
സ്വന്തം ലേഖകൻ: കടുത്ത ഓക്സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ കോവിഡ് പ്രതിരോധത്തിനായി 1200 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരിക്കുകയാണ് ബ്രിട്ടന്‍. ബ്രിട്ടന്‍റെ സഹായം സ്വീകരിച്ചതിനൊപ്പം ഓക്സിജന്‍ എത്തിച്ച ഖത്തര്‍ എയര്‍വേയ്സിനും വിദേശകാര്യ മന്ത്രാലയ വക്താവ് നന്ദി അറിയിച്ചു.
ബ്രിട്ടണില്‍ നിന്ന് 1350 ഓക്സിജന്‍ സിലിണ്ടറുകള്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തിച്ചിരുന്നു. പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും അടക്കം നിരവധി സഹായങ്ങള്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും കൂടുതല്‍ സഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
200 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായി ഇന്ത്യയിലേക്ക് പറന്ന പൈലറ്റും ഖൽസ വളണ്ടിയറുമായ ജസ്പാൽ സിങ്ങിനെ ആദരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്തെത്തി. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് ജസ്പാലിന്‍റെ സേവനം വിലമതിക്കാനാവാത്തതെന്ന് അദ്ദേഹത്തിന് അയച്ച കത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
വിർജിൻ അറ്റ്ലാന്‍റികി’ന്റെ പൈലറ്റാണ് ജസ്പാൽ സിങ്. “കോവിഡ് രണ്ടാം തരംഗ വ്യാപനം ഇന്ത്യയിൽ രൂക്ഷമാകുമ്പോൾ രാജ്യത്തിന് വേണ്ടി കഴിയുന്നത് ചെയ്യണമെന്നുണ്ടായിരുന്നു. സഹപ്രവർത്തകരും സുഹൃത്തുക്കളും മറ്റുള്ളവരും വളരെ പെട്ടെന്ന് തന്നെ ഖൽസ എയ്ഡ് ഇന്‍റർനാഷണലിലേക്ക് ഓക്സിജൻ കോണ്‍സെന്‍ട്രേറ്ററുകൾ സംഭാവനയായി നൽകിയത് അത്ഭുതപ്പെടുത്തി. ഇതേതുടർന്ന് വിർജിൻ അറ്റ്ലാന്‍റിക്കുമായി ബന്ധപ്പെട്ടപ്പോൾ അവർ ഇന്ത്യയിലേക്ക് പറക്കാൻ അനുമതിയും നൽകി.“ ജസ്പാൽ വ്യക്തമാക്കി.
അതേസമയം ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,62,727 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 4120 പേര്‍ മരിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല