1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2022

സ്വന്തം ലേഖകൻ: യുകെയിലെ വിവിധ പൊതു മേഖലയിലുള്ള ജീവനക്കാര്‍ പിടിച്ചു നില്‍ക്കാനായുള്ള ശമ്പളവര്‍ദ്ധനവ് നേടിയെടുക്കാനുള്ള സമരത്തിലാണ്. ഇതിനിടയില്‍ റെക്കോര്‍ഡ് ശമ്പള വര്‍ദ്ധനവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍എച്ച്എസ് ഡോക്ടര്‍മാരും, ജിപിമാരും സമ്മര്‍ദം ശക്തമാകുന്നത്. 30% വര്‍ദ്ധനവ് തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളുടെ യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 14 വര്‍ഷത്തിനിടെ കുറവ് വന്ന ശമ്പളം വര്‍ദ്ധിപ്പിക്കാനാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വാര്‍ഷിക കോണ്‍ഫറന്‍സില്‍ അംഗങ്ങള്‍ വോട്ട് ചെയ്തത്. റെയില്‍ ജോലിക്കാരുടെ സമരം ചൂണ്ടിക്കാണിച്ചാണ് ഡോക്ടര്‍മാര്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ നീക്കം നടത്തുന്നത്. ഡോക്ടര്‍മാര്‍ക്ക് ജീവിതത്തില്‍ സുഖവും, സന്തോഷവും ലഭിക്കാന്‍ യോഗ്യതയുണ്ടെന്നാണ് ബിഎംഎ റൂളിംഗ് കൗണ്‍സില്‍ അംഗം ഡോ. എമ്മാ റണ്‍സ്വിക്ക് പ്രമേയം അവതരിപ്പിക്കവെ വ്യക്തമാക്കിയത്.

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ശമ്പളം മരവിപ്പിക്കലും, 1% മാത്രമുള്ള വാര്‍ഷിക ശമ്പള വര്‍ദ്ധനവും 2008 മുതല്‍ കാല്‍ശതമാനം കുറവ് വരുത്തിയിട്ടുണ്ടെന്ന് ഫ്രണ്ട്‌ലൈന്‍ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തില്‍ കൂറ്റന്‍ ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയെടുക്കാനാണ് ബിഎംഎ മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തുക. 2008 മുതല്‍ പണപ്പെരുപ്പം മൂലം ഡോക്ടര്‍മാര്‍ക്ക് മില്ല്യണുകള്‍ നഷ്ടം സംഭവിച്ചെന്നാണ് ഇവരുടെ വാദം.

ശമ്പളം പുനഃസ്ഥാപിക്കാന്‍ പിക്കറ്റ് ലൈനുകളില്‍ തങ്ങളും ചേരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സമരത്തിന് ഇറങ്ങാനുള്ള സാധ്യത ഏറെയാണെന്നും ബിഎംഎ കൂട്ടിച്ചേര്‍ത്തു. ബ്രൈറ്റണില്‍ ചേര്‍ന്ന ബിഎംഎ വാര്‍ഷിക യോഗത്തിലാണ് അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ഇതോടെ വര്‍ഷത്തില്‍ 100,000 പൗണ്ട് ശരാശരി നേടുന്ന ജിപിമാര്‍ ഉള്‍പ്പെടെ എല്ലാ ഡോക്ടര്‍മാര്‍ക്കും നിര്‍ബന്ധിത ശമ്പള വര്‍ദ്ധനയ്ക്കായാണ് വാദം ഉയരുക. എന്നാല്‍ യൂണിയനുകളുടെ വര്‍ദ്ധനവ് ആവശ്യങ്ങളെ മന്ത്രിമാര്‍ തള്ളി.

ഇത് ബ്രിട്ടന്റെ പണപ്പെരുപ്പം കുതിച്ചുയരാന്‍ ഇടയാക്കുമെന്ന് ഇവര്‍ വാദിക്കുന്നു. 3 ശതമാനം പരിധിയ്ക്ക് ചുറ്റുവട്ടത്തുള്ള വര്‍ദ്ധനവാണ് പബ്ലിക് സെക്ടര്‍ ജോലിക്കാര്‍ പ്രതീക്ഷിക്കേണ്ടതെന്ന് ട്രഷറി വ്യക്തമാക്കിയിട്ടുണ്ട്. റെയില്‍ ജോലിക്കാരുടെ സമരം കഴിഞ്ഞയാഴ്ച പിന്നിട്ട ശേഷം ഇന്നലെ 15% ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് ക്രിമിനല്‍ നിയമ ബാരിസ്റ്റര്‍മാര്‍ പണിമുടക്ക് നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.