1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2021

സ്വന്തം ലേഖകൻ: യുകെയില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം പതിനൊന്നായി. അതിനിടെ എയര്‍പോര്‍ട്ടിലും, സ്‌റ്റേഷനുകളിലും ഉള്‍പ്പെടെയുള്ള പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും, ഷോപ്പുകളിലും മാസ്‌ക് നിര്‍ബന്ധമാക്കുന്നത് ചൊവ്വാഴ്ച പ്രാബല്യത്തിലായി. ഹെയര്‍ സലൂണിലും, ടേക്ക്എവെയിലും മാസ്‌ക് നിര്‍ബന്ധമാകുമെങ്കിലും പബ്ബിലും, റെസ്റ്റൊറന്റിലും ഇതിന്റെ ആവശ്യമില്ലെന്നാണ് നിലവിൽ സർക്കാർ നിർദേശം.

ബൂസ്റ്റര്‍ വാക്‌സിനേഷന്റെ എണ്ണമുയര്‍ത്തി പ്രതിരോധം വളര്‍ത്താന്‍ ആണ് മന്ത്രിമാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ബൂസ്റ്റര്‍ വാക്‌സിനുകളുടെ കാത്തിരിപ്പ് സമയം മൂന്ന് മാസം വെട്ടിച്ചുരുക്കാനാണ് ശാസ്ത്രജ്ഞര്‍ ഉദ്ദേശിക്കുന്നത്.രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കാത്തിരിക്കുന്നതിന് പകരം മൂന്ന് മാസം കഴിയുമ്പോള്‍ ബൂസ്റ്റര്‍ നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ദിവസേന അഞ്ച് ലക്ഷം ഡോസുകള്‍ നല്‍കി വാക്‌സിനേഷന്‍ പദ്ധതിയെ ത്വരിതപ്പെടുത്താനാണ് മന്ത്രിമാര്‍ ലക്ഷ്യമാക്കുന്നത്. 40ന് മുകളിലുള്ളവര്‍ക്കാണ് ബൂസ്റ്ററില്‍ മുന്‍ഗണന ലഭിക്കുക. ഇതിന് ശേഷം ഈ പ്രായത്തില്‍ താഴെയുള്ളവരിലേക്കും എത്തും. ഇതോടെ 40 മില്ല്യണ്‍ ആളുകള്‍ക്കാണ് മൂന്നാമത്തെ ഡോസെടുക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.

കൂടുതല്‍ ആളുകള്‍ക്ക് ബൂസ്റ്റര്‍ സ്വീകരിക്കാന്‍ അനുമതി ലഭിച്ചതോടെ എന്‍എച്ച്എസ് വെബ്‌സൈറ്റില്‍ ബുക്കിംഗിന് തിരക്കേറി. രോഗസാധ്യത അധികമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ പാടുപെടുമ്പോഴാണ് തിക്കിത്തിരക്ക്. യോഗ്യതയുള്ള 40ന് മുകളില്‍ പ്രായമുള്ള ചിലര്‍ക്ക് ഒരു മാസം വരെ കാത്തിരിക്കാനും, ജിപി/ബുക്കിംഗ് സര്‍വ്വീസുകളില്‍ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വരികയും, താമസിക്കുന്നതിന് 10 മൈല്‍ അകലെയുള്ള ഇടങ്ങളിലേക്ക് വാക്‌സിന്‍ ബുക്കിംഗ് ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂട്ട വാക്‌സിനേഷന്‍ ഹബ്ബുകളുടെ എണ്ണത്തില്‍ കാല്‍ശതമാനം കുറവ് വന്നിട്ടുണ്ട്. അതിന് പുറമെ എന്‍എച്ച്എസ് വിന്റര്‍ സമ്മര്‍ദം നേരിടുന്നതിനിടെ വാക്‌സിന്‍ നല്‍കാന്‍ ബുദ്ധിമുട്ടുന്നതും പ്രശ്‌നങ്ങളാണ്. ആഴ്ചയില്‍ 2.1 മില്ല്യണ്‍ പേര്‍ക്ക് ശരാശരി ബൂസ്റ്റര്‍ ലഭിക്കുന്ന നിരക്കില്‍ നീങ്ങിയാല്‍ ഫെബ്രുവരി മധ്യത്തോടെ മാത്രമാകും എല്ലാ മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ലഭിക്കുക. ബൂസ്റ്റര്‍ നിര്‍ബന്ധമാകുന്നതോടെ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലകളില്‍ ജോലി ചെയ്യാനും പബ്ബിലും, റെസ്റ്റൊറന്റിലുമൊക്കെ കയറാനും മൂന്നാമത്തെ ഡോസ് സ്വീകരിക്കേണ്ടി വരും.

12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ആദ്യമായി രണ്ടാം ഡോസ് നല്‍കാനും തീരുമാനമായി. 12ല്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ ലഭിക്കാനുള്ളത്. 5 മുതല്‍ 11 വരെയുള്ളവര്‍ക്ക് വാക്‌സിന്‍ സുരക്ഷിതമാണോയെന്ന് ക്രിസ്മസിന് മുന്‍പ് തന്നെ തീരുമാനിക്കുമെന്ന് എംഎച്ച്ആര്‍എ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജൂണ്‍ റെയിന്‍ വ്യക്തമാക്കി. ആളുകള്‍ ബൂസ്റ്റര്‍ സ്വീകരിച്ച് പ്രതിരോധം ഉയര്‍ത്തണമെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ ജോന്നാഥന്‍ വാന്‍ ടാം ഓര്‍മ്മിപ്പിച്ചു.

നിലവിൽ നാല്പത് വയസ്സിന് മുകളിലുള്ളവർക്കും മുൻനിര ആരോഗ്യ പ്രവർത്തകർക്കും ദുർബ്ബല വിഭാഗക്കാർക്കുമാണ് ബൂസ്റ്റർ ഡോസിന് അർഹത. എന്നാൽ പുതിയ വേരിയന്റിന്റെ കേസുകൾ ബ്രിട്ടനിൽ കൂടുതൽ സ്ഥിരീകരിച്ചതോടെ ബൂസ്റ്റർ ജാബുകൾ കൂടുതൽ വിഭാഗങ്ങളിലേക്കെത്തിക്കുകയാണ് അധികൃതർ. രണ്ടാമത്തെ വാക്സിൻ ഡോസും ബൂസ്റ്ററും തമ്മിലുള്ള ദൈർഘ്യം ആറിൽ നിന്ന് മൂന്ന് മാസമായി കുറയ്ക്കണമെന്ന് ജെസിവിഐ ശുപാർശ ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.