,452 ആയി ഉയര്‍ന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഫെബ്രുവരി 26ന് ശേഷമുള്ള ഉയര്‍ന്ന കണക്കാണിത്.
ചൊവ്വാഴ്ച ഇംഗ്ലണ്ടില്‍ 2082 കോവിഡ് ഹോസ്പിറ്റല്‍ അഡ്മിഷനുകളാണ് നടന്നത്. രണ്ടാം തരംഗം രൂക്ഷമായ ഫെബ്രുവരി 3ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നു. അതേസമയം ആശുപത്രിയില്‍ കോവിഡ് ബാധിച്ചതായി കണ്ടെത്തിയ മൂന്നിലൊരു രോഗി മറ്റ് കാരണങ്ങള്‍ക്ക് ആശുപത്രിയില്‍ എത്തിയതാണെന്ന് വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സ്ഥിതി ഭേദമാണെന്ന് ന്യൂ ഇയര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ മുന്നിലേക്ക് എന്തെല്ലാം വെല്ലുവിളികള്‍ വന്നുചേര്‍ന്നാലും, ഒമിക്രോണ്‍ പോലുള്ള മൂലം ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ഉയര്‍ന്നാലും ഒരു കാര്യം ഉറപ്പിച്ച് പറയാം. ഈ വര്‍ഷത്തെ ഡിസംബര്‍ 31 മുന്പത്തേക്കാള് ഭേദമാണ്, ബോറിസ് വ്യക്തമാക്കി.
യുകെയുടെ ബൂസ്റ്റര്‍ പ്രോഗ്രാമിന്റെ വിജയമാണ് ഇതിന് കാരണമെന്ന് ബോറിസ് അവകാശപ്പെട്ടു. എന്നാല്‍ വാക്സിനെടുക്കാത്ത ആളുകള്‍ ആശുപത്രിയിലെത്തുന്നവരെ കാണണം. അതിലേക്ക് എത്തിച്ചേരാതിരിക്കാന്‍ വാക്സിനെടുക്കണം. ഇതാണ് ന്യൂ ഇയര്‍ റെസൊലൂഷനായി എടുക്കേണ്ടത്, ബോറിസ് ആവശ്യപ്പെട്ടു. കാലതാമസം കൂടാതെ അവരുടെ ബൂസ്റ്റര്‍ ജബ് എടുക്കാന്‍ ആളുകളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പുതുവര്‍ഷത്തിന് മുമ്പ് ഇംഗ്ലണ്ടില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും സാധ്യമെങ്കില്‍ പുതുവര്‍ഷ രാവ് പുറത്ത് ആഘോഷിക്കണമെന്നും സാജിദ് ജാവിദ് പറഞ്ഞിരുന്നു.
എന്നാല്‍ വെയില്‍സിലും സ്കോട്ലന്‍ഡിലും വടക്കന്‍ അയര്‍ലന്‍ഡിലും നിയന്ത്രണങ്ങള്‍ വന്നു കഴിഞ്ഞു. ഇവിടങ്ങളില്‍ പുതുവര്‍ഷ ആഘോഷത്തിലും നിയന്ത്രണമുണ്ടാകും.
സ്കോട്ലന്ഡില് വലിയ പരിപാടികളില്‍ സമാമൂഹിക അകലം വേണം. ഇന്‍ഡോര്‍ ഇവന്റുകളില്‍ നൂറു പേരും ഔട്ട്ഡോര്‍ ഇവന്റുകള്‍ക്ക് പരിധി 500 ആളുകളാണ്. നൈറ്റ് ക്ലബുകള്‍ മൂന്നാഴ്ചത്തേക്ക് അടഞ്ഞുകിടക്കും. ഹോസ്പിറ്റാലിറ്റിക്കും മറ്റും സാമൂഹിക അകലം വേണം.
വെയില്‍സില്‍ നൈറ്റ് ക്ലബുകള്‍ അടച്ചു. പബുകളിലും റസ്റ്റൊറന്റുകളിലും തിയറ്ററുകളിലും നിയന്ത്രണം വന്നു. ഇന്‍ഡോര്‍ ഇവന്റുകളില്‍ 30 പേര്‍ക്ക് മാത്രം പ്രവേശനം. ഔട്ട്ഡോര്‍ ഇവന്റുകളില്‍ 50 പേര്‍ക്കും. പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും സാമൂഹിക അകലം പാലിക്കും.വടക്കന്‍ അയര്‍ലന്‍ഡിലും നൈറ്റ് ക്ലബുകള്‍ അടച്ചു. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് ശ്രമം.
അതേസമയം രാജ്യത്തു ഡെല്‍റ്റയും ഒമിക്രോണും വ്യാപിക്കുമ്പോഴും പുതിയ ലോക്ക്ഡൗണിന്റെ ആവശ്യം വരില്ലെന്നു വിലയിരുത്തല്‍. ഗുരുതര രോഗബാധയിലേക്ക് നയിക്കുന്ന അവസ്ഥ കുറഞ്ഞ് നില്‍ക്കുന്നതാണ് ഇതിന് സഹായിക്കുന്നതെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്സ് മേധാവി ക്രിസ് ഹോപ്സണ്‍ പറഞ്ഞു. ഒമിക്രോണ്‍ വ്യാപനം കൂടുമ്പോഴും രോഗ തീവ്രതയുള്ളവരുടെ എണ്ണം കൂടാതെ നില്‍ക്കുന്നതാണ് നേരിയ ആശ്വാസം നല്‍കുന്നത്.
പ്രായമായവരില്‍ ഗുരുതര രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കാത്തതാണ് സര്‍ക്കാരിനെ പുതിയ വിലക്കുകളില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്നാണ് മനസിലാക്കുന്നതെന്നും ഹോപ്സണ്‍ പറഞ്ഞു. രാജ്യത്തു കോവിഡ് കേസുകള്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കുറിയ്ക്കവെയാണ് ലോക്ക്ഡൗണിന്റെ ആവശ്യം വരില്ലെന്നു വിലയിരുത്തല്‍ വാങ്ങുന്നത്. എന്നാല്‍ കോവിഡ് ഹോസ്പിറ്റല്‍ അഡ്മിഷനുകളുടെ എണ്ണമേറുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവുമാര്‍ മുന്നറിയിപ്പ് നല്കിയിട്ടുള്ളതായും ക്രിസ് ഹോപ്സണ്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല