1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2021

സ്വന്തം ലേഖകൻ: മിക്രോണ്‍ ഇന്‍ഫെക്ഷനുകള്‍ക്കൊപ്പം ഡെല്‍റ്റ വകഭേദവും ആഞ്ഞടിച്ചതോടെ ക്രിസ്മസ് ആഘോഷം അനിശ്ചിതത്വത്തില്‍. ഒമിക്രോണ്‍ കേസുകളുടെ തരംഗം എന്‍എച്ച്എസിനെ സമ്മര്‍ദത്തിലാക്കുന്നത് തടയാന്‍ പ്ലാന്‍ ബി പരാജയപ്പെട്ടാല്‍ ജനുവരിയിലേക്ക് പുതിയ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ എംപിമാര്‍ നിര്‍ബന്ധിതമാകുമെന്നാണ് കരുതുന്നത്. ഒമിക്രോണ്‍ തരംഗമാണ് രാജ്യത്ത് ആഞ്ഞടിക്കാന്‍ ഇരിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ക്യാബിനറ്റ് യോഗത്തില്‍ അറിയിച്ചു.

ബ്രിട്ടനിലെ ആശുപത്രികളില്‍ രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റിയും മുന്നറിയിപ്പ് നല്‍കി. പ്രതിദിനം 4000 രോഗികള്‍ക്കെങ്കിലും അടിയന്തര മെഡിക്കല്‍ പരിചരണം വേണ്ടി വരുമെന്നാണ് മോഡലിംഗ് വ്യക്തമാക്കുന്നത്.

ഇതോടെ വാര്‍ഡുകളില്‍ നിന്നും പരമാവധി രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് വിട്ടയയ്ക്കാനാണ് എന്‍എച്ച്എസ് മേധാവികള്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇവരെ കെയര്‍ ഹോം മുതല്‍ ഹോട്ടലിലേക്ക് വരെ വിട്ടയയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 59610 പുതിയ ഡെല്‍റ്റ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. നിലവില്‍ 8000 രോഗികള്‍ ആശുപത്രിയില്‍ ഉണ്ട്. 24 മണിക്കൂറില്‍ 150 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രിയായതിന് ശേഷം ടോറി എംപിമാരുടെ ഏറ്റവും വലിയ വെല്ലുവിളി ഉണ്ടായിട്ടും വാക്‌സിന്‍ പാസ്‌പോര്‍ട്ട് നിയമം ലേബര്‍ പിന്തുണയില്‍ ബോറിസ് ജോണ്‍സനു പാസാക്കാനായി. വാക്‌സിന്‍ പാസ്‌പോര്‍ട്ട് നടപ്പാക്കാനുള്ള നിയമത്തിന് എതിരെ 126 എംപിമാരാണ് വോട്ട് ചെയ്തത്. ഇതില്‍ 99 കണ്‍സര്‍വേറ്റീവ് എംപിമാര്‍ ഉള്‍പ്പെടുന്നു. ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയില്‍ 243 ഭൂരിപക്ഷത്തില്‍ നിയമം പാസായി.

എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ക്ക് 2022 ഏപ്രിലോടെ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ നിയമവും പാര്‍ലമെന്റ് പാസാക്കി. ഇതിന് പുറമെ ഇംഗ്ലണ്ടിലെ കൂടുതല്‍ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കാനും തീരുമാനമായി. വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനെ 61 കണ്‍സര്‍വേറ്റീവ് അംഗങ്ങളാണ് എതിര്‍ത്തത്. ഇതോടെ എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ മേഖലയിലുള്ള ജീവനക്കാര്‍ക്ക് ജോലി ചെയ്യാനുള്ള നിബന്ധനകളില്‍ ഒന്നായി കോവിഡ് വാക്‌സിനേഷന്‍ മാറും.

എന്തായാലും പ്ലാന്‍ ബി പ്രകാരമുള്ള നിയന്ത്രണങ്ങള്‍ സഭയില്‍ വോട്ടിനിട്ടപ്പോള്‍ പ്രധാനമന്ത്രി എംപിമാരുടെ രോഷത്തിന്റെ ചൂടറിഞ്ഞു. രാജ്യത്തെ മഹാമാരിയില്‍ നയിച്ച് കൊണ്ടുപോകാന്‍ കഴിയുമോയെന്ന് പ്രധാനമന്ത്രി സ്വയം വിലയിരുത്തണം എന്നാണു ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.