
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് സർക്കാർ പരസ്യമായി ഇസ്രയേലിന്റെ ഗാസ ആക്രമണത്തെ പിന്തുണയ്ക്കുമ്പോഴും പലസ്തീൻ അനുകൂല നിലപാടുമായി തെരുവിലിറങ്ങാനെത്തിയത് ലക്ഷക്കണക്കിന് ആളുകൾ. ബ്രിട്ടനില വൻനഗരങ്ങളിൽ ഇന്നലെ നടന്ന വിവിധ പലസ്തീൻ അനുകൂല റാലിയിലും ധർണയിലും പങ്കെടുത്തത് ലക്ഷക്കണക്കിന് ആളുകളാണ്. സെൻട്രൽ ലണ്ടനിൽ മാത്രം റാലിയിൽ പങ്കെടുത്തത് 30,000 പേരാണെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്.
എന്നാൽ യഥാർധ സംഖ്യ ഇതിന്റെ പലമടങ്ങാണെന്നാണ് സംഘാടകരുടെ അവകാശവാദം. ലണ്ടൻ ചാരിംങ് ക്രോസ്, സ്കോട്ട്ലൻഡിലെ എഡിൻബറോ, ഗ്ലാസ്ഗോ എന്നിവിടങ്ങളിൽ റാലിയ്ക്കെത്തിയവർ റോഡിൽ കുത്തിയിരുന്ന് ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ലണ്ടനിൽ ധർണയിൽ പങ്കെടുത്ത 11 പേരെയാണ് അറസ്റ്റ് ചെയ്തത്.
ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തത് വിദ്വേഷം പരത്തുന്ന മുദ്രാവാക്യം എഴുതി പ്രദർശിപ്പിച്ചതിനാണ്. നിരോധിത സംഘടനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പോസ്റ്റർ പ്രദർശിപ്പിച്ചതിന് ഇയാൾക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ രണ്ടുപേർക്കെതിരെ പൊലീസ് ഓഫിസർമാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനും കേസുണ്ട്.
ബ്രിട്ടിഷ് നഗരങ്ങളിലെങ്ങും പലസ്തീൻ അനുകൂല റാലിയും ധർണയും.
ലണ്ടനു പുറമേ മാഞ്ചസ്റ്റർ, ബർമിങാം, ബൽഫാസ്റ്റ്, കാഡിഫ്, ലിവർപൂൾ, ലീഡ്സ്, ഗ്ലാസ്ഗോ, എഡിൻബറോ എന്നിവടങ്ങളിലെല്ലാം പതിനായിരങ്ങൾ പങ്കെടുത്ത പലസ്തീൻ അനുകൂല റാലിയാണ് നടന്നത്. യുദ്ധം ആരംഭിച്ചതുമുതൽ എല്ലാ വരാന്ത്യങ്ങളിലും നടക്കുന്ന ഈ പ്രതിഷേധ റാലിയിൽ ആഴ്ചതോറും ആളുകൾ കൂടിവരുന്ന കാഴ്ചയാണുള്ളത്. പലസ്തീൻ സോളിഡാരിറ്റി ക്യാംപെയ്ന്റെ ആഭിമുഖ്യത്തിലാണ് റാലികൾ നടത്തുന്നത്. സെൻട്രൽ ലണ്ടനിലെ ട്രഫാൾഗർ സ്ക്വയറിൽ ഒത്തുചേർന്നായിരുന്നു ഇന്നലെ പ്രതിഷേധക്കാർ നഗരത്തിലൂടെ ജാഥയായി നീങ്ങിയത്.
റിമംബറൻസ് ഡേയുടെ ഭാഗമായുള്ള ആചാരപരമായ പരിപാടികൾ നടക്കുന്ന അടുത്തയാഴ്ച ലണ്ടനിൽ ഇത്തരം പ്രതിഷേധ മാർച്ചുകൾ അനുവദിക്കാനാകില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. അന്നേദിവസം പ്രതിഷേധ മാർച്ച് നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ വ്യക്തമാക്കിക്കഴിഞ്ഞു. പ്രകടനം നടന്നാൽ തന്നെ അത് ചടങ്ങുകളെ ബാധിക്കാതിരിക്കാൻ കനത്ത പൊലീസ് സന്നാഹത്തെ നഗരത്തിൽ വിന്യസിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.
കഴിഞ്ഞ മൂന്നാഴ്ചയായി ലണ്ടനിൽ നടന്ന പല്സ്തീൻ അനുകൂല മാർച്ചിൽ പങ്കെടുത്ത 99 പേർക്കെതിരെയാണ് പൊലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നപടികൾ സ്വീകരിച്ചിട്ടുള്ളത്. റാലിയിൽ ഹമാസ് അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തവർക്കെതിരേയാണ് കേസുകൾ ഏറെയും. പൊലീസിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെയും കേസുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല