1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2023

സ്വന്തം ലേഖകൻ: യുകെയിൽ ഫെബ്രുവരി 2 മുതൽ പുതുക്കിയ പാസ്‌പോർട്ട്‌ അപേക്ഷ ഫീസുകൾ പ്രാബല്യത്തിൽ വരും. അഞ്ചു വർഷത്തിനിടയിൽ ആദ്യമായാണു പാസ്പോർട്ട് അപേക്ഷകൾക്കുള്ള ഫീസ് വർധിക്കുന്നത്. പാർലമെന്റിന്റെ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമായ ശേഷമാണ് നിരക്കുകൾ പ്രഖ്യാപിച്ചത്.

പാസ്പോർട്ട് വിതരണത്തിനും മറ്റുമായി പൊതുനികുതിയിൽ നിന്നുള്ള ഫണ്ടിനെ ആശ്രയിക്കുന്നത് ഒഴിവാക്കി ഫീസ് വർധനവിലൂടെ തുക കണ്ടെത്താനാണു നീക്കം. അതിന്റെ പ്രാഥമിക നടപടി എന്നുള്ള നിലയിലാണ് അപേക്ഷ ഫീസ് വർധനവ് ഏർപ്പെടുത്തിയിരിക്കുന്നത്.

യുകെയിൽ നിന്നുള്ള ഒരു സാധാരണ ഓൺലൈൻ അപേക്ഷയുടെ ഫീസ് മുതിർന്നവർക്ക് 75.50 പൗണ്ടിൽ നിന്നും 82.50 പൗണ്ടായി വർധിക്കും. കുട്ടികൾക്ക് 49 പൗണ്ടിൽ നിന്നും 53.50 പൗണ്ടായി ഉയരും. തപാൽ അപേക്ഷകൾ മുതിർന്നവർക്ക് 85 പൗണ്ടിൽ നിന്ന് 93 പൗണ്ടായും കുട്ടികൾക്ക് 58.50 പൗണ്ടിൽ നിന്ന് 64 പൗണ്ടായും വർധിക്കും.

യുകെ പാസ്‌പോർട്ടിനായി വിദേശത്തു നിന്ന് അപേക്ഷിക്കുമ്പോൾ ഒരു സാധാരണ ഓൺലൈൻ അപേക്ഷയുടെ ഫീസ് മുതിർന്നവർക്ക് 86 പൗണ്ടിൽ നിന്ന് 94 പൗണ്ടായും കുട്ടികൾക്ക് 56 പൗണ്ടിൽ നിന്ന് 61 പൗണ്ടായും ഉയരും. വിദേശ സ്റ്റാൻഡേർഡ് പേപ്പർ അപേക്ഷകൾ നൽകുമ്പോൾ മുതിർന്നവർക്ക് 95.50 പൗണ്ടിൽ നിന്നും 104.50 പൗണ്ടായി വർധിക്കും. കുട്ടികൾക്ക് 65.50 പൗണ്ടിൽ നിന്ന് 71.50 പൗണ്ടായാണ് ഉയരുക.

അപേക്ഷിച്ച് അഞ്ചു ദിവസത്തിനുള്ളിൽ പാസ്പോർട്ട് ലഭിക്കുന്നതിനുള്ള മുൻഗണന സേവന ഫീസ് 500 പൗണ്ടാണ് പ്രത്യേകമായി അടയ്‌ക്കേണ്ടത്. ഇത് എല്ലാ ഉപഭോക്താക്കൾക്കും ഒരേ തുകയായിരിക്കും.

പാസ്‌പോർട്ട് അപേക്ഷകളുടെ ചെലവിൽ നിന്ന് യുകെ ഗവണ്മെന്റ് ഒരു ലാഭവും ഉണ്ടാക്കുന്നില്ലന്നും പാസ്‌പോർട്ട് അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവ്, നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ പാസ്‌പോർട്ടുകൾ ഉൾപ്പെടെയുള്ളവയുടെ പുതുക്കൽ എന്നിവയ്ക്കാണ് ഫീസുകൾ വിനിയോഗിക്കുന്നതെന്നും ഹിസ് മജെസ്റ്റീസ്‌ പാസ്പോർട്ട്‌ ഓഫിസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.