
സ്വന്തം ലേഖകൻ: കോവിഡിന്റെ നാലാം തരംഗത്തിൽ ഉലയുന്ന ബ്രിട്ടണിൽ ക്രിസ്മസിനു ശേഷം കനത്ത നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമായ സൂചന നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഒമിക്രോൺ വ്യാപനം അതിരൂക്ഷമായാൽ ക്രിസ്മസിനു മുൻപുപോലും നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
91,743 പുതിയ കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർച്ചായായ നാലുദിവസങ്ങളിൽ ഏറെക്കുറെ സമാനമായ രാതിയിലാണു പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. മരണനിരക്ക് ഉയരുന്നില്ല എന്നതു മാത്രമാണ് ഇപ്പോൾ ഏക ആശ്വാസം.
ക്രിസ്മസ് –ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ സ്ഥിതിഗതികൾ അതിരൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് സയന്റിഫിക് അഡ്വൈസർമാർ സർക്കാരിന് നൽകിയിട്ടുള്ളത്. ഓരോ മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആളുകൾ അതീവ ജാഗ്രത പുലർത്തണമെന്നും പ്രധാമന്ത്രി ആവർത്തിച്ചു.
ക്രിസ്മസിനു മുമ്പ് കനത്ത നിയന്ത്രണങ്ങളോ ലോക്ക്ഡൌണോ പാടില്ലെന്ന ടോറി പാർട്ടിയിലെ ഒരു വിഭാഗം എംപിമാരുടെ ശക്തമായ നിലപാടാണ് സർക്കാരിൻ്റെ മുന്നിലെ പ്രധാന കടമ്പ. അതേസമയം ലണ്ടനിലും സമീപ പട്ടണങ്ങളിലും രണ്ടോ മൂന്നോ ദിവസത്തിനിടെ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. തലസ്ഥാനത്ത് ഉടനീളം ഒമിക്രോണ്‍ വ്യാപനം ആശങ്കയുണ്ടാക്കുന്ന വിധം പെരുകുന്ന സാഹചര്യത്തില്‍ ട്രാഫല്‍ഗര്‍ സ്‌ക്വയറിലെ പുതുവത്സരാഘോഷ പരിപാടികള്‍ റദ്ദാക്കി.
മേയര്‍ സാദിഖ് ഖാനാണ് പുതുവത്സരാഘോഷ പരിപാടികള്‍ റദ്ദാക്കിയ കാര്യം പ്രഖ്യാപിച്ചത്. 6,500 ഓളം കീ വര്‍ക്കേഴ്‌സിനും പൊതുജനങ്ങള്‍ക്കും വേണ്ടി തുറക്കാന്‍ നിശ്ചയിച്ചിരുന്ന ഇവന്റ് റദ്ദാക്കേണ്ടി വന്നതായി സാദിഖ് ഖാന്‍ പറഞ്ഞു. ‘വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിന് ഞങ്ങള്‍ ശരിയായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല