1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2021

സ്വന്തം ലേഖകൻ: യുകെയിൽ മൂന്നാമത്തെ ഒമിക്രോണ്‍ കേസും സ്ഥിരീകരിച്ചു. വൈറസ് ബാധിതനായ വ്യക്തി ഇപ്പോള്‍ യുകെയില്‍ ഇല്ലെങ്കിലും ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സന്ദര്‍ശിച്ചിരുന്നു. ഇംഗ്ലണ്ടിലെ കടകളിലും പൊതുഗതാഗതത്തിലും നിര്‍ബന്ധിത മാസ്ക് ഉള്‍പ്പെടെയുള്ള വേരിയന്റിനെ നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതിന് ശേഷമാണ് ഇത്. എസെക്‌സിലെ നോട്ടിംഗ്ഹാമിലും, ബ്രെന്റ്‌വുഡിലുമാണ് മറ്റു രണ്ട് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

അതിനിടെ വിദ്യാര്‍ത്ഥികളോടും സ്കൂള്‍ ജീവനക്കാരോടും സന്ദര്‍ശകരോടും ഫേസ് മാസ്കുകൾ ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശിശുസംരക്ഷണ ക്രമീകരണങ്ങളിലെ ജീവനക്കാര്‍ക്കും ഈ നിർദേശം ബാധകമാണ്.

ഡൗണിംഗ് സ്ട്രീറ്റില്‍ വിളിച്ചുചേര്‍ത്ത അടിയന്തര പത്രസമ്മേളനത്തിൽ ഇംഗ്ലണ്ടില്‍ എത്തിച്ചേരുന്നവര്‍ക്ക് കോവിഡ് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. രാജ്യത്ത് പ്രവേശിച്ച് രണ്ടാം ദിവസമാണ് ടെസ്റ്റ് നടത്തേണ്ടത്. നെഗറ്റീവാകുന്നത് വരെ യാത്രക്കാർ സെല്‍ഫ് ഐസൊലേഷനിൽ പോകണം.

കൂടാതെ ഷോപ്പിലും, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും മാസ്‌ക് നിബന്ധനയും കര്‍ശനമാക്കും. ഒമിക്രോണ്‍ വേരിയന്റ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ പത്ത് ദിവസം സെല്‍ഫ് ഐസൊലോഷനില്‍ പോകണം എന്നതാണ് മറ്റൊരു മാറ്റം. ഒപ്പം ബൂസ്റ്റര്‍ വാക്‌സിനേഷന്‍ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാനുള്ള നടപടി പരിശോധിച്ച് വരികയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഈ ചട്ടങ്ങൾ മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും വിലയിരുത്തിയാകും മറ്റ് നടപടികൾ. സ്‌കോട്ട്‌ലണ്ടിലും, വെയില്‍സിലും ബോറിസ് പ്രഖ്യാപിച്ച നടപടികള്‍ക്ക് സമാനമായ നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് അവിടുത്തെ ഭരണകൂടങ്ങള്‍ വ്യക്തമാക്കി. നിലവിലെ വേരിയന്റുകളേക്കാള്‍ വ്യാപനശേഷിയുള്ളതാണ് ഒമിക്രോണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ രോഗം ഗുരുതരമാകുമോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം ലോക്ക്ഡൗണ്‍ വീണ്ടും ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദിന്റെ നിലപാട്. ബൂസ്റ്റര്‍ വാക്‌സിനേഷന്റെ ബലത്തില്‍ യുകെ മറ്റൊരു ലോക്ക്ഡൗണിലേക്ക് പോകുന്നത് ഒഴിവാക്കാൻ കഴിയുമെന്നാണ് തെന്റെ വിശ്വാസമെന്ന് ഹെല്‍ത്ത് സെക്രട്ടറി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.