
സ്വന്തം ലേഖകൻ: ബ്രിട്ടണില്‍ ഫൈസര്‍ കൊവിഡ് 19 വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി. മാര്‍ഗരറ്റ് കീനാന്‍ എന്ന തൊണ്ണൂറു വയസ്സുള്ള മുത്തശ്ശിയാണ് പരീക്ഷണ ഘട്ടത്തിനു ശേഷം ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്ന ആള്‍. വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ വ്യക്തിയാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അവര്‍ പറഞ്ഞു.
മധ്യ ഇംഗ്ലണ്ടിലെ കോവന്‍ട്രിയിലുള്ള ഒരു ആശുപത്രിയില്‍ വെച്ചാണ് ചൊവ്വാഴ്ച രാവിലെ 6.31 ന് മാര്‍ഗരറ്റ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു മാര്‍ഗരറ്റിന് തൊണ്ണൂറ് വയസ്സ് പൂര്‍ത്തിയായത്. ആദ്യത്തെ വാക്‌സിന്‍ സ്വീകരിക്കുന്നത് ചിത്രീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ വലിയൊരു സംഘംതന്നെ എത്തിയിരുന്നു.
കൊവിഡിനെതിരായുള്ള വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് വിതരണം ആരംഭിച്ച ആദ്യത്തെ പടിഞ്ഞാറന്‍ രാജ്യമാണ് ബ്രിട്ടണ്‍. ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്ന് വികസപ്പിച്ച് ഉത്പാദിപ്പിക്കുന്ന വാക്‌സിനാണ് ബ്രിട്ടണ്‍ നല്‍കുന്നത്. പൊതുജനങ്ങള്‍ക്കുള്ള വിതരണത്തിനായി ബ്രിട്ടണ്‍ 40 ദശലക്ഷം ഡോസ് വാക്‌സിന്‍ ആണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.
കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ച ബ്രിട്ടനിൽ ആദ്യം കൊവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ഇന്ത്യൻ വംശജനും. വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ നിന്നുള്ള 87കാരനായ ഹരി ശുക്ലയാണ് ഫൈസർ-ബയോൺടെക്ക് വാക്സിൻ സ്വീകരിച്ച ആദ്യ ഇന്ത്യൻ വംശജനായത്. ന്യൂകാസിലിലുള്ള ആശുപത്രിയിൽ വെച്ചാണ് ഹരി ശുക്ല വാക്സിൻ സ്വീകരിച്ചത്.
ഇത് തൻെറ കടമയായി കരുതുന്നുവെന്നാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചതിനുശേഷം പ്രതികരിച്ചത്. ‘ഈ മഹാമാരി അതിൻെറ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന പ്രതീക്ഷ ഏറെ സന്തോഷം നൽകുകയാണ്. വാക്സിൻ സ്വീകരിച്ച് അതിൽ എേൻറതായ പങ്ക് നിർവഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇതെൻറ കടമയായി കരുതുന്നു’- അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചയാണ് ബ്രിട്ടനിൽ കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചത്. ‘ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ്’ എന്നാണ് ഇതിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിശേഷിപ്പിച്ചത്. വാക്സിനേഷൻ സംബന്ധിച്ച സംയുക്ത സമിതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചവരെന്ന് എൻഎച്ച്എസിന് ബോധ്യപ്പെടുന്നവരെയാണ് വാക്സിൻ നൽകുന്നതിന് തെരഞ്ഞെടുത്തിരിക്കുന്നത്. 80 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്.
ഫൈസർ-ബയോണടെക് വാക്സിൻ വിതരണം ആരംഭിച്ച ആദ്യത്തെ രാജ്യമാണ് ബ്രിട്ടൻ. രാജ്യചരിത്രത്തിലെ ഏറ്റവും വലിയതും സങ്കീർണവുമായ വാക്സിനേഷൻ പദ്ധതിയാണിതെന്ന് ഇംഗ്ലണ്ട് ആരോഗ്യ ഡയറക്ടർ പ്രഫ. സ്റ്റെഫാൻ പൊവിസ് പറയുന്നു. സംരക്ഷണകേന്ദ്രങ്ങളിൽ താമസിപ്പിച്ചവർക്കാണ് മുൻഗണന നൽകിയിരിക്കുന്നതെന്നതിനാൽ അവിടേക്ക് വാക്സിൻ കേടുകൂടാതെ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും ആരോഗ്യപ്രവർത്തകർക്ക് കടുത്ത വെല്ലുവിളിയാണ്.
വിതരണത്തിനുള്ള ഫൈസർ-ബയോൺടെക് വാക്സിൻ യു.കെയിലെ വിവിധ ആശുപത്രികളിൽ കടുത്ത ശീതീകരണ സംവിധാനത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാലു തവണ മാത്രം പുറത്തെടുക്കാവുന്നതും അഞ്ചു ദിവസം മാത്രം ശീതീകരണിയിൽ വെക്കാവുന്നതാണ് ഈ വാക്സിൻ. അതിനാൽ വാക്സിൻ പാക്കുകൾ മുൻകൂട്ടി വിഭജനം നടത്തിയാണ് വിതരണം ചെയ്യുന്നതെന്ന് യു.കെ ഔഷധ, ആരോഗ്യപരിപാലന നിയന്ത്രണ സമിതി സി.ഇ.ഒ ഡോ. ജൂൺ റെയ്നെ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല