
സ്വന്തം ലേഖകൻ: യുകെയിൽ ആൾക്കൂട്ടത്തിന് നേരെ വെടിവെപ്പ്; പ്ലിമത്തിൽ ഒരു കുട്ടിയുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. കീഹാം പ്രദേശത്ത് വ്യാഴാഴ്ച വൈകീട്ട് നടന്ന സംഭവത്തിന് ഭീകര ബന്ധമില്ലെന്നാണ് സൂചന. രണ്ടു വീതം പുരുഷൻമാരും സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അക്രമിയെന്ന് കരുതപ്പെടുന്നയാളുടെ മൃതദേഹവും കണ്ടെടുത്തു.
വെടിവെപ്പിൽ പരിക്കേറ്റ ഒരു സ്ത്രീ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. വെടിവെക്കുന്ന ശബ്ദവും അലർച്ചയും മറ്റും കേട്ട പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ആയുധധാരിയും മരിച്ചവരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ ആഭ്യന്തര മന്ത്രി പ്രീതി പേട്ടൽ മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിച്ചു.
ആക്രമണത്തിന് ആഴ്ചകൾക്കുമുമ്പ് യൂട്യൂബിൽ പ്രത്യക്ഷപ്പെട്ട ചില വീഡിയോകളിൽ ആക്രമിയെന്ന സംശയിക്കപ്പെടുന്ന തോക്കുധാരി സ്വയം “ടെർമിനേറ്റർ” എന്ന് വിശേഷിപ്പിക്കുകയും സ്ത്രീകളോട് കടുത്ത ശത്രുത കാണിക്കുന്ന ഒരു ഓൺലൈൻ ഉപസംസ്കാരത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്.
പ്രൊഫസർ വാഫിൾ എന്ന പേരിൽ വീഡിയോകൾ പോസ്റ്റ് ചെയ്തത് ജെയ്ക്ക് ഡേവിസൺ എന്ന 23 കാരനാണെന്നാന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പല ക്ലിപ്പുകളിലും “ഇൻസെൽസ്” എന്ന് പരാമർശിക്കുന്നത് പങ്കാളികളെ കണ്ടെത്താനും ലൈംഗികമായി സജീവമായിരിക്കുകയും ചെയ്യുന്ന ആളുകളോട് അങ്ങേയറ്റം വൈരാഗ്യം കൊണ്ടുനടക്കുന്ന ഒരു കൂട്ടായ്മയിലെ അംഗമാണ് ജേയ്ക്ക് ഡേവിസണെന്നാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല