
സ്വന്തം ലേഖകൻ: യുകെയിൽ “പിങ്ഡെമിക്“ കണക്കുകൾ കുത്തനെ കുറയുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും എൻ എച്ച് എസ് കോവിഡ് ആപ്പിന്റെ ഉപയോക്താക്കൾക്ക് അയച്ച അലേർട്ടുകളുടെ (പിംഗ്) എണ്ണം 20% കുറഞ്ഞതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കോവിഡ് പോസിറ്റീവ് ആകുന്ന ഒരാളുമായി അടുത്ത ബന്ധം പുലർത്തിയവർക്ക് 317,132 അലേർട്ടുകളാണ് ഓഗസ്റ്റ് 4 വരെയുള്ള ആഴ്ചയിൽ ആപ്പ് ഉപയോക്താക്കൾക്ക് അയച്ചത്.
എൻഎച്ച്‌എസ് കോവിഡ് ആപ്പ് കഴിഞ്ഞ തിങ്കളാഴ്ച അപ്‌ഡേറ്റു ചെയ്‌തതിനു ശേഷമാണ് ആശ്വാസകരമായ ഈ മാറ്റം. കോവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിൽ പരമാവധി കുറവ് ആളുകളെ ഉൾക്കൊള്ളിക്കുന്നതാണ് പുതിയ അപ്ഡേറ്റ്. മുമ്പ് രോഗി പോസിറ്റീവ് ആകുന്നതിന് അഞ്ച് ദിവസം പിന്നോട്ട് പോയി സമ്പർക്ക പട്ടിക എടുത്തിരുന്നെങ്കിൽ ഇപ്പോൾ രണ്ട് ദിവസം മുമ്പ് വരെ ബന്ധപ്പെട്ട ആളുകളെ മാത്രമാണ് ഐസോലേഷനായി പിംഗ് ചെയ്യുന്നത്.
ഓഗസ്റ്റ് 16 തിങ്കളാഴ്ച മുതൽ, പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്ത ആളുകൾക്ക് കോവിഡ് പോസിറ്റീവാകുന്ന രോഗിയുമായി അടുത്ത സമ്പർക്കം ഉണ്ടായാലും സെൽഫ് ഐസോലേഷൻ വേണ്ട. എന്നാൽ ഈ മാറ്റം നീട്ടി വക്കണമെന്ന ആവശ്യവും ശക്തമാണ്. കോവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടാകുന്നതിന് കുറഞ്ഞത് 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്ത ആളുകൾക്ക് പുതിയ നിയമങ്ങൾ ബാധകമാകും.
അതിനിടെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും പരീക്ഷകൾ റദ്ദാക്കിയതിന് ശേഷമുള്ള ജിസിഎസ്ഇ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി അധ്യാപകർ നൽകുന്ന ഗ്രേഡുകളുടെ അടിസ്ഥാനത്തിലാണ് വിധി നിർണ്ണയം. ഇക്കുറി ഉയർന്ന ഗ്രേഡുകളിൽ റിക്കോർഡ് വർദ്ധനവുണ്ടാകുമെന്നാണ് റിപ്പോർട്ട്. രാജ്യത്താകമാനമായി അഞ്ചു ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇക്കുറി ജിസിഎസ്ഇ പരീക്ഷാഫലം കാത്തിരിക്കുന്നത്.
ഈ ആഴ്ച ആദ്യം എ -ലെവലിൽ ഉയർന്ന ഗ്രേഡുകളിലെ കുതിച്ചുചാട്ടം ജിസിഎസ്ഇ ഫലത്തിലും പിന്തുടരുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വർഷവും ജിസിഎസ്ഇയിൽ റെക്കോർഡ് വർദ്ധനവാണ് ഉയർന്ന ഗ്രേഡുകളിൽ ഉണ്ടായിരുന്നത്, എന്നാൽ കുറച്ച് പേർക്കെങ്കിലും ലഭിക്കേണ്ടിയിരുന്ന ഗ്രേഡുകൾ ലഭിച്ചില്ലെന്ന പരാതികൾ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ജിസിഎസ്ഇ വിദ്യാർത്ഥികളെ ഈ വർഷം മിനി പരീക്ഷകൾ, മോക്ക് പരീക്ഷകൾ, ഗൃഹപാഠം, കോഴ്സ് വർക്ക് എന്നിവ ഉപയോഗിച്ച് അദ്ധ്യാപകരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇക്കുറി വിധിനിർണ്ണയം നടത്തിയിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് അവരുടെ ഏറ്റവും വലിയ കഴിവ് കാണിക്കാൻ ഒന്നിലധികം അവസരങ്ങളുണ്ടെന്ന് പരീക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സിസ്റ്റം ന്യായമാണെന്നും, ഓരോ സെന്ററിനും അതിന്റെ വിലയിരുത്തൽ നയം അവലോകനം ചെയ്തിട്ടുണ്ടെന്നും “ഗുണനിലവാര ഉറപ്പ്” പ്രക്രിയയിൽ പല സാമ്പിളുകളും പരിശോധിച്ചിട്ടുണ്ടെന്നും എക്സാം വാച്ച്ഡോഗ് ഓഫ്ക്വാൾ പറഞ്ഞു. എന്നാൽ അധ്യാപകർ വിലയിരുത്തിയ ഗ്രേഡുകൾ ശരാശരി കൂടുതലായിരിക്കും, അതിനാൽ തന്നെ ഗ്രേഡുകളിൽ വർദ്ധനവും പ്രകടമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല