1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2021

സ്വന്തം ലേഖകൻ: യുകെയിൽ ഒമിക്രോണ്‍ കോവിഡ് വേരിയന്റിനെതിരെ പ്രതിരോധം ശക്തിപ്പെടുത്താനായി ജനുവരി അവസാനത്തോടെ എല്ലാവര്‍ക്കും ബൂസ്റ്റര്‍ വാക്‌സിനേഷന്‍ ലഭ്യമാക്കുമെന്ന് പ്രധാമന്ത്രി ബോറിസ് ജോണ്‍സണ്‍. ഈ ലക്ഷ്യം പൂര്‍ത്തിയാക്കാനായി യുകെയുടെ ബൂസ്റ്റര്‍ വാക്‌സിനേഷന്‍ മഹാദൗത്യത്തിന് തുടക്കം കുറിയ്ക്കുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ബൃഹത്തായ വാക്‌സിനേഷന്‍ ദൗത്യം നേടാന്‍ ജിപിമാര്‍ക്ക് ഓരോ വാക്‌സിനേഷനും 15 പൗണ്ട് വീതം നല്‍കും. ഞായറാഴ്ചയാണെങ്കില്‍ 5 പൗണ്ട് ബോണസും ലഭിക്കും. വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത രോഗസാധ്യതയേറിയവര്‍ക്കാണ് ഇഞ്ചക്ഷന്‍ നല്‍കുന്നതെങ്കില്‍ 30 പൗണ്ട് പ്രീമിയമായി നല്‍കും. കൂടാതെ വാക്‌സിന്‍ വോളണ്ടിയര്‍മാരായി 10,000 പേരെ ശമ്പളം കൊടുത്ത് റിക്രൂട്ട് ചെയ്യും. കൂടാതെ മറ്റ് വോളണ്ടിയര്‍മാരുടെയും സഹായം തേടും.

18 വയസ്സിന് മുകളിലേക്കുള്ള യുകെയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും ജനുവരി അവസാനത്തോടെ അഞ്ച് വര്‍ഷം പ്രായവ്യത്യാസത്തില്‍ മുകളില്‍ നിന്നും താഴേക്കായി തിരിച്ചാണ് വാക്‌സിനേഷന്‍. അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ സമയമാകുമ്പോള്‍ എന്‍എച്ച്എസ് ബന്ധപ്പെടും. ഇഞ്ചക്ഷന്‍ നല്‍കാന്‍ 1500 കമ്മ്യൂണിറ്റി ഫാര്‍മസി സൈറ്റുകളുടെ ശേഷി വര്‍ദ്ധിപ്പിക്കും. രാജ്യത്തെ ഹോസ്പിറ്റലുകളില്‍ അധിക വാക്‌സിനേഷന്‍ നല്‍കാന്‍ ഹബ്ബുകള്‍, താല്‍ക്കാലിക വാക്‌സിന്‍ സെന്ററുകള്‍ എന്നിവയും ഒരുക്കും.

പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന 30 ആശുപത്രികള്‍ക്ക് പുറമെ കൂടുതല്‍ ആശുപത്രികള്‍ രംഗത്ത്. ഇതോടെ യുകെയില്‍ 3000 വാക്‌സിനേഷന്‍ സൈറ്റുകള്‍ ലഭ്യമാകും. എന്‍എച്ച്എസ് ജീവനക്കാരെയും, വോളണ്ടിയര്‍മാരെയും സഹായിക്കാന്‍ 400 സൈനികരും രംഗത്തിറങ്ങും.

അതിനിടെ, ഇംഗ്ലണ്ടില്‍ എട്ട് പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി കണ്ടെത്തിയതോടെ യുകെയില്‍ രോഗികളുടെ ആകെ എണ്ണം 22 ആയി. അടുത്തയാഴ്ചയോടെ എണ്ണം വളരെയധികം കൂടുമെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും യുകെയിലെ കോവിഡ് കേസുകളും, മരണങ്ങളും, ആശുപത്രി പ്രവേശനങ്ങളും കഴിഞ്ഞ ദിവസം കുറഞ്ഞു.

മറുവശത്ത് കോവിഡ് മഹാമാരി മൂലം എന്‍എച്ച്എസിലെ രോഗികളുടെ കാത്തിരിപ്പ് പട്ടികയിലുണ്ടായ കുറവ് പരിഹരിക്കാന്‍ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ ഒന്നും വിജയിക്കാതെ വന്നതോടെ 2025 ഓടെ എന്‍എച്ച്എസിന്റെ വെയ്റ്റിംഗ് ലിസ്റ്റിംഗ് 12 മില്ല്യണിലേക്ക് എത്തുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

മഹാമാരി കാലത്ത് ലക്ഷക്കണക്കിന് രോഗികള്‍ക്കാണ് പരിശോധനയും ശസ്ത്രക്രിയയും മുടങ്ങിയത്. ഇവര്‍ ഇനി എന്‍എച്ച്എസിലേക്ക് മടങ്ങിയെത്തുന്നത് ബാക്ക്‌ലോഗ് വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്ന് എന്‍എഒ വ്യക്തമാക്കുന്നു. നിലവില്‍ 5.83 മില്ല്യണെന്ന സര്‍വ്വകാല റെക്കോര്‍ഡിലാണ് എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം. ആശുപത്രികള്‍ക്ക് നികുതി പണമൊഴുക്കിയിട്ടും 12 മില്ല്യണിലേക്ക് കേസുകള്‍ ഉയരുമെന്നാണ് നാഷണല്‍ ഓഡിറ്റ് ഓഫീസ് റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.